Asianet News MalayalamAsianet News Malayalam

കുരങ്ങുപനി; വയനാട്ടില്‍ ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സംസ്ഥാനത്തെ ഈ വര്‍ഷത്തെ ആദ്യത്തെ കുരങ്ങുപനി മരണമാണിത്. വയനാട് ജില്ലയില്‍ 13 പേർക്കാണ് ഈ വർഷം ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 

one person died in wayanad due to monkey fever
Author
Wayanad, First Published Mar 8, 2020, 6:40 PM IST

വയനാട്: വയനാട്ടില്‍ കുരങ്ങുപനി ബാധിച്ച് മദ്ധ്യവയസ്‍ക മരിച്ചു. കാട്ടിക്കുളം നാരങ്ങാകുന്ന് കോളനിയിലെ രാജുവിന്‍റെ ഭാര്യ മീനാക്ഷി ആണ് മരിച്ചത്. പനിയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. സംസ്ഥാനത്തെ ഈ വര്‍ഷത്തെ ആദ്യത്തെ കുരങ്ങുപനി മരണമാണിത്. വയനാട് ജില്ലയില്‍ 13 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. ഇതില്‍ ഒന്‍പതുപേര്‍ ചികിത്സ പൂര്‍ത്തിയാക്കി മടങ്ങി. മൂന്നുപേര്‍ ചികിത്സയില്‍ തുടരുകയാണ്. ഇവർക്കെല്ലാവർക്കും രോഗം ബാധിച്ചത് തിരുനെല്ലി പഞ്ചായത്തില്‍വച്ചാണ്.

വയനാട്ടില്‍ കുരങ്ങുപനിക്കെതിരെ ആരോഗ്യവകുപ്പ് അധികൃതര്‍ അതീവ ജാഗ്രതാ നിർദേശമാണ് നല്‍കുന്നത്. കാടുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും കാടതിർത്തിയില്‍താമസിക്കുന്നവരും കർശന ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. ഹീമോഫൈസാലിസ്‍ വിഭാഗത്തില്‍പെട്ട ചെള്ളുപ്രാണിയാണ് കുരങ്ങുപനി രോഗവാഹകർ. പ്രധാനമായും കുരങ്ങന്‍റെ ശരീരത്തില്‍ ജീവിക്കുന്ന ഈ പ്രാണി കുരങ്ങന്‍ ചാകുന്നതോടെ മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും രോഗം പടർത്തും. 2014 - 15 വർഷം 11 പേരാണ് വയനാട്ടില്‍ മാത്രം രോഗം ബാധിച്ച് മരിച്ചത്. ഇതോടെ രോഗം പടരാതിരിക്കാന്‍ കർശന നടപടികളാണ് ആരോഗ്യവകുപ്പ് സ്വീകരിച്ചുപോരുന്നത്. എന്നിട്ടും കഴിഞ്ഞവർഷം 2 പേർ രോഗം ബാധിച്ചു മരിച്ചു. കാടതിർത്തിയിലുള്ളവർ കർശന ജാഗ്രത പുലർത്തണമെന്നാണ് ആരോഗ്യവകുപ്പധികൃതരുടെ മുന്നറിയിപ്പ്.
 

Follow Us:
Download App:
  • android
  • ios