Asianet News MalayalamAsianet News Malayalam

' ഓൺലൈനും സജീവം, മാളും തുറക്കും, 'നമ്മൾ മാത്രം എന്തിന് അടയ്ക്കണം; 'ഫെബ്രുവരി 13ന് കടകൾ തുറക്കും'

ഇത്തരത്തിൽ വ്യാപാരി വിരുദ്ധവും ജനദ്രോഹപരവുമായ സമര പരിപാടികളിൽ നിന്നും ബന്ധപ്പെട്ടവർ പിന്മാറണമെന്ന് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു കൊണ്ട്  ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് എസ് എസ് മനോജ്  ആവശ്യപ്പെട്ടു. 

Online market is active malls also will open Why should we only close shops Shops will open on February 13
Author
First Published Feb 10, 2024, 5:23 PM IST

തിരുവനന്തപുരം: വൻ തകർച്ച നേരിടുന്ന ചെറുകിട ഇടത്തരം റീട്ടെയിൽ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് ഉപഭോക്താക്കളെ അകറ്റി കുത്തക മാളുകളിലേക്കും ഓൺലൈൻ വിപണിയിലേക്ക് പറഞ്ഞു വിടുന്ന കടയടപ്പ് പോലുള്ള പ്രാകൃത സമര രീതിയിൽ പങ്കാളികളാകേണ്ടതില്ലായെന്ന് എന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന നേതൃയോഗം തീരുമാനിച്ചു. ഇത്തരത്തിൽ വ്യാപാരി വിരുദ്ധവും ജനദ്രോഹപരവുമായ സമര പരിപാടികളിൽ നിന്നും ബന്ധപ്പെട്ടവർ പിന്മാറണമെന്ന് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു കൊണ്ട്  ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് എസ് എസ് മനോജ്  ആവശ്യപ്പെട്ടു. 

മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ പോലും ഹർത്താൽ പ്രഖ്യാപനങ്ങളിൽ നിന്നും പിൻവാങ്ങുമ്പോൾ രാഷ്ട്രീയ പ്രേരിതം എന്ന് പരക്കെ ആക്ഷേപമുയർന്ന കടയടപ്പ് സമരം പ്രഖ്യാപിച്ച ഒരു വിഭാഗം വ്യാപാര സംഘടനാ നേതാക്കൾ ചില സ്വാർത്ഥ താൽപര്യങ്ങളുടെ പിടിയിലമർന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ചെറുകിട  ഇടത്തരം വ്യാപാരികൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് വൻകിട കുത്തക മാളുകളും, ഓൺലൈൻ വിപണിയും. എന്നാൽ അത്തരം വിപണികൾ തുറന്നു പ്രവർത്തിക്കുകയും ചെറുകിട വ്യാപാര സ്ഥാപനങ്ങളെ ബലമായി അടപ്പിക്കുവാനും ഉള്ള ശ്രമങ്ങൾ വ്യാപാരികൾ തന്നെ ചെറുത്ത് തോൽപ്പിക്കുകയാണ് വേണ്ടതെന്നും, ഇത്തരം പ്രാകൃത ചിന്താഗതിക്കാരായ നേതാക്കളിൽ നിന്നാണ് വ്യാപാരികൾക്ക് സംരക്ഷണം ലഭിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെ കാലമായി കടയടച്ചിട്ടു കൊണ്ട് നടത്തിയ ഒരു സമരവും വിജയിപ്പിക്കുവാൻ അതു പ്രഖ്യാപിച്ചവർക്ക്  കഴിഞ്ഞിട്ടില്ല. കേരളത്തിലെ ഉപഭോക്താക്കളെ ചെറുകിട ഇടത്തരം വ്യാപാരികളിൽ നിന്നും അകറ്റി നിർത്തുവാൻ ആണ് അത്തരത്തിലുള്ള സമരമാർഗ്ഗങ്ങൾ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു. സമരത്തിൻറെ പേരിൽ സമ്മേളനങ്ങളും സ്വീകരണങ്ങളും ഘോഷയാത്രകളും  നടത്തി വ്യാപാരികളുടെ യഥാർത്ഥ പ്രശ്നങ്ങൾ ചർച്ച ചെയ്യാതെ വ്യാപാരികളെയും സർക്കാരിനെയും തമ്മിൽ  തല്ലിക്കുന്ന നിലപാടാണ് പ്രസ്തുത വിഭാഗം സ്വീകരിച്ചിരിക്കുന്നത്. 

തങ്ങളുടെ സംഘടനാ വിഭാഗത്തിനുള്ളിലെ വിഭാഗീയതയും കോടികളുടെ  സാമ്പത്തിക ക്രമക്കേടുകളും മറ നീക്കി പുറത്താവും എന്ന് ഘട്ടത്തിലാണ് വ്യാപാരികളുടെ വിശ്വാസ മുതലെടുപ്പ് നടത്തി ഇവർ ഇത്തരം പ്രഹസനം ശ്രദ്ധതിരിക്കൽ പരിപാടിയുമായി രംഗത്തെത്തിയത് എന്നും, വ്യാപാരികൾ ജാഗ്രതയോടെ തങ്ങളുടെ നിലപാടെടുക്കണമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.

80 ശതമാനത്തിലധികം വ്യാപാരികളും വാടക കെട്ടിടത്തിലാണ് കച്ചവടം ചെയ്യുന്നത്. കടയടപ്പ് സമരം പ്രഖ്യാപിച്ച സംഘടനാ വിഭാഗം നേതാക്കളിൽ 80 ശതമാനം പേരുടെയും പ്രധാന വരുമാന സ്രോതസ്സ് വ്യാപാരികൾക്ക് നൽകിയ കെട്ടിടങ്ങളുടെ വാടകയാണ്. പതിറ്റാണ്ടുകളായി വ്യാപാരികൾ മുറവിളി കൂട്ടുന്ന വാടക കുടിയാൻ നിയമം പാസാകാതിരിക്കുന്നതിന്റെ പ്രധാന കാരണവും ഇത്തരം നേതാക്കൾ ആണെന്നും അതുകൊണ്ടാണ് 29 ഇനങ്ങളായി ഉന്നയിച്ചിട്ടുള്ള വ്യാപാരികളുടെ ആവശ്യങ്ങളിൽ വാടക കുടിയാൻ നിയമം സൂചിപ്പിക്കാത്തതെന്നും വ്യാപാരികൾ ഇത് തിരിച്ചറിയണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

വൻകിട കോർപ്പറേറ്റ് കുത്തകൾക്കെതിരെ ശബ്ദമുയർത്താത്തതും, ആയത് സമരത്തിന്റെ മുഖ്യവിഷയം ആക്കാതെ പ്രസ്തുത സമരം പ്രഖ്യാപിച്ച സംഘടനാ വിഭാഗം നേതാക്കളുടെ സംശുദ്ധിയെ തീർച്ചയായും സംശയിക്കേണ്ടി വരും. സംഘടനയുടെ പേരിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പുകൾ നടത്തി എൻഫോഴ്സ്മെന്റ് ഡിപ്പാർട്മെന്റ് തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജൻസികളും സംസ്ഥാന പോലീസ്, ക്രൈംബ്രാഞ്ച്,  വിജിലൻസ് തുടങ്ങി സംസ്ഥാന അന്വേഷണ ഏജൻസികളും കൈകാര്യം ചെയ്യുന്ന വിവിധ കേസുകളിലെ പ്രതികൾ ആയിട്ടുള്ള നേതാക്കൾ നടത്തുന്നത് വ്യാപാരികൾക്ക് വേണ്ടിയുള്ള വ്യാപാര സംരക്ഷണ യാത്ര അല്ല എന്നും സ്വയം സംരക്ഷണ യാത്ര ആണെന്നും അദ്ദേഹം പറഞ്ഞു.

വൻ ഓഫര്‍, ടിക്കറ്റ് നിരക്കിനെ കുറിച്ച് ടെൻഷൻ വേണ്ട; ചുരുങ്ങിയ ചെലവിൽ അമേരിക്ക വരെ പോകാം! പാഴാക്കല്ലേ ഈ അവസരം

യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി  എം. നസീർ, സംസ്ഥാന ട്രഷറർ കെ. എം. നാസറുദ്ദീൻ, സംസ്ഥാന നേതാക്കളായ  കരമന മാധവൻകുട്ടി, വി. എൽ. സുരേഷ്,  കെ. പി. ശ്രീധരൻ, ടി. എൻ. മുരളി,  ഷഹാബുദ്ദീൻ ഹാജി, കെ ടി തോമസ്,  വെഞ്ഞാറമൂട് ശശി,  സി. എസ്.  മോഹൻദാസ്, ദുർഗ്ഗാ ഗോപാലകൃഷ്ണൻ, അസീം മീഡിയ,  ടി കെ. മൂസ,  നെട്ടയം മധു,  സുധാകരൻ നടക്കാവ്,  വഹാബ് വണ്ടൂർ തുടങ്ങിയവർ സംസാരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios