നേര്‍ച്ച സദ്യയും പ്രദക്ഷിണവും ഒഴിവാക്കാനാണ് യാക്കോബായ സഭയുടെ ആഹ്വാനം

കോട്ടയം: കൊവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്തെ ക്രൈസ്തവ ദേവാലയങ്ങളിൽ വീണ്ടും ഓൺലൈൻ കുർബാന ആരംഭിച്ചു. ഒരു വര്‍ഷം മുമ്പ് കൊവിഡ് വ്യാപനം രൂക്ഷമായപ്പോള്‍ പള്ളികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് അത് ഘട്ടം ഘട്ടമായി പിൻവലിച്ചു. ഒരിടവേളയ്ക്ക് ശേഷം വീണ്ടും രോഗം വ്യാപിക്കുമ്പോള്‍ സംസ്ഥാനത്തെ ക്രൈസ്തവ ദേവാലയങ്ങള്‍ കൊവിഡ് പ്രോട്ടോക്കോളിലേക്ക് പൂർണമായും മാറുകയാണ്.

കേരളത്തിലെ എല്ലാ ക്രൈസ്തവ സഭകളും കൊവിഡ് മാനദണ്ഡലം പാലിച്ച് ആരാധനച്ചടങ്ങുകള്‍ നടത്താൻ ആഹ്വാനം ചെയ്തിരുന്നു. മാസ്ക് ധരിച്ച് മാത്രമാകും പുരോഹിതൻമാർ എത്തുക. പള്ളിക്കുള്ളില്‍ നിശ്ചിത എണ്ണം വിശ്വാസികള്‍ക്ക് മാത്രമേ പ്രാര്‍ത്ഥന നടത്താൻ അനുവാദമുണ്ടാകു. ബാക്കിയുള്ളവര്‍ക്ക് വീട്ടിലിരുന്ന് ഓണ്‍ലൈനായി കുര്‍ബാന കാണാൻ സൗകര്യമൊരുക്കി കഴിഞ്ഞു ക്രൈസ്തവ ദേവാലയങ്ങൾ.

നേര്‍ച്ച സദ്യയും പ്രദക്ഷിണവും ഒഴിവാക്കാനാണ് യാക്കോബായ സഭയുടെ ആഹ്വാനം. വിവാഹച്ചടങ്ങളുകളില്‍ വൈദികര്‍ സാനിറ്റൈസര്‍ ഉപയോഗിക്കണം. കുമ്പസാരം, രോഗിലേപനം തുടങ്ങിയ ശുശ്രൂഷകള്‍ നടത്തുമ്പോള്‍ വൈദികര്‍ ജാഗ്രത പാലിക്കണമെന്ന് കത്തോലിക്കാ സഭയും നിര്‍ദേശം നല്‍കി. കുര്‍ബാനയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പത്താക്കി ഓര്‍ത്തഡോക്സ് സഭ നിജപ്പെടുത്തിയിട്ടുണ്ട്. മര്‍ത്തോമാസഭയുടെ ആസ്ഥാനമായ തിരുവല്ല പുലാത്തലീൻ ചാപ്പലില്‍ നിന്നും കുര്‍ബാന ഓണ്‍ലൈനായി സംപ്രേക്ഷണം ചെയ്ത് തുടങ്ങുകയും ചെയ്തു.