പത്തനംതിട്ട: ജില്ലയിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി രോഗ മുക്തി നേടി. വിദേശത്ത് നിന്ന് എത്തിയ അയിരൂർ സ്വദേശി പ്രണവാണ് രോഗമുക്തി നേടിയത്. 

17 പേരാണ് ഇത് വരെ ജില്ലയിൽ രോഗം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്നത്. ഇതിൽ 15 പേരും ആശുപത്രി വിട്ടു. അതേ സമയം രോഗ ലക്ഷണങ്ങളോടെ 7 പേർ ആശുപത്രിയിൽ ചികിത്സയിലുണ്ട്. കൂടാതെ രോഗം സ്ഥിരീകരിച്ചവരുടെ കോണ്ടാക്ടിൽ ഉൾപ്പെട്ടവരും വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരും അടക്കം 222 പേർ വീടുകളിലും നിരീക്ഷണത്തിലുണ്ട്.

ചൈനയിൽ നിന്നും വന്ന മൂന്ന് മെഡിക്കൽ വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതാണ് കേരളത്തിലെ ആദ്യത്തെ കൊവിഡ് കേസെങ്കിലും. വൈറസിൻ്റെ വ്യാപക വ്യാപനം തുടങ്ങിയത് പത്തനംതിട്ടയിലാണ്. കേന്ദ്രസർക്കാർ ആദ്യം പുറത്തു വിട്ട അതിതീവ്രവൈറസ് ബാധിത മേഖലകളിൽ പത്തനംതിട്ടയും ഉണ്ടായിരുന്നെങ്കിലും അതിശക്തമായ പ്രതിരോധപ്രവർത്തനങ്ങളുടെ ഫലത്തിൽ ജില്ല കൊവിഡിനെ അതിജീവിക്കുകയായിരുന്നു. 

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ദിവസം ചികിത്സയിലുണ്ടായിരുന്ന കൊവിഡ് രോ​ഗിയും പത്തനംതിട്ടയിലായിരുന്നു. ഒരു മാസത്തിലേറെ കൊവിഡ‍് പൊസീറ്റീവായി തുടർന്ന ഇവർ കഴിഞ്ഞ ആഴ്ചയാണ് ആശുപത്രി വിട്ടത്.