Asianet News MalayalamAsianet News Malayalam

'അഴിമതിക്ക് എതിരെ ഒരു വോട്ട്' തദ്ദേശ തെരഞ്ഞെടുപ്പിൽ മുദ്രാവാക്യമല്ലെന്ന് ഹസ്സൻ

കോൺഗ്രസ് രാഷ്ട്രീയകാര്യതീരുമാനം മാത്രമായിരുന്നു അത്. അതിനാലാണ് യുഡിഎഫ് പ്രകടനപത്രികയിലെ മുദ്രാവാക്യം മറ്റൊന്നായതെന്നും ഹസ്സൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

one vote against corruption udf slogan missing from manifesto mm hassan explains
Author
Thiruvananthapuram, First Published Nov 23, 2020, 7:34 PM IST

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിൽ 'അഴിമതിക്കെതിരെ ഒരു വോട്ട്' എന്ന മുദ്രാവാക്യം യുഡിഎഫ് പ്രഖ്യാപിച്ചിരുന്നില്ലെന്ന് കൺവീനർ എം എം ഹസ്സൻ. കോൺഗ്രസ് രാഷ്ട്രീയകാര്യ തീരുമാനമായിരുന്നു അത്. അതിനാലാണ് യുഡിഎഫ് പ്രകടനപത്രികയിലെ മുദ്രാവാക്യം മറ്റൊന്നായതെന്നും ഹസ്സൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അഴിമതിക്കെതിരെ ഒരോട്ടെന്ന സംസ്ഥാനാധ്യക്ഷൻ മുല്ലപ്പള്ളിയുടെ പ്രഖ്യാപനം യുഡിഎഫ് പ്രകടനപത്രികയിൽ ഉണ്ടായിരുന്നില്ല. ഇതിനെതിരെ ഉയർന്ന വിമർശനങ്ങളിലാണ് ഹസ്സന്‍റെ വിശദീകരണം.

'പുനർജനിക്കുന്ന ഗ്രാമങ്ങളും ഉണരുന്ന നഗരങ്ങളും' എന്നതാണ് യുഡിഎഫ് പ്രകടനപത്രികയിലെ മുദ്രാവാക്യം. 

''കെപിസിസിയുടെ രാഷ്ട്രീയകാര്യസമിതി യോഗം ചേർന്നപ്പോഴാണ് ശ്രീമാൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അഴിമതിക്കെതിരായി ഒരു വോട്ട് എന്നതാണ് ജനങ്ങളോട് ചോദിക്കുന്നത് എന്ന് പറഞ്ഞത്. യുഡിഎഫ് അത് ആവർത്തിച്ചു. പ്രകടനപത്രികയിൽ അഴിമതിക്കെതിരായി വോട്ട് ചെയ്യാൻ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നുണ്ട്. പക്ഷേ തദ്ദേശതെരഞ്ഞെടുപ്പിൽ സ്വയംഭരണസ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പായതുകൊണ്ട്, അവിടത്തെ വികസനത്തിനുതകുന്ന കർമ്മപരിപാടികൾക്കാണ് ഊന്നൽ നൽകിയിട്ടുള്ളത്. രണ്ട് എംഎൽഎമാർ അഴിമതിക്കേസിൽ അറസ്റ്റിലായതുകൊണ്ടല്ല ആ മുദ്രാവാക്യം പ്രകടനപത്രികയിൽ നിന്ന് മാറ്റിയത്. അങ്ങനെ ഒരു വാചകം അതിലില്ലെങ്കിലും ആശയം ഉൾക്കൊള്ളിച്ചിട്ടുണ്ട്'', എന്ന് ഹസ്സൻ. 

എന്നാൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞെന്ന പേരിൽ തദ്ദേശതെരഞ്ഞെടുപ്പിലെ മുദ്രാവാക്യമായി കോൺഗ്രസിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലടക്കം ഈ മുദ്രാവാക്യമുണ്ട്. രാഷ്ട്രീയകാര്യസമിതിയോഗത്തിന് ശേഷം ഇതായിരിക്കും തദ്ദേശതെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ ഔദ്യോഗികമുദ്രാവാക്യം എന്ന് മുല്ലപ്പള്ളി പറയുകയും ചെയ്തിരുന്നു. 

മുല്ലപ്പള്ളിയുടെ വാർത്താസമ്മേളനം:

കെപിസിസി രാഷ്ട്രീയകാര്യസമിതി തീരുമാനം തിരുവനന്തപുരത്ത് മുല്ലപ്പള്ളി പ്രഖ്യാപിക്കുമ്പോൾ ഫാഷൻ ഗോൾഡ് അഴിമതിക്കേസിൽ എംഎൽഎ എം സി കമറുദ്ദീൻ കാസർകോട് അറസ്റ്റിലായി. സ്വർണ്ണക്കടത്ത് ആയുധമാക്കാൻ തീരുമാനിച്ച ദിവസം തന്നെ യുഡിഎഫിന് ബൂമറാങ്ങായി ജ്വല്ലറിക്കേസ്. കമറുദ്ദീന്‍റെ അറസ്റ്റ് നേരിടുന്നതിൽ തന്നെ കോൺഗ്രസ്സിൽ ഭിന്നാഭിപ്രായങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് തൽക്കാലം ഇത് തദ്ദേശതെരഞ്ഞെടുപ്പിലെ മുദ്രാവാക്യമല്ലെന്ന് പറഞ്ഞ് എം എം ഹസ്സൻ തടിയൂരുന്നത്. 

Follow Us:
Download App:
  • android
  • ios