തിരുവനന്തപുരം: കൊവിഡിനെതിരായ കേരളത്തിൻ്റെ പോരാട്ടത്തിന് ആവേശം നൽകി ഇന്നത്തെ കണക്കുകൾ. സംസ്ഥാനത്ത് ഇന്ന് ആകെ രണ്ട് പേർക്ക് മാത്രമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. അതേസമയം കേരളത്തിനാകെ അഭിമാനിക്കാനും ആഹ്ളാദിക്കാനും വഴിയൊരുക്കി നിലവിൽ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന 36 പേരുടെ ഫലം ഇന്ന് നെഗറ്റീവായി. ഇതോടെ സംസ്ഥാനത്ത് നിലവിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 200-ന് താഴേക്ക് വന്നു. 

കണ്ണൂർ, പത്തനംതിട്ട സ്വദേശികളായ രണ്ട് പേർക്കാണ് ഇന്ന് പുതുതായി കൊവിഡ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂർ സ്വദേശി ദുബായിൽ നിന്നും പത്തനംതിട്ട സ്വദേശി ഷാർജയിൽ നിന്നുമാണ് വന്നിരിക്കുന്നത്. 

കാസര്‍ഗോഡ് ജില്ലയിലെ 28 പേരുടേയും (കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന 2 പേരടക്കം) മലപ്പുറം ജില്ലയിലെ 6 പേരുടേയും കോഴിക്കോട്, ഇടുക്കി ജില്ലകളിലെ ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്. ഇതോടെ സംസ്ഥാനത്ത് നിലവിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 194 ആയി. 179 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയതെന്നും ആരോഗ്യമന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. 

കഴിഞ്ഞ ഒരാഴ്ചയിൽ 62  പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 123 പേർ രോഗമുക്തി നേടി. രോഗം ബാധിക്കുന്നവരുടെ ഇരട്ടിയാളുകൾ രോഗത്തിൽ നിന്നും മുക്തി നേടുന്ന അവസ്ഥ കൊവിഡിനെതിരായ പോരാട്ടം ശരിയായ ദിശയിലാണെന്ന സൂചനയാണ് നൽകുന്നതെന്ന് ആരോഗ്യവിദഗ്ദ്ധർ വിലയിരുത്തുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 6549 പേരെ കൊവിഡ് നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

സമ്പർക്കത്തിലൂടെയാണ് കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ കൂടുതൽ പേർക്ക് രോഗം ബാധിച്ചത്. എന്നാൽ ഇന്ന് രോഗം സ്ഥിരീകരിച്ച രണ്ട് പേരും വിദേശത്തു നിന്നും നേരിട്ട് വന്നവരാണ്. മാർച്ച് 22-നാണ് കേരളത്തിൽ ലോക്ക് ഡൌണ് നടപ്പാക്കിയത്. മാർച്ച് 25,26 തീയതികളിലായി എയർപോർട്ടുകളും അടച്ചു.

പുതിയ കേസുകൾ രണ്ട് പേരിലൊതുങ്ങിയത് ശുഭകരമായ വാർത്തയാണ്. ഈ രോഗവ്യാപനം ഈ നിലയിൽ വരും ദിവസങ്ങളിലും കുറയുകയും അവസാനിക്കുകയും ചെയ്യുമെന്ന പ്രതീക്ഷയാണ് ആരോഗ്യ പ്രവർത്തകർ പങ്കുവയ്ക്കുന്നത്. കൊവിഡിനെതിരായ പോരാട്ടത്തിൽ ഈ രണ്ട് ആഴ്ച അതീവ നിർണായകമാണെന്ന് നേരത്തെ മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു. 

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,16,941 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,16,125 പേര്‍ വീടുകളിലും 816 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 176 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 14,989 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 13,802 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

കാസർകോടും കണ്ണൂരും ഒഴിച്ച് സംസ്ഥാനത്തെ ഭൂരിപക്ഷം ജില്ലകളിലും വളരെ കുറച്ചു പേർ മാത്രമേ ഇനി കൊവിഡ് രോഗത്തിന് ആശുപത്രിയിൽ ചികിത്സയിലുള്ളൂ. കോട്ടയം ജില്ലയിൽ നിലവിൽ കൊവിഡ് രോഗികളില്ല. വയനാട്ടിലും ഇടുക്കിയിലും ഒരോ ആളുകൾ വീതം ചികിത്സയിലുണ്ട്. പാലക്കാടും ആലപ്പുഴയിലും മൂന്ന് പേരാണുള്ളത്. തിരുവനന്തപുരത്ത് രണ്ട് പേരും തൃശ്ശൂരിൽ അഞ്ച് പേരും ചികിത്സയിലുണ്ട്. കാസർകോട് - 133, കണ്ണൂർ -34 എന്നിവിടങ്ങളിലാണ് കൂടുതൽ രോഗികളുള്ളത്. ഇന്നലെ വരെ 13 പേർ ചികിത്സയിലുണ്ടായിരുന്ന മലപ്പുറത്ത് ഇന്ന് ആറ് പേർക്ക് രോഗമുക്തി ലഭിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം ഏഴായി ചുരുങ്ങി.