ആലപ്പുഴ: ബിഡിജെഎസിലെ അഭ്യന്തര കലാപത്തില്‍ നിലപാട് വ്യക്തമാക്കി കേന്ദ്രമന്ത്രി വി.മുരളീധരന്‍. ബിഡിജെഎസിന്‍റെ നേതൃത്വം സംബന്ധിച്ച് എന്‍ഡിഎ മുന്നണിയില്‍ യാതൊരു സംശയവുമില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി നയിക്കുന്ന പാര്‍ട്ടിയാണ് ബിഡിജെഎസ് എന്നും അവര്‍ തന്നെയാണ് എന്‍ഡിഎയുടെ ഘടകക്ഷിയെന്നും വി.മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. 

ബിഡിജെഎസിൽ ത‍ർക്കങ്ങൾ നിലനിൽക്കെ ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ പിന്തുണ നേടാൻ തുഷാർ വെള്ളാപ്പള്ളി - സുഭാഷ് വാസു പക്ഷങ്ങൾ മത്സരിക്കുന്നതിനിടെയാണ് ബിജെപി നിലപാട് വ്യക്തമാക്കിയത്. നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും തുഷാര്‍ വെള്ളാപ്പള്ളി നയിക്കുന്ന ബിഡിജെഎസാണ് തങ്ങളുടെ സഖ്യകക്ഷിയെന്ന് വ്യക്തമാക്കിയിരുന്നു.

 ബുധനാഴ്ച കേരളത്തിലെത്തുന്ന അമിത് ഷായെ നേരിൽ കണ്ട് സുഭാഷ് വാസുവിനെ തള്ളിപ്പറയിക്കുകയാണ് തുഷാർ പക്ഷത്തിന്‍റെ ലക്ഷ്യം. അതേസമയം, ദില്ലിയിൽ ക്യാമ്പ് ചെയ്ത് ബിജെപി നേതൃത്വത്തിന്‍റെ പിന്തുണ നേടാനുള്ള ശ്രമത്തിലാണ് സുഭാഷ് വാസു. ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ പിന്തുണ തനിക്കുണ്ടെന്നാണ്, വിമതനീക്കത്തിനിറങ്ങിയ സുഭാഷ് വാസു തുടക്കംമുതൽ അവകാശപ്പെടുന്നത്. എന്നാൽ സുഭാഷ് വാസുവിനെ ദില്ലയിൽ ആർക്കും അറിയില്ലെന്ന് തുഷാർ വെള്ളാപ്പള്ളി പറയുന്നു. സ്പൈസസ് ബോർഡ് അധ്യക്ഷ സ്ഥാനത്ത് നിന്ന് അടക്കം, സുഭാഷ് വാസുവിനെ ഉടൻ നീക്കണമെന്ന് അമിത് ഷായെ നേരിൽകണ്ട് ആവശ്യപ്പെടാനാണ് തുഷാറിന്‍റെ തീരുമാനം. 

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പരസ്യപിന്തുണ പ്രഖ്യാപിച്ചതാണ് തുഷാർ പക്ഷത്തിന്‍റെ പിടിവള്ളി. അതേസമയം, ടി.പി. സെൻകുമാറടക്കം എൻഡിഎ നേതാക്കൾ സുഭാഷ് വാസുവിന് പിന്നിൽ ഉറച്ച് നിൽക്കുന്നു. കുട്ടനാട്ടിലെ എൻഡിഎ സ്ഥാനാർഥിയെ പറ്റിയുള്ള നിർണയ ചർച്ചകളും വരും ദിവസങ്ങളിൽ തുടങ്ങും. ഈ സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് മുന്നണിയില്‍ ആധിപത്യം സ്ഥാപിക്കാനാവും തുഷാര്‍- സുഭാഷ് വാസു വിഭാഗങ്ങളുടെ നീക്കം.