വീട്ടമ്മയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിന് സിപിഎം നേതാവിനെതിരെ കേസ്. കുമ്പള മുൻ ഏരിയ സെക്രട്ടറി സുധാകരൻ മാസ്റ്റർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്
കാസർകോട്: കാസർകോട് വീട്ടമ്മയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി. സംഭവത്തിൽ സിപിഎം നേതാവിനെതിരെ കേസെടുത്തു. കുമ്പള മുൻ ഏരിയ സെക്രട്ടറി സുധാകരൻ മാസ്റ്റർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. നിലവിൽ ഇയാൾ എൻമകജെ പഞ്ചായത്ത് അംഗമാണ്. 1995 മുതൽ ലൈംഗിക പീഡനം നടത്തിയെന്നാണ് വീട്ടമ്മയുടെ പരാതി. ഡിജിപിയുടെ നിർദേശപ്രകാരം കാസർകോട് വനിതാ പൊലീസാണ് കേസെടുത്തത്.
പ്രായപൂർത്തി ആകാത്ത പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ അടക്കം സുധാകരൻ്റെ ഫോണിൽ കണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും വീട്ടമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സുധാകരനെതിരെ 48 വയസുള്ള വീട്ടമ്മയാണ് പരാതി നൽകിയത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം ഉപേക്ഷിക്കുകയും വിവാഹിതയായതിന് ശേഷവും ഭീഷണിപ്പെടുത്തി ലൈംഗിക അതിക്രമം തുടർന്നു എന്നുമാണ് പരാതി. 1995 മുതൽ പീഡിപ്പിക്കുന്നുവെന്ന് വീട്ടമ്മ പറയുന്നു.
കോൺഗ്രസ് നേതാവ് അബ്ദുൽ ജബ്ബാറിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായിരുന്നു സുധാകരൻ. കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയശേഷം കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം തുടരുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ഡിജിപിക്ക് നൽകിയ പരാതിയിലാണ് കാസർകോട് വനിതാ പൊലീസ് കേസെടുത്തത്. ബലാത്സംഗം, ഭീഷണിപ്പെടുത്തൽ വകുപ്പുകൾ ചുമത്തിയാണ് കേസ്. സ്കൂൾ അധ്യാപകനായ ഇയാൾ പ്രായപൂർത്തിയാക്കാത്ത പെൺകുട്ടികളെ പീഡിപ്പിച്ചതായും വീട്ടമ്മ പറയുന്നു. സുധാകരനെ പാർട്ടിയിൽ നിന്നു സസ്പെൻ്റ് ചെയ്തിട്ടുണ്ട്.



