മുൻ സിപിഎം എംഎൽഎ ഐഷ പോറ്റി കോൺഗ്രസിൽ ചേർന്ന വിഷയത്തിൽ പ്രതികരിച്ച് മേഴ്സിക്കുട്ടിയമ്മ. സ്ഥാനമാനങ്ങളോടുള്ള ആർത്തിയാണ് ഇതിന് പിന്നിലെന്നും ഇത് വർഗ്ഗവഞ്ചനയാണെന്നും മുൻമന്ത്രി മേഴ്സിക്കുട്ടിയമ്മ പ്രതികരിച്ചു. 

തിരുവനന്തപുരം: മുൻ സിപിഎം എംഎൽഎ ഐഷ പോറ്റി കോൺഗ്രസിൽ ചേർന്നതിൽ പ്രതികരണവുമായി മുൻമന്ത്രിയും സിപിഎം നേതാവുമായ മേഴ്സിക്കുട്ടിയമ്മ. ഐഷ പോറ്റിക്ക് പാർട്ടി വിട്ട് പോകാനുള്ള ഒരു സാഹചര്യവുമില്ല. 3 തവണ എംഎൽഎ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അങ്ങനെ എല്ലാ സ്ഥാനങ്ങളും അവർക്ക് പാർട്ടി നൽകി. എല്ലാ മനുഷ്യർക്കും ഒപ്പം നിൽക്കാൻ ആണെങ്കിൽ എങ്ങനെയാണ് യുഡിഎഫിൽ പോകുകയെന്നും അവർ എപ്പോഴാണ് മനുഷ്യർക്ക് ഒപ്പം നിന്നതെന്നും മേഴ്സിക്കുട്ടിയമ്മ ചോദിച്ചു. സ്ഥാനമാനങ്ങൾക്കുള്ള ആർത്തി എങ്ങനെ മനുഷ്യനെ വഷളാക്കും അതാണ് ഐഷ പോറ്റി കാണിച്ചിരിക്കുന്നത്. ഐഷാപോറ്റി വർഗ്ഗവഞ്ചന ചെയ്തിരിക്കുന്നു. ഇതിനെ നേരിടാൻ ജില്ലയിലെ പാർട്ടിക്ക് ആകും. സ്ഥാനമാനങ്ങളിലുള്ള ആർത്തി മനുഷ്യനെ വഷളാക്കും. അതാണ് ഐഷ പോറ്റി കാണിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

യുഡിഎഫ് സഹകരണ ചർച്ചകൾക്കിടെ ഐഷ പോറ്റി കോൺ​ഗ്രസ് വേദിയിലെത്തുകയായിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് സ്വീകരിച്ചത്. സമര വേദിയിൽ വെച്ച് ഐഷ പോറ്റിക്ക് കോൺഗ്രസ് അംഗത്വം നൽകി. കൊട്ടാരക്കരയിൽ യു ഡി എഫ് സ്ഥാനാർഥിയാകുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. പ്രതിപക്ഷ നേതാവുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ധാരണയായത്. തിരുവനന്തപുരത്ത് വെച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. ബാലകൃഷ്ണപിള്ളയെ അട്ടിമറിച്ചാണ് എംഎൽഎ ആയി ഐഷ പോറ്റിയുടെ തുടക്കം. മൂന്ന് തവണ കൊട്ടാരക്കര എംഎൽഎ ആയിരുന്നു. കഴിഞ്ഞ തവണ ഐഷ പോറ്റിക്ക് സിപിഎം സീറ്റ് നിഷേധിച്ചിരുന്നു. അതേസമയം, ഇത് സന്തോഷ നിമിഷമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിൽ വലിയ മാറ്റങ്ങളാണ് നടക്കുന്നതെന്ന് കെസി വേണുഗോപാൽ വ്യക്തമാക്കി.