കള്ളനോട്ടുകളുമായി കൊല്ലം പത്തനാപുരം സ്വദേശിയായ അബ്ദുൽ റഷീദ് പിടിയിലായി. 500 രൂപയുടെ 22 കള്ളനോട്ടുകളാണ് ഇയാളുടെ പക്കൽ നിന്ന് കണ്ടെത്തിയത്.
എറണാകുളം: എറണാകുളം കുറുപ്പുംപടിയിൽ 500 രൂപയുടെ കള്ളനോട്ടുകളുമായി ഒരാൾ പിടിയിലായി. കൊല്ലം പത്തനാപുരം സ്വദേശിയായ അബ്ദുൽ റഷീദ് ആണ് പിടിയിലായത്. കുറുപ്പുംപടിയിലെ കടകളിൽ നോട്ട് മാറാൻ ശ്രമിക്കുമ്പോഴാണ് ഇയാൾ പിടിയിലാകുന്നത്. കൊയമ്പത്തൂരിൽ നിന്നാണ് റഷീദിന് കള്ളനോട്ടുകൾ കിട്ടുന്നതെന്ന് പൊലീസ് പറഞ്ഞു.
കുറുപ്പംപടി പയ്യാൽ ജങ്ഷനിൽ നെടുമങ്ങാട് രജിസ്ട്രേഷനിലുള്ള കാറിലാണ് അബ്ദുൽ റഷീദ് എത്തിയത്. കാറിൽ നിന്നിറങ്ങിയ ഇയാൾ കടകളിൽ കയറിയിറങ്ങി 500 രൂപയുടെ നോട്ടുകൾ നൽകുകയും ചെറിയ വിലയുടെ സാധനങ്ങൾ വാങ്ങുകയും ചെയ്തു. ഇതിൽ സംശയം തോന്നിയ നാട്ടുകാർ പണം വാങ്ങി പരിശോധിച്ചപ്പോൾ നൽകിയതൊക്കെ കള്ളനോട്ടുകളാണെന്ന് മനസ്സിലാക്കുകയായിരുന്നു. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. പൊലീസെത്തി പരിശോധിച്ചപ്പോൾ 500 രൂപയുടെ 22 കള്ള നോട്ടുകളാണ് അബ്ദുൽ റഷീദിന്റെ പക്കൽ നിന്ന് കണ്ടെത്തിയത്.
കോയമ്പത്തൂരിൽ നിന്നാണ് കള്ളനോട്ടുകൾ ലഭിക്കുന്നതെന്ന് അബ്ദുൽ റഷീദ് പൊലീസിനോട് സമ്മതിച്ചു. 10,000 രൂപയുടെ നോട്ടുകൾ നൽകിയാൽ 30,000 രൂപയുടെ കള്ളനോട്ടുകൾ ഇയാൾക്ക് കിട്ടും. കൊല്ലം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ സമാനമായ കേസുകളിൽ ഉൾപ്പെട്ട ആളാണ് റഷീദെന്ന് പൊലീസ് പറയുന്നു. റഷീദിന് കള്ളനോട്ടുകൾ എത്തിക്കുന്ന സംഘത്തെക്കുറിച്ച് ചില സൂചനകൾ ലഭിച്ചിട്ടുണ്ട്.



