Asianet News MalayalamAsianet News Malayalam

ഉമ്മൻ ചാണ്ടിയെ ചികിത്സയ്ക്കായി ബെംഗലൂരുവിലേക്ക് മാറ്റിയേക്കും; നേരിട്ട് സന്ദർശിച്ച് എകെ ആന്റണി

താൻ ഇടയ്ക്കിടയ്ക്ക് ഉമ്മൻ ചാണ്ടിയെ കാണാൻ വരാറുണ്ടെന്നായിരുന്നു സന്ദർശനവുമായി ബന്ധപ്പെട്ട ചോദ്യത്തോട് എകെ ആന്റണിയുടെ പ്രതികരണം

Oommen chandy might be moved to bengaluru for treatment AK Antony visited him kgn
Author
First Published Feb 6, 2023, 3:41 PM IST

തിരുവനന്തപുരം: തുടർ ചികിത്സയ്ക്കായി ഉമ്മൻചാണ്ടിയെ ഇന്നോ അടുത്ത ദിവസങ്ങളിലോ തിരുവനന്തപുരത്ത് നിന്ന് മാറ്റിയേക്കുമെന്ന് വിവരം. ബെംഗളൂരുവിലേക്കോ മറ്റോ മാറ്റിയേക്കുമെന്നാണ് സൂചന. ചികിത്സ നിഷേധിക്കുന്നുവെന്ന് ഉമ്മൻ ചാണ്ടിയുടെ സഹോദരൻ അലക്സ് വി ചാണ്ടി പരാതിപ്പെട്ട സാഹചര്യത്തിൽ കൂടിയാണിത്. മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയും യുഡിഎഫ് കൺവീനർ എംഎം ഹസനും തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിലെത്തി ഉമ്മൻചാണ്ടിയെ കണ്ടു.

ഉമ്മൻ ചാണ്ടിയുടെ ആരോഗ്യം സംബന്ധിച്ചുള്ള വിവാദം കത്തിനിൽക്കുന്നതിനിടയിലായിരുന്നു സന്ദർശനം. താൻ ഇടയ്ക്കിടയ്ക്ക് ഉമ്മൻ ചാണ്ടിയെ കാണാൻ വരാറുണ്ടെന്നായിരുന്നു സന്ദർശനവുമായി ബന്ധപ്പെട്ട ചോദ്യത്തോട് എകെ ആന്റണിയുടെ പ്രതികരണം. ഉമ്മൻ ചാണ്ടിയുമായി രാഷ്ട്രീയ കാര്യങ്ങളാണ് ചർച്ച ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ നില സംബന്ധിച്ച ചോദ്യങ്ങളോട് ഉമ്മൻ ചാണ്ടിയെ സാധാരണ കാണുന്നത് പോലെ തന്നെയുണ്ടെന്നായിരുന്നു എകെ ആന്റണിയുടെ പ്രതികരണം. വിവാദ വിഷയത്തിൽ കൂടുതൽ പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.

എന്നാൽ ഉമ്മൻ ചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നുവെന്ന പരാതി അദ്ദേഹത്തിന്റെ കുടുംബം ശക്തമായി എതിർക്കുന്നു. അലക്സ് വി ചാണ്ടി നടത്തുന്ന പ്രസ്താവനകൾക്ക് അച്ഛന്റെ സഹോദരന് മറുപടി നൽകാൻ താനില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞ ചാണ്ടി ഉമ്മൻസ, ചികിത്സ നിഷേധിക്കുന്നുവെന്ന പരാതിക്ക് ഉമ്മൻ ചാണ്ടി തന്നെ മറുപടി നൽകിക്കഴിഞ്ഞുവെന്നും അതിൽ കൂടുതൽ ഒന്നും പറയാനില്ലെന്നും പ്രതികരിച്ചു.

ഇന്നലെയാണ് അലക്സ് വി ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് ഇത് സംബന്ധിച്ച് പരാതി നൽകിയത്. ഉമ്മൻ ചാണ്ടിക്ക് കുടുംബം  ചികിത്സ നിഷേധിക്കുന്നുവെന്നാണ് പരാതിയിൽ ആരോപിച്ചത്. പരാതി നൽകിയ ശേഷം പിൻവലിപ്പിക്കാൻ പലരെ കൊണ്ടും തനിക്ക് മുകളിൽ സമ്മർദ്ദം ചെലുത്തിയെന്നും അലക്സ് വി ചാണ്ടി കുറ്റപ്പെടുത്തി. ഉമ്മൻ ചാണ്ടിയുടെ ഭാര്യയും മൂത്ത മകളും ചാണ്ടി ഉമ്മനുമാണ് ചികിത്സ നിഷേധിക്കുന്നത്. ഇളയ മകൾ അച്ചു ഉമ്മന് പിതാവിന് മികച്ച ചികിത്സ കിട്ടണമെന്നാണ് ആവശ്യമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

Follow Us:
Download App:
  • android
  • ios