തിരുവനന്തപുരം: നിയമവും ചട്ടവും നോക്കാതെ ഏകപക്ഷീയമായി പ്രവര്‍ത്തിക്കുന്ന പിണറായി സര്‍ക്കാരിന് കോടതിയില്‍ നിന്നേറ്റ തുടര്‍ച്ചയായ രണ്ടാമത്തെ പ്രഹരമാണ് ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള തീരുമാനത്തിനെതിരേ  കോടതിയില്‍ നിന്ന് ഉണ്ടായതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ പിന്തുണയാണ് സര്‍ക്കാരിനു യുഡിഎഫ് നല്കിയത്. എന്നാല്‍ ആരെയും വിശ്വാസത്തിലെടുക്കാതെ,   അധികാരമുള്ളപ്പോള്‍ എന്തുമാകാമെന്ന സമീപനത്തോടെ സര്‍ക്കാര്‍ മുന്നോട്ടുപോകുയാണു ചെയ്യുന്നത്. ജനാധിപത്യ മര്യാദകള്‍ പാലിക്കാന്‍ സര്‍ക്കാര്‍ ഇനിയെങ്കിലും തയാറാകണം.

ആരോഗ്യപ്രവര്‍ത്തകര്‍, പോലീസുകാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ജീവനക്കാരും കൊവിഡ് 19നെതിരായ പോരാട്ടത്തില്‍ ശക്തമായ പിന്തുണയാണ് നല്കുന്നതെന്ന് മറക്കരുതെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

പ്രത്യേക ഉത്തരവിലൂടെ ആറ് ദിവസത്തെ ശമ്പളം പിടിച്ചുവെക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ഉത്തരവ് അനുവദിക്കാനാകില്ലെന്നായിരുന്നു കേരള ഹൈക്കോടതി സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവ്. സർക്കാർ ഉത്തരവ് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി, ഉത്തരവ് രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തത്.

എല്ലാവരുടെയും പിന്തുണ സർക്കാരിന് വേണ്ട അസാധാരണമായ സാഹചര്യമാണ് ഇപ്പോഴത്തേതെന്ന് ഹൈക്കോടതി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം പരക്കെ അംഗീകരിക്കപ്പെട്ടതാണ്. എന്നാൽ ശമ്പളം അവകാശമാണ്. ഇതൊരു നിയമപ്രശ്നമാണെന്നും അതിനെ നിയമപരമായി മാത്രമേ കാണാനാവൂ എന്നും കോടതി പറഞ്ഞിരുന്നു.

സർക്കാർ ഉത്തരവിൽ അവ്യക്തതയുണ്ടെന്ന് പറഞ്ഞ കോടതി, ജീവനക്കാരുടെ വേതനത്തിൽ നിന്ന് മാറ്റിവയ്ക്കുന്ന തുക എന്തിന് വേണ്ടിയാണ് ഉപയോഗിക്കുകയെന്ന് പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്നു. സാമ്പത്തിക പ്രതിസന്ധി എന്ന് മാത്രമാണ് പറഞ്ഞിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി എന്ന പേരു പറഞ്ഞ് ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് അംഗീകരിക്കാനാകില്ല. അതിനാൽ ഉത്തരവ് രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്യുകയാണെന്നും കോടതി അറിയിച്ചു.