ലോകത്തിലെ ഏറ്റവും വലിയ ചരക്ക് കപ്പലുകളിലൊന്നായ എംഎസ്‌സി 'തുർക്കി' വിഴിഞ്ഞം തുറമുഖത്ത് എത്തി. സിംഗപ്പൂരിൽ നിന്ന് എത്തിയ കപ്പൽ ചരക്കിറക്കിയ ശേഷം ഘാനയിലേക്ക് പോകും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് അഭിമാന നിമിഷമായി ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലുകളിൽ ഒന്ന് എത്തി. എം എസ് സിയുടെ ഭീമൻ കപ്പലായ 'തുർക്കി'യാണ് വിഴിഞ്ഞത്ത് നങ്കൂരമിട്ടത്. വിഴിഞ്ഞത്ത് എത്തുന്ന 257 -ാമത് കപ്പലാണ് എം എസ് സി തുർക്കി. വിഴിഞ്ഞം തുറമുഖത്ത് എത്തിയ എം എസ് സി 'തുർക്കി'യെ ടഗ്ഗുകൾ തീരത്തേക്ക് അടുപ്പിക്കുകയാണ്. സിംഗപ്പൂരിൽ നിന്നാണ് എം എസ് സി തുർക്കി വിഴിഞ്ഞത്ത് എത്തിയത്. ഇവിടെ ചരക്ക് ഇറക്കിയ ശേഷം ഘാനയിലേക്കാകും പോകുക.

എം എസ് സി തുർക്കി ബർത്തിങ് പൂർത്തിയായി. ഇതോടെ വിഴിഞ്ഞത്തിന് അഭിമാന നേട്ടമാണ് കൈവന്നിരിക്കുന്നത്. ഇന്ത്യൻ തുറമുഖങ്ങളിൽ എത്തിയതിൽ വച്ചേറ്റവും വലിയ കപ്പലാണ് വിഴിഞ്ഞത്ത് ബർത്തിങ് നടത്തിയത്. ഒരു ഇന്ത്യൻ തുറമുഖവും ഇതുവരെ കൈവരിക്കാത്ത നേട്ടം കൂടിയാണ് ഇതിലൂടെ വിഴിഞ്ഞത്തിന് സ്വന്തമായത്.

ചരിത്ര മുഹൂർത്തം: വിഴിഞ്ഞം വിജിഎഫ് കരാർ ഒപ്പിട്ടു; തുറമുഖത്തിൻ്റെ കമ്മീഷനിങ് ഉടൻ; കേന്ദ്രത്തിനെതിരെ മന്ത്രി

വിശദ വിവരങ്ങൾ

ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പലുകളിൽ ഒന്നായ എം എസ് സി തുർക്കിക്ക് വിഴിഞ്ഞത്ത് വൻ വരവേൽപ്പാണ് ലഭിച്ചത്. ഇന്ത്യൻ തുറമുഖങ്ങളിൽ ബർത്ത് ചെയ്തതിൽ വച്ച് ഏറ്റവും വലിയ കപ്പലിനെ വാട്ടർ സല്യൂട്ടോടെയാണ് കേരളം സ്വീകരിച്ചത്. കേരളത്തിന്‍റെ അഭിമാനം വാനോളമുയർത്തിയാണ് എം എസ് സി തുർക്കിയുടെ വരവ്. ലോകത്തെ ഏറ്റവും വലിയ കപ്പൽ കമ്പനിയായ മെഡിറ്റനേറിയൻ ഷിപ്പിംഗ് കമ്പനിയുടെ കൂറ്റൻ കപ്പൽ സീരിസിലെ ആറ് കപ്പലുകളിലൊന്നാണ് തുർക്കി. സിംഗപ്പൂരിൽ നിന്ന് എത്തിയ കപ്പലിനെ തുറമുഖം വരവേറ്റത് വാട്ടർ സല്യൂട്ടോടെയായിരുന്നു. വൈകീട്ട് അഞ്ച് മണിയോടെ തുറമുഖത്ത് ബർത്ത് ചെയ്തു. 2000 ൽ അധികം കണ്ടെയ്നറുകൾ കപ്പൽ വിഴിഞ്ഞത്ത് കൈകാര്യം ചെയ്യും. 1995 മുതൽ ലോകത്തെ എല്ലാ പ്രധാന കപ്പൽ റൂട്ടിലും ചരക്കെത്തിക്കുന്ന വമ്പത്തിയാണ് എം എസ് സി തുർക്കി. പ്രതിവർഷം രണ്ട് ലക്ഷം കണ്ടെനറുകൾ വരെ കൈകാര്യം ചെയ്യുന്ന കപ്പൽ വിഴിഞ്ഞത്ത് അടുക്കുമ്പോൾ ചരിത്രമാണ്. ഇതുവരെ ഒരിന്ത്യൻ തുറമുഖത്തിലും ഇത്ര വലിയ കപ്പലിന് ബർത്ത് ചെയ്യാനായിട്ടില്ല. വിഴിഞ്ഞത്ത് എത്തുന്ന 257 -ാമത്തെ കപ്പലാണ് എം എസ് സി തുർക്കി. നാളെ വൈകീട്ടോടെ കപ്പൽ വിഴിഞ്ഞത്ത് നിന്ന് മടങ്ങും.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം