കണ്ഠമിടറുന്ന മുദ്രാവാക്യം വിളികളോടെ, കണ്ണീരൊപ്പി, പതിനായിരക്കണക്കിന് ജനങ്ങളാണ് അവസാന നിമിഷം വരെയും പ്രിയ നേതാവിനെ വഴിനീളെ കാത്തു നിന്നത്.
കോട്ടയം : ജനസാഗരം സാക്ഷി. വിലാപ ഗാനവും മുദ്രാവാക്യം വിളികളും അകമ്പടി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര സെന്റ് ജോർജ് വലിയ പള്ളിയിലെത്തി. കരോട്ട് വള്ളക്കാലിൽ വീട്ടിലെ അന്ത്യശുശ്രൂഷകൾക്ക് ശേഷം, പുതുപ്പള്ളി കവലയിൽ പുതുതായി നിർമിക്കുന്ന വീട്ടിൽ പൊതു ദർശനവും പൂർത്തിയാക്കിയ ശേഷമാണ് ജന സാഗരത്തിന്റെ അകമ്പടിയോടെ മൃതദേഹവും വഹിച്ചുളള വിലാപയാത്ര പള്ളിയിലേക്ക് എത്തിയത്. 10.30 പള്ളിയിൽ പൊതുദര്‍ശനം നടക്കും. അതിന് ശേഷം സംസ്കാര ശുശ്രൂഷകൾ ആരംഭിച്ചു.
കണ്ഠമിടറുന്ന മുദ്രാവാക്യം വിളികളോടെ, കണ്ണീരൊപ്പി, പതിനായിരക്കണക്കിന് ജനങ്ങളാണ് അവസാന നിമിഷം വരെയും പ്രിയ നേതാവിനെ വഴിനീളെ കാത്തു നിന്നത്. കാതോലിക്ക ബാവയുടെ മുഖ്യകാർമികത്വത്തിൽ സംസ്കാര ചടങ്ങുകൾ ആരംഭിക്കും. ശുശ്രൂഷകളിൽ 20 ബിഷപ്പുമാരും ആയിരം വൈദികരും പങ്കാളികളാകും. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ളവർ പുതുപ്പള്ളിയിലെത്തിയിട്ടുണ്ട്. ആയിരങ്ങളാണ് പ്രിയ നേതാവിനെ ഒരു നോക്ക് കാണാൻ പള്ളിയിലും കാത്തുനിൽക്കുന്നത്. കോൺഗ്രസ് നേതാക്കളായ കെ സുധാകരൻ, എകെ ആന്റണി, വിഡി സതീശൻ, രമേശ് ചെന്നിത്തല അടക്കമുള്ളവരും മന്ത്രിമാരും, ജോസ് കെ മാണി, കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളും പള്ളിയിലെത്തിച്ചേര്‍ന്നിട്ടുണ്ട്.
'നേതാവ് ചമയാതെ ജനാധിപത്യത്തിന്റെ കുഞ്ഞുങ്ങളായി നടക്കുക, അതാണ് ആ മനുഷ്യന്റെ മരണം നൽകുന്ന പാഠം'
ആചാരവെടിയും ഔദ്യോഗിക ബഹുമതിയും വേണ്ടെന്നുവച്ച നേതാവിന് ആദരമായി സാധാരണക്കാരുടെ കണ്ണീർപ്പൂക്കൾ. 28 മണിക്കൂർ എടുത്ത് അഞ്ച് ജില്ലകളിലെ ജനപ്രവാഹത്തെ മുറിച്ചുകടന്ന് വിലാപയാത്ര രാവിലെ 11 നാണ് കോട്ടയം തിരുനക്കരയിൽ എത്തിയത്. അക്ഷരാർത്ഥത്തിൽ, മണ്ണ് നുള്ളിയിട്ടാൽ താഴാത്ത ജനസമുദ്രമാണ് വഴിനീളെയുണ്ടായത്. അധികാരത്തെ എന്നും അപരനോടുള്ള കരുണയാക്കിയ നേതാവിനെ യാത്രയാക്കാൻ മമ്മൂട്ടി, ദിലീപ് അടക്കമുള്ള താരങ്ങളും നേതാക്കളും കാത്തുനിന്നിരുന്നു.
'പിതാവിനെ നഷ്ടപ്പെട്ട പോലെ'; മുഹമ്മദ് യാസീനും പറയാനുണ്ട് ഉമ്മൻചാണ്ടിയുടെ നന്മയുടെ കഥ
ജീവൽ പ്രശ്നങ്ങളിൽ ഒപ്പം നിൽക്കുന്ന നേതാവിനെ നാളെത്ര കഴിഞ്ഞാലും ജനം മറക്കില്ലെന്നതിന് ഉമ്മൻചാണ്ടിയുടെ ജീവിതം സാക്ഷിയാണ്. അന്ത്യനിദ്രയ്ക്കായി പിറന്ന മണ്ണിലേക്ക് എത്തിയ ജനകീയ നേതാവിന് ഏറ്റവും വൈകാരികമായ യാത്രയയപ്പാണ് ജനമഹാസാഗരം നൽകിയത്. കോട്ടയം തിരുനക്കരയിൽ നിന്ന് ഏഴു കിലോമീറ്റർ ദൂരത്തെ പുതുപ്പള്ളിയിലേക്കുള്ള അവസാന യാത്രയിലുടനീളം ആയിരക്കണക്കിന് സാധാരണക്കാരാണ് അകമ്പടിയായത്.

