കൊച്ചിയില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് ഈ പിറന്നാള്‍ ദിനത്തില്‍ മുന്‍ മുഖ്യമന്ത്രി. ആള്‍ക്കൂട്ടങ്ങള്‍ക്കു നടുവിലെ രാഷ്ട്രീയ ജീവിതം ഇതുപോലെ ആഘോഷമാക്കിയൊരു സമകാലികന്‍ വേറെയില്ല.

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിക്കിന്ന് എഴുപത്തിയൊൻപതാം പിറന്നാള്‍. പുതുപ്പളളിയിലാണ് സാധാരണ പിറന്നാള്‍ ആഘോഷങ്ങളെങ്കിലും രോഗാവശതകള്‍ മൂലം കൊച്ചിയില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് ഈ പിറന്നാള്‍ ദിനത്തില്‍ മുന്‍ മുഖ്യമന്ത്രി. ആള്‍ക്കൂട്ടങ്ങള്‍ക്കു നടുവിലെ രാഷ്ട്രീയ ജീവിതം ഇതുപോലെ ആഘോഷമാക്കിയൊരു സമകാലികന്‍ വേറെയില്ല. തന്നെക്കാള്‍ 27 വയസിന്‍റെ ഇളപ്പമുളള രാഹുല്‍ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയില്‍ ആവേശത്തോടെ നടന്ന ഉമ്മന്‍ചാണ്ടിക്ക് വയസ് എഴുപത്തിയൊമ്പതായെന്നു പറഞ്ഞാല്‍ കേള്‍ക്കുന്നവര്‍ക്കത് വിശ്വസിക്കാനും എളുപ്പമല്ല. 

പേരെടുത്തു വിളിച്ച് അടുത്തെത്താനുളള അടുപ്പവും സ്വാതന്ത്ര്യവുമാണ് ശരാശരി മലയാളിക്ക് ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രി പദമൊഴിഞ്ഞിട്ട് വര്‍ഷം ആറു കഴിഞ്ഞെങ്കിലും സംഘടനാ രംഗത്ത് പഴയ പ്രതാപമില്ലെങ്കിലും ജനപ്രീതിയില്‍ ഉമ്മന്‍ചാണ്ടിയെ മറികടക്കുന്നൊരു കോണ്‍ഗ്രസുകാരന്‍ ഇനിയും കേരളത്തില്‍ ഉണ്ടായിട്ടില്ല. ജനങ്ങളുമായുളള ഈ ജൈവിക ബന്ധമാണ് എഴുപത്തിയൊമ്പതാം പിറന്നാള്‍ ദിനത്തിലും ഉമ്മന്‍ചാണ്ടിയെന്ന രാഷ്ട്രീയ നേതാവിനെ പ്രസക്തനാക്കുന്നത്.

പുതുപ്പളളിയില്‍ നിന്ന് ഇരുപത്തിയേഴാം വയസില്‍ തുടങ്ങിയ പാര്‍ലമെന്‍ററി ജീവിതം എഴുപത്തിയൊമ്പതാം പിറന്നാള്‍ ദിനത്തിലെത്തുമ്പോള്‍ ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി നിയമസഭാ അംഗമായിരുന്നതടക്കമുളള റെക്കോര്‍ഡുകളും പേരിനൊപ്പം ചേര്‍ത്തു ഉമ്മന്‍ചാണ്ടി. പ്രായോഗികതയിലൂന്നിയ രാഷ്ട്രീയ തന്ത്രങ്ങളിലൂടെ പ്രതിസന്ധികളെയും വിവാദങ്ങളെയും അതിവേഗം മറികടന്ന ചരിത്രമുണ്ട് ഉമ്മന്‍ചാണ്ടിക്ക്. രോഗാവശതകളെയും അതുപോലെ തോല്‍പ്പിച്ച് ജീവിത വഴിയില്‍ ഇനിയും ഉമ്മന്‍ചാണ്ടി ബഹുദൂരം മുന്നോട്ടുപോകുമെന്ന ആത്മവിശ്വാസം കൂടിയാണ് ഈ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തെ സ്നേഹിക്കുന്നവരെല്ലാം പങ്കുവയ്ക്കുന്നത്.