Asianet News MalayalamAsianet News Malayalam

മലയാളികള്‍ ഒറ്റപ്പെട്ടു; പ്രത്യേക ട്രെയിനും വിമാനവും വേണം, മുഖ്യമന്ത്രിക്ക് കത്തയച്ച് ഉമ്മന്‍ ചാണ്ടി

എല്ലായിടത്തും മലയാളികള്‍ മാത്രം കുടുങ്ങിക്കിടക്കുന്നു. മൂന്നാംഘട്ടം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ അവര്‍ ആകെ നിരാശരാണ്. 

oommen chandy letter to chief minister pinarayi vijayan for help malayalees in other states
Author
Kottayam, First Published May 3, 2020, 6:23 PM IST

കോട്ടയം: വിദേശത്തും ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിലും കുടുങ്ങിക്കിടക്കുന്നവരെ അതതു രാജ്യങ്ങളും സംസ്ഥാനങ്ങളും ദൃതഗതിയില്‍ തിരിച്ചുകൊണ്ടുപോകുമ്പോള്‍ മലയാളികള്‍ നാട്ടിലേക്കു മടങ്ങാനാവാതെ ഒറ്റപ്പെട്ടെന്ന്  മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇവര്‍ക്കായി ചാര്‍ട്ടേഡ് വിമാനവും പ്രത്യേക ട്രെയിനും അടിയന്തരമായി ഏര്‍പ്പാടാക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി  മുഖ്യമന്ത്രി  പിണറായി വിജയന് കത്തയച്ചു. 

വിദേശത്തുള്ള മറ്റു രാജ്യക്കാരെ അതതു രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്തും കേരളത്തിലുള്ള അതിഥി തൊഴിലാളികളെ മറ്റു സംസ്ഥാനങ്ങള്‍ പ്രത്യേക ട്രെയിനുകള്‍  അയച്ചും നാടുകളിലെത്തിച്ചു. എന്നാല്‍ എല്ലായിടത്തും മലയാളികള്‍ മാത്രം കുടുങ്ങിക്കിടക്കുന്നു. മൂന്നാംഘട്ടം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ അവര്‍ ആകെ നിരാശരാണ്. നാട്ടിലേക്ക് എന്നു മടങ്ങാനാകും എന്നതിന് അവര്‍ക്ക് ഒരു നിശ്ചയവുമില്ലെന്ന് ഉമ്മന്‍ചാണ്ടി കത്തില്‍ പറയുന്നു.

മറ്റു രാജ്യങ്ങള്‍ ചെയ്യുന്നതുപോലെ പ്രവാസികളെ കൊണ്ടുവരാന്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ അടിയന്തരമായി ആരംഭിക്കണം. കെഎംസിസി നടത്തിയ സര്‍വെയില്‍ യുഎഇയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ 845 ഗര്‍ഭിണികള്‍ കാത്തിരിക്കുന്നു.  8 മാസം കഴിഞ്ഞ ഗര്‍ഭിണികളെ വിമാനത്തില്‍ യാത്ര അനുവദിക്കില്ല. അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികള്‍, പ്രായമായവര്‍, വിസ കാലാവധി കഴിഞ്ഞവര്‍, ജോലി നഷ്ടപ്പെട്ടശേഷം വിദേശത്തു താമസിക്കാന്‍ വരുമാനം ഇല്ലാത്തവര്‍ തുടങ്ങിയവരെ അടിയന്തരമായി നാട്ടില്‍ എത്തിക്കണം. സാധാരണ വിമാന സര്‍വീസ് ഇല്ലാത്തതിനാല്‍ ചാര്‍ട്ടേഡ് വിമാനം ലഭിക്കാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ കഴിയുന്ന മലയാളികളും സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്നു. ജോലി നഷ്ടപ്പെട്ടവരും വാടകകൊടുക്കാന്‍ കഴിയാത്തവരും അസുഖബാധിതരുമായ ധാരാളം പേരുണ്ട്. അനേകം വിദ്യാര്‍ത്ഥികളുണ്ട്. ഭക്ഷണവും മരുന്നും കിട്ടാത്തവര്‍ വരെയുണ്ട്.  സാധാരണ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കാന്‍ വൈകുമെന്ന് ഉറപ്പുള്ളതിനാല്‍, മറ്റു സംസ്ഥാനങ്ങള്‍ ചെയ്തതുപോലെ അവര്‍ക്കായി പ്രത്യേക ട്രെയിന്‍ സര്‍വീസ് അടിയന്തരമായി ഏര്‍പ്പാടാക്കണം.

ഇപ്പോള്‍ അതിഥി തൊഴിലാളികളുമായി വടക്കേ ഇന്ത്യയിലേക്കു പോയിരിക്കുന്ന ട്രെയിനുകള്‍ മടങ്ങിവരുമ്പോള്‍ അതില്‍ മലയാളികളെ കൊണ്ടുവരാന്‍ ഏര്‍പ്പാട് ചെയ്യണം. തെക്കേ ഇന്ത്യയില്‍ നിന്നു മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കെഎസ്ആര്‍ടിസി ബസ് അയക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.
 

Follow Us:
Download App:
  • android
  • ios