പാലക്കാട്: വാളയാറില്‍ വ്യാജമദ്യം കഴിച്ച് അവശനിലയിലായ ഒരാള്‍ക്കൂടി മരിച്ചു. ചെല്ലൻ കാവ് സ്വദേശി മൂർത്തി ആണ് മരിച്ചത്. അവശനിലയിൽ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ നിന്ന് മുങ്ങുകയായിരുന്നു. പിന്നീട് പാലക്കാട് സുൽത്താൻപേട്ടയിൽ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പുതുശ്ശേരി പഞ്ചായത്തിലെ ചെല്ലങ്കാവ് ആദിവാസി കോളനിയിലെ  4 പേരാണ് ഇന്നലെയും ഇന്നുമായി മരിച്ചത്. ചെല്ലൻകാവ് കോളനിയിലെ അയ്യപ്പൻ, ശിവൻ, രാമൻ എന്നിവരാണ് നേരത്തെ മരിച്ച മൂന്നുപേർ.  ഞായറാഴ്ച രാവിലെ അയ്യപ്പനും വൈകീട്ട് രാമനും മരിച്ചിരുന്നു. 

തിങ്കളാച രാവിലെ ശിവനെ മരിച്ച നിലയിൽ കണ്ടതോടെയാണ് മദ്യദുരന്തമെന്ന സംശയം ഉയരുന്നത്. ഇവരെല്ലാം കഴിഞ്ഞ ദിവസം അമിതമായി മദ്യപിച്ചിരുന്നെന്നും ശിവനാണ് മദ്യമെത്തിച്ചതെന്നും  കോളനി നിവാസികൾ പറഞ്ഞു. അടക്കം ചെയ്ത മൃതദേഹങ്ങൾ പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യും. ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം വന്നതിന് ശേഷമേ മരണകാരണം വ്യക്തമാകു. ലഹരിക്ക് വീര്യം കൂട്ടാൻ  സാനിറ്റൈസറോ സ്പിരിറ്റോ ഉപയോഗിച്ചെന്നാണ്  പ്രാഥമിക നിഗമനം.