തൃശ്ശൂര്‍: കൊവിഡ് ബാധിച്ച് സംസ്ഥാനത്ത്  ഒരാള്‍ക്കൂടി മരിച്ചു. തൃശ്ശൂര്‍ മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു ഡിനി ചാക്കോയാണ് മരിച്ചത്. 42 വയസായിരുന്നു. ചാലക്കുടി വി ആർ പുരം സ്വദേശിയാണ് ഡിനി. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി

കൊവിഡ് ചികിത്സയ്ക്കിടെ ന്യൂമോണിയ കൂടി ബാധിച്ച ഡിനിയെ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു. വൃക്കരോഗവും ശ്വാസ തടസവും ഉണ്ടായിരുന്നു. മാലിയില്‍ നിന്നും കൊച്ചിയിലേക്ക് ആദ്യമെത്തിയ കപ്പലിലില്‍ എത്തിയവരില്‍ ഒരാളാണ് ഡിനി. മെയ് 16 നാണ് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്‍റെ ഭാര്യക്കും കുട്ടിക്കും ഭാര്യാമാതാവിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും ഇവരുടെ രോഗം ഭേഭമായി. 

അതേസമയം ഇന്നലെ  തൃശ്ശൂരിൽ   മരിച്ച ഏങ്ങണ്ടിയൂർ സ്വദേശി കുമാരന് കൊവിഡ് ബാധിച്ചിരുന്നോ എന്ന് പൂനയിലെ നാഷണല്‍ വൈറോളജി ലാബിലെ സ്രവപരിശോധനക്ക് ശേഷമേ സ്ഥിരീകരിക്കാനാകൂവെന്ന് ആരോഗ്യ മന്ത്രി കെകെ  ശൈലജ അറിയിച്ചു. മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ കുമാരന്  ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ പുറത്തുവിട്ട പട്ടികയില്‍ ഉണ്ടായിരുന്നില്ല.  പൂനയിലെ പരിശോധനാഫലം കൂടി വന്ന ശേഷമേ സംസ്‍കാര ചടങ്ങുകള്‍ നടത്തു.