കോട്ടയം: കൊവിഡ് പശ്ചാത്തലത്തില്‍ കോട്ടയത്ത് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഒരാളുടെ ഫലം കൂടി നെഗറ്റീവ്. നിലവില്‍ അഞ്ചുപേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 1871 പേര്‍ വീടുകളിലായി നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇന്ന് വന്ന 24 സാമ്പിളുകളും നെഗറ്റീവാണ്. ഇനി 36 സാമ്പിളുകളുടെ ഫലമാണ് വരാനുള്ളത്.

അതേസമയം കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വിദേശത്ത് നിന്ന് എത്തിയവർക്ക് ഏർപ്പെടുത്തിയ നിരീക്ഷണ വിലക്ക് പരക്കെ ലംഘിക്കപ്പെടുന്നു. വയനാട്ടിൽ ഇന്ന് മാത്രം നിരീക്ഷണ വിലക്ക് ലംഘിച്ച നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് അമ്പലവയൽ , പുൽപ്പള്ളി സ്വദേശികളായ 2 പേരെയും അറസ്റ്റ് ചെയ്തു.

വിദേശത്ത് നിന്നെത്തിയ രണ്ട് കാരശ്ശേരി സ്വദേശികൾക്കെതിരെ മുക്കം പോലീസ് കേസ് എടുത്തിട്ടുണ്ട്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയവേ, സർക്കാർ നിർദ്ദേശം മറികടന്ന് പൊതുസ്ഥലങ്ങളിലെത്തി എന്നതാണ് കാരണം. ഒരാൾ ജുമുഅ നമസ്കാരത്തിലും പങ്കെടുത്തു. കാരശ്ശേരി പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിലാണ് കേസ്.