കാസ‍ർകോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി യുഡിഎഫിന് യാതൊരു സഖ്യധാരണയുമില്ലെന്ന് ഉമ്മൻ ചാണ്ടി. വെൽഫെയർ പാർട്ടിയുമായുള്ള ബന്ധത്തിൽ പാർട്ടിയിലോ മുന്നണിയിലോ യാതൊരു ആശയക്കുഴപ്പമില്ല. മുന്നണിയുടെ ഭാഗമായി ഘടകക്ഷികളുമായി മാത്രമാണ് ധാരണയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

ഉമ്മൻ ചാണ്ടിയുടെ വാക്കുകൾ - 

തദ്ദേശ സ്ഥാപനങ്ങളോട് ഇടതുമുന്നണി കടുത്ത അവഗണനയാണ് കഴിഞ്ഞ അഞ്ച് വർഷം കാണിച്ചിട്ടുള്ളത്. ഫണ്ട് വെട്ടിക്കുറച്ചു. പ്രളയവും കൊവിഡും വന്നപ്പോൾ എല്ലാം ചെയ്ത് തീർക്കാനുള്ള നിർദ്ദേശം മാത്രമാണ് സർക്കാർ ചെയ്തത്. സർക്കാർ ചെയ്യേണ്ട സാമ്പത്തിക സഹായവും നൽകിയിട്ടില്ല. പദ്ധതി ചെലവ് പോലും നാൽപത് ശതമാനത്തിൽ താഴെയാണ്.
 
തെരഞ്ഞെടുപ്പിൽ മറ്റ് രാഷ്ട്രീയ പ്രശ്നങ്ങളും സ്വാഭാവികമായും ചർച്ച ചെയ്യപ്പെടും. കേന്ദ്ര സമീപനവും തെരഞ്ഞെടുപ്പ് ചർച്ചയാകുംയ  കർഷക നിയമം കർഷകർക്ക് വേണ്ടിയുള്ളതാണെന്ന് കർഷകരെ ധരിപ്പിക്കാൻ പോലും കേന്ദ്ര സർക്കാരിന് കഴിഞ്ഞിട്ടില്ല.

തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി യൊതൊരു ധാരണയും ഇല്ല. വെൽഫെയർ പാർട്ടിയുമായുള്ള ബന്ധത്തിൽ കോൺഗ്രസിനത്തോ മുന്നണിക്ക് അകത്തോ ഒരു ആശയക്കുഴപ്പവും ഇല്ല. ധാരണ മുന്നണി ഘടകകക്ഷികളുമായി മാത്രം മതിയെന്നാണ് യുഡിഎഫ് തീരുമാനം.  അതനുസരിച്ച് തന്നെയാണ് മുന്നോട്ട് പോകുന്നത്. കോൺ​ഗ്രസിലോ മുന്നണിയിലോ യാതൊരു ആശയക്കുഴപ്പവും ഇല്ല.