തൃശ്ശൂർ: ചാവക്കാട് പുന്നയിൽ കോൺഗ്രസ് നേതാവ് നൗഷാദിനെ കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതി കൂടി കീഴടങ്ങി. എസ്ഡിപിഐ പ്രവർത്തകനും ചെറുതുരുത്തി സ്വദേശിയുമായ അർഷാദ് ആണ് കീഴടങ്ങിയത്. കേസിൽ ഇതുവരെ ഏഴ് പേരാണ് പിടിയിലായിരിക്കുന്നത്.  

നൗഷാദിനെ കൊലപ്പെടുത്തിയ കേസിന്‍റെ അന്വേഷണം ക്രൈംബ്രാഞ്ചും പൊലീസും ഉൾപ്പെട്ട പുതിയ സംഘത്തിന് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്തിനാണ് അന്വേഷണത്തിന്റെ മേൽനോട്ടം. അന്വേഷണം കാര്യക്ഷമമാക്കണം എന്ന നൗഷാദിന്റെ കുടുംബത്തിന്റെ ആവശ്യം കണക്കിലെടുത്താണ് നടപടി. 

ജൂലൈ 31നാണ് കോൺഗ്രസ് പ്രവർത്തകനായ നൗഷാദിനെ ചാവക്കാട്ട് വച്ച് ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ ആകെ 20 പ്രതികളാണുള്ളത്. ഇതില്‍ പുന്ന സ്വദേശി അറയ്ക്കല്‍ ജമാല്‍, വടക്കേക്കാട് സ്വദേശി ഫെബീർ, ഫൈസൽ, മുഹമ്മദ് മുസ്തഫ്, ഫാമിസ് അബൂബക്കർ, മുബീൻ എന്നിവരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.