കൊച്ചി: ലോക്ഡൗണിലെ സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ നട്ടംതിരിയുന്ന മാതാപിതാക്കൾക്ക് ഓൺലൈൻ പഠനരീതിയുണ്ടാക്കുന്നത് ഇരട്ടി ദുരിതം. ഒന്നിൽകൂടുതൽ കുട്ടികൾ സിബിഎസ്ഇ സ്കൂളുകളിൽ പഠിക്കുന്ന വീടുകളിൽ പഠനാവശ്യത്തിന് പുതിയ ലാപ്ടോപ്പും, ടാബും വാങ്ങേണ്ട അവസ്ഥയാണ്. പകൽസമയത്ത് അച്ഛനമ്മമാരുടെ സാന്നിദ്ധ്യമില്ലാത്ത വീടുകളിൽ ഇതെങ്ങനെ പ്രവർത്തിപ്പിക്കുമെന്നതിലും ആശയക്കുഴപ്പമുണ്ട്.

ഒന്നിലധികം കുട്ടികൾ ഉള്ള വീടുകളിൽ വലിയ പ്രതിസന്ധിയാണ് ഓൺലൈൻ വിദ്യാഭ്യാസം. ചില ദിവസങ്ങളിൽ കുട്ടികൾക്ക് ഒരേ സമയം ഓൺലൈൻ ക്ലാസുകൾ വരും. താത്കാലിക പഠനസൗകര്യത്തിനായി കൂടുതൽ ഗാഡ്ജറ്റുകൾ വാങ്ങുവാൻ നിർ‍ബന്ധിക്കപ്പെടുകയാണ് പലരും. താത്കാലിക സംവിധാനത്തിനാണ് ഈ പാഴ്ചിലവ്. കൂടാതെ ഇന്‍റനെറ്റ് ചിലവ് വേറെയും.

ലോക്ഡൗണിൽ ഇളവുകൾ വന്നതോടെ ജോലിക്കാരായ അച്ഛനമ്മാർക്ക് ഓഫീസുകളിലെത്തണം. കുട്ടികൾ വീടുകളിൽ ഒറ്റക്കാവും. ഇത്തരം വീടുകളിൽ മാതാപിതാക്കളുടെ മേൽനോട്ടമില്ലാതെ എങ്ങനെ ഓൺലൈൻ ക്ലാസുകൾ നടത്തുമെന്നതിനും ആശങ്കയുണ്ട്. സർക്കാർ സിലബസ്സിനേക്കാൾ കഠിനമാണ് സംസ്ഥാനത്തെ സിബിഎസ്ഇ സ്കൂളുകളിൽ ഓൺലൈൻ പഠനം.വിദ്യാഭ്യാസ ചാനൽ വഴി സിബിഎസ്ഈ ക്ലാസുകൾ ലഭ്യമായിട്ടില്ല.പലവിധ ആപ്ലിക്കേഷനുകൾ വഴിയാണ് എല്ലാ ക്ലാസുകളിലെയും പാഠഭാഗങ്ങൾ ലഭ്യമാക്കുന്നത്. എന്നാൽ സ്കൂൾ ഫീസ് അടക്കാൻ തന്നെ ബുദ്ധിമുട്ടുന്ന മാതാപിതാക്കൾക്ക് മക്കളുടെ ഓൺലൈൻ പഠനം നൽകുന്നത് വല്ലിയ വെല്ലുവിളി.