Asianet News MalayalamAsianet News Malayalam

കൊവിഡ് രോഗമുക്തിയില്‍ നമ്പര്‍ 1 കേരള: ഏഴ് പേര്‍ക്ക് കൂടി രോഗം ഭേദമായി, ആകെ 218; ഇന്ന് ഒരു കൊവിഡ് കേസ് മാത്രം

ഇതുവരെ സംസ്ഥാനത്ത് 387 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 167 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്
only one covid case reported in kerala today
Author
Trivandrum, First Published Apr 15, 2020, 6:11 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്  കൊവിഡ‍് സ്ഥിരീകരിച്ചത് ഒരാള്‍ക്ക് മാത്രം. കണ്ണൂർ സ്വദേശിയായ ഇയാൾക്ക് സമ്പർക്കം മൂലമാണ് രോഗം വന്നത്. ചികിത്സയിലുള്ള ഏഴ് പേർക്ക് ഇന്ന് ഫലം നെഗറ്റീവായി. കാസർകോട്ടെ നാല് പേർക്കും കോഴിക്കോട്ടെ രണ്ട് പേർക്കും കൊല്ലത്തെ ഒരാൾക്കുമാണ് രോഗം ഭേദമായത്. ഇതുവരെ സംസ്ഥാനത്ത് 387 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 167 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.  

രോഗബാധിതരായ 387 പേരില്‍ 266 പേർ വിദേശത്തു നിന്നും അന്യസംസ്ഥാനത്ത് നിന്നും വന്നവരാണ്. എട്ടുപേർ വിദേശികളാണ്. സമ്പർക്കം മൂലം 114 പേർക്ക് രോഗമുണ്ടായി. ആലപ്പുഴ 5 എറണാകുളം 21 ഇടുക്കി 10 കണ്ണൂർ 80 കാസർകോട് 167 കൊല്ലം 9 കോട്ടയം 3 കോഴിക്കോട് 16 മല്പപുറം 21 പാലക്കാട് 8 പത്തനംതിട്ട 17 തിരുവനന്തപുരം 14 തൃശ്ശൂർ 13 വയനാട് 3 - ഇതാണ് വിവിധ ജില്ലകളിൽ ഇതുവരെ സ്ഥിരീകരിച്ച രോഗികളുടെ എണ്ണം. രാജ്യത്തെ ഏറ്റവും കൂടുതൽ രോഗമുക്തി നേടിയവർ കേരളത്തിലാണ്. 213 പേർക്ക് ഇതുവരെ രോഗം മാറി. 97,464 പേർ നിലവിൽ സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ട്. ഇതിൽ 522 പേർ ആശുപത്രികളിലാണ്. ഇന്ന് മാത്രം 86 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 16475 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു.

ലോക്ക് ഡൗണിലെ ഇളവുകളെ കുറിച്ച് നാളെ ക്യാബിനറ്റ് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് ഇളവുകൾ പ്രഖ്യാപിക്കുന്ന കൂട്ടത്തിൽ സംസ്ഥാനങ്ങൾക്കുള്ള സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടില്ല. അതുടനെ ഉണ്ടാവും. സംസ്ഥാനത്ത് സാംപിൾ പരിശോധന നല്ല രീതിയിൽ നടക്കുന്നു. അതുടനെ വർധിപ്പിക്കും. ലോക്ക് ഡൗൺ നിയന്ത്രണങ്ങളും നല്ല രീതിയിൽ പാലിക്കപ്പെടുന്നു. ലോക്ക് ഡൗണിൽ ഇളവ് വന്നാൽ രോ​ഗവ്യാപനം ശക്തിപ്പെടും അതിനാൽ ജാ​ഗ്രത കൂട്ടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

വിദേശ രാജ്യങ്ങളിൽ കൂടുതൽ നിരീക്ഷണകേന്ദ്രങ്ങൾ തുടങ്ങണമെന്ന നമ്മുടെ ആവശ്യത്തിന് മറുപടി ലഭിച്ചു. യുഎഇയിൽ നിരീക്ഷണത്തിലുള്ള പ്രവാസികളെ പാ‍ർപ്പിക്കാൻ കെട്ടിട്ടങ്ങൾ കണ്ടെത്തി തുടങ്ങിയിട്ടുണ്ട്. യുഎഇ ഭരണകൂടവുമായും അവിടുത്തെ അംബാസിഡറുമായും നോ‍ർക്ക നിരന്തരം ബന്ധപ്പെടുന്നുണ്ട്. പ്രവാസി സംഘടനകൾ അടക്കമുള്ളവരോട് പ്രവാസികളെ സ​ഹായിക്കാൻ ഇടപെടണം എന്ന് നേരത്തെ ആവശ്യപ്പെട്ടതാണ്. 

ശിവകാശിയിലെ പടക്കവിപണിക്ക് വേണ്ട അസംസ്‍കൃത വസ്‍തുക്കള്‍ കേരളത്തിൽ നിന്നും തരണമെന്ന് അവിടുത്തെ എംപി ആവശ്യപ്പെട്ടു. ഇതിനു വേണ്ട നടപടി സ്വീകരിക്കാൻ നി‍ർദേശിച്ചിട്ടുണ്ട്. കൂ‍​ർ​ഗിൽ സ്ഥലം പാട്ടത്തിന് എടുത്ത് ഇഞ്ചി കൃഷി ചെയ്യുന്ന മലയാളി കർഷകർ നേരിടുന്ന പ്രശ്നങ്ങൾ കർണാടക സർക്കാരിനെ ധരിപ്പിക്കും. സമൂഹ സന്നദ്ധസംഘടനയിൽ 2.77 ലക്ഷം പേ‍ർ ഇതിനോടകം രജിസ്റ്റ‍ർ ചെയ്തു. 

വിദേശത്തുള്ളവർക്ക് മരുന്നുകൾ കിട്ടാനുള്ള പ്രയാസം നേരത്തെ പരാതിയായി വന്നിരുന്നു. ഇതു കേന്ദ്രീകൃത സംവിധാനത്തിലൂടെ സംഭരിച്ച് വിതരണം ചെയ്യാനുള്ള നടപടി തുടരുന്നു. കേരളത്തിലേക്ക് സി​ഗ്നൽ മെയിൻ്റനന്‍സിനും മറ്റും വരുന്ന ട്രെയിനുകളിൽ അനധികൃതമായി ആളുകൾ വരുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇന്ന് അങ്ങനെ വന്ന മൂന്ന് ജീവനക്കാരെ തിരുവനന്തപുരത്ത് പിടികൂടുകയും ക്വാറൻ്റൈൻ ചെയ്യുകയും ചെയ്തു. ഇക്കാര്യത്തിൽ റെയിൽവേ പൊലീസ് കൂടുതലായി ശ്രദ്ധിക്കണം. 

അംസഘടിത മേഖലയിലെ തൊഴിലാളികൾക്ക് സർക്കാർ പ്രഖ്യാപിച്ച സഹായം ലഭിക്കാൻ ഓൺലൈൻ അപേക്ഷ നൽകാൻ അക്ഷയ കേന്ദ്രങ്ങൾ ഇല്ലാത്തത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. അക്ഷയകേന്ദ്രങ്ങൾ തുറക്കുന്ന കാര്യം പരി​ഗണിച്ച് വരികയാണ്. അണുനാശിനി ടണലുകൾ അശാസ്ത്രീയമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു അവ ഇപ്പോഴും ചിലർ ഉപയോ​ഗിക്കുന്നതായി മനസിലാക്കി. അവരെല്ലാം അതു ഒഴിവാക്കണം. അതേസമയം ശ്രീചിത്രയിലെ വിദ​ഗ്ദ്ധസംഘം വികസിപ്പിച്ചെടുത്ത അണുനാശിനി യന്ത്രം  ശാസ്ത്രീയമാണ്. 

ദില്ലിയിലെ മലയാളി നഴ്സുമാർ പുറത്തു സാധനം വാങ്ങാൻ പോകുമ്പോൾ പലതരം ബഹിഷ്കരണം നേടുന്നതായി പരാതി കിട്ടി. ഇക്കാര്യം ദില്ലി സർക്കാരിനെ അറിയിക്കും. സംസ്ഥാനത്ത് ഖരമാലിന്യ ശേഖരണം സ്തംഭിച്ച അവസ്ഥയാണ്. മാലിന്യ നിർമാർജനത്തിന് ആവശ്യമായ ശക്തമായ നടപടി സ്വീകരിക്കേണ്ടതുണ്ട്. കുടിവെള്ള ക്ഷാമം രൂക്ഷമാകുന്ന ഘട്ടത്തിൽ ശുദ്ധജല സ്ത്രോസുകളിൽ മാലിന്യം നിക്ഷേപിക്കുന്നതായി പരാതിയുണ്ട്. ഇക്കാര്യത്തിൽ കർശന നടപടി സ്വീകരിക്കും. 

കോഴികളെ കൊണ്ടു വരുന്ന ലോറിയിൽ നിന്നും ചത്ത കോഴികളെ കായലിലേക്ക് വലിച്ചെറിയുന്നതായുള്ള വാർത്ത ശ്രദ്ധയിൽപ്പെട്ടു. ഇക്കാര്യം ബന്ധപ്പെട്ട വകുപ്പുകളും തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളും ​ഗൗരവമായി കാണണം. ജനങ്ങളും ഇക്കാര്യത്തിൽ ജാ​ഗ്രത പാലിക്കണം. ചെക്ക് പോസ്റ്റ് വഴി വരുന്നവരെ എല്ലായിടത്തും പരിശോധിക്കും. എന്നാൽ ചില ​ഗൗരവകരമായ പരിശോധന ഇല്ലെന്ന് പരാതിയുണ്ട്. ഇക്കാര്യം പരിശോധിക്കും. 

റോഡുകളിൽ അലഞ്ഞു തിരിയുന്നവരേയും ഭിക്ഷാടകരേയും ചിലയിടത്ത് താമസിപ്പിക്കാനുള്ള നടപടി തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ ചിലയിടത്ത് അവർ പുറത്തിറങ്ങി നടക്കുന്നുണ്ട്. ഒന്നിച്ചു താമസിക്കുപ്പോൾ മാനസിക പ്രശ്നങ്ങളുള്ളവരെ മാറ്റിപാർപ്പിക്കണം.

അഭയകേന്ദ്രങ്ങളിൽ ഭക്ഷണം മാത്രം നൽകിയാൽ പോരാ സോപ്പും ശുചിത്വവും ഉറപ്പാക്കാനുള്ള മറ്റ് സൗകര്യങ്ങളും നൽകും. കൊവിഡ് 19 വ്യാപനം തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് എല്ലായിടത്തുമായി 21 ക്യാൻസർ ചികിത്സാ കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. രോ​ഗപ്രതിരോധശേഷി കുറഞ്ഞവരാണ് ക്യാൻസർ രോ​ഗികൾ. അവർക്ക് രോ​ഗം ബാധിച്ചാൽ പെട്ടെന്ന് സ്ഥിതി ​ഗുരുതരമാകും. അതിനാലാണ് അവരെ അധികം യാത്ര ചെയ്യിക്കാതെ തൊട്ടടുത്ത സ്ഥലങ്ങളിൽ ചികിത്സൗ സൗകര്യം ഒരുക്കുന്നത്. 

സംസ്ഥാനത്തെ സ്വകാര്യബസുകളുടെ സ്റ്റേജ് ക്യാരേജ് നികുതി കൊടുക്കേണ്ട തീയതി രണ്ടു വട്ടം നീട്ടികൊടുത്തു. അവസാന തീയതി നാളെയാണ്. ഇതു ഏപ്രിൽ 30 വരെ നീട്ടി. ഡ്രൈംവി​ഗ് ലൈസൻസിനുള്ള ലേണിം​ഗ് എടുത്ത പലരുടേയും ആറ് മാസത്തെ കാലാവധി തീരുന്നവരുണ്ട്. ഈ കാലാവധി ​ഗതാ​ഗതവകുപ്പ് പുനക്രമീകരിക്കും. 

ദക്ഷിണകേരള ജംമയ്തതുൾ ഉലമയുടെ കേരളത്തിലുള്ള മദ്രസകൾ, ഹോസ്റ്റലുകൾ, ആരാധനാലയങ്ങൾ എന്നിവ കൊവിഡ് പ്രതിരോധത്തിനായി വിട്ടു നൽകാം എന്നറിയിച്ചിട്ടുണ്ട്. മുസ്ലീം അസോസിയേഷന് കീഴിലുള്ള തിരുവനന്തപുരത്തെ സ്ഥാപനങ്ങൾ ക്വാറൻ്റൈൻ ആവശ്യത്തിന് വിട്ടു നൽകും. മലപ്പുറം കാളികാവ് സഫ ആശുപത്രിയും വിട്ടു നൽകാം എന്നറിയിച്ചിട്ടുണ്ട്. ആരോ​ഗ്യപ്രവർത്തകർക്ക് വിഷുസമ്മാനമായി 500 പിപിഇ കിറ്റുകൾ നൽകിയിട്ടുണ്ട്. 1340 ചാക്ക് അരിയും വിഷു സദ്യയ്ക്കായി ഡിവൈഎഫ്ഐ സംഭാവന നൽകി. ദുരിതാശ്വാസനിധിയിലേക്കുള്ള ആദ്യ​ഗഡുവായി അദാനി പോ‍ർട്ട് അഞ്ച് കോടി നൽകി.
Follow Us:
Download App:
  • android
  • ios