യുഡിഎഫിന്‍റെ കാലം വികസനത്തിന്‍റേയും കരുതലിന്‍റേയും കാലമായിരുന്നു. മാർക്സിസ്റ്റ് പാർട്ടിയുടെ കാലം അക്രമ രാഷ്ട്രീയത്തിന്‍റേയും കൊലപാതകത്തിന്‍റേയും കാലമാണെന്നും ഉമ്മന്‍ ചാണ്ടി

കാസര്‍കോട്: ജനപ്രശ്നങ്ങൾ ഒന്നൊന്നായി ഉന്നയിച്ച് സ‍ർക്കാരിനെ പ്രതിരോധത്തിലാക്കിയ വിജയിയായിട്ടാണ് ചെന്നിത്തല ഐശ്വര്യകേരള ജാഥ നയിക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടി. യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് സംസ്ഥാന സര്‍ക്കാരിനെതിരെ മുൻമുഖ്യമന്ത്രിയും കോൺ​ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി അധ്യക്ഷനുമായ ഉമ്മൻ ചാണ്ടി രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്.

യുഡിഎഫിന്‍റെ കാലം വികസനത്തിന്‍റേയും കരുതലിന്‍റേയും കാലമായിരുന്നു. മാർക്സിസ്റ്റ് പാർട്ടിയുടെ കാലം അക്രമ രാഷ്ട്രീയത്തിന്‍റേയും കൊലപാതകത്തിന്‍റേയും കാലമാണ്. ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പമെന്ന നിലപാടാണ് യുഡിഎഫ് സ്വീകരിച്ചത്. അതിൽ ഇപ്പോഴും മാറ്റമില്ല. യുഡിഎഫ് സ‍ർക്കാർ അധികാരത്തിൽ എത്തിയാലും ശബരിമല വിഷയത്തിൽ ഭക്ത‍ർക്കൊപ്പം ആചാര അനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്ന നിലപാടെടുക്കും. 

ശബരിമല പ്രശ്നം തീര്‍ക്കാന്‍ ഇടതുമുന്നണി ആഗ്രഹിക്കുന്നില്ല. കോടതി വിധി എല്‍ഡിഎഫ് സര്‍ക്കാര്‍ ചോദിച്ച് വാങ്ങിയതാണ്. ഭക്തരെ സര്‍ക്കാര്‍ വെല്ലുവിളിച്ചതാണ് പ്രശ്നങ്ങള്‍ ഉണ്ടാക്കിയത്. ജനവികാരം മാനിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണോയെന്ന് അറിയണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.