Asianet News MalayalamAsianet News Malayalam

കിഫ്ബി; യുഡിഎഫിനെ ചാരി ഐസക്കിന് രക്ഷപ്പെടാനാകില്ലെന്ന് ഉമ്മന്‍ ചാണ്ടി

കിട്ടുന്നിടത്തുനിന്നൊക്കെ വാങ്ങിക്കൂട്ടി കൊച്ചു കേരളം ഇപ്പോള്‍ വലിയ കടത്തിലാണ്.   ഈ സര്‍ക്കാര്‍ അധികാരമൊഴിയുമ്പോഴേക്കും കടം മൂന്നു ലക്ഷം കോടി കവിയുമെന്ന് ഉമ്മന്‍ ചാണ്ടി.

oommen chandy against thomas isaac
Author
Thiruvananthapuram, First Published Nov 16, 2020, 5:44 PM IST

തിരുവനന്തപുരം: കിഫ്ബിയില്‍ നടക്കുന്ന ഭരണഘടനാ വിരുദ്ധമായ കാര്യങ്ങള്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ നടപടികളുമായി കൂട്ടിക്കെട്ടി രക്ഷപ്പെടാനുള്ള ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ തന്ത്രം വിലപ്പോകില്ലെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2002ല്‍ 10 കോടിയും 2003ല്‍ 505 കോടിയും രൂപയുമാണ് വന്‍കിട പദ്ധതികള്‍ക്ക്  കടമെടുത്തത്. രാജ്യത്തിനകത്തു നിന്നാണ് ഈ തുക സമാഹരിച്ചത്.  2008ല്‍ തിരിച്ചടവ് പൂര്‍ത്തിയായെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

എന്നാല്‍ ഇടതുസര്‍ക്കാര്‍ ഭരണഘടനയുടെ 293(1) അനുച്ഛേദം ലംഘിച്ച് 2150 കോടി രൂപയുടെ മസാല ബോണ്ട് 9.773 ശതമാനം പലിശ നിരക്കില്‍  വിദേശത്തു വിറ്റു. 5 വര്‍ഷ കാലാവധി കഴിയുമ്പോള്‍ 3195.23 കോടി രൂപ തിരിച്ചടക്കണം. യുഡിഎഫ് സര്‍ക്കാര്‍ സമാഹരിച്ച തുക ട്രഷറിയില്‍ അടച്ചപ്പോള്‍  ഇടതുസര്‍ക്കാര്‍ തുക സ്വകാര്യബാങ്കില്‍ നിക്ഷേപിച്ചു. അതു വിവാദമായപ്പോഴാണ് പൊതുമേഖലാ ബാങ്കിലേക്കു മാറ്റിയത്.  

60,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതി നല്കിയപ്പോള്‍, കിഫ്ബിയിലുള്ളത് 15,315 കോടി രൂപയാണ്. നാലര വര്‍ഷം ശ്രമിച്ചിട്ട് കിട്ടിയ തുകയാണിത്. ഈ നിരക്കില്‍ 60,000 കോടി സമാഹരിക്കാന്‍ 20 വര്‍ഷമെങ്കിലും വേണ്ടി വരും. പണമില്ലെങ്കിലും പദ്ധതികള്‍ തുടര്‍ച്ചയായി പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നു.

കിഫ്ബിയില്‍ നിന്ന്  വലിയൊരു തുക സര്‍ക്കാരിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവാക്കുന്നു. പിആര്‍ഡിയെ മറികടന്ന് കിഫ്ബിയാണ് ഇപ്പോള്‍ പ്രധാനമായും സര്‍ക്കാരിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നത്. വന്‍കിട പദ്ധതികള്‍ക്ക് ചെലവാക്കേണ്ട തുകയാണിത്. കിട്ടുന്നിടത്തുനിന്നൊക്കെ വാങ്ങിക്കൂട്ടി കൊച്ചു കേരളം ഇപ്പോള്‍ വലിയ കടത്തിലാണ്.   ഈ സര്‍ക്കാര്‍ അധികാരമൊഴിയുമ്പോഴേക്കും കടം മൂന്നു ലക്ഷം കോടി കവിയും. കേരളത്തിലെ ഓരോ പൗരനും പിറന്നു വീഴുന്ന ഓരോ കുഞ്ഞും 90,000 രൂപയുടെ കടത്തിലാണെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

Follow Us:
Download App:
  • android
  • ios