കൊച്ചി: കുട്ടനാട് സീറ്റ് കേരളാ കോണ്‍ഗ്രസില്‍ നിന്നും ഏറ്റെടുക്കുന്നതിനെക്കുറിച്ച് ചർച്ച ഉണ്ടായിട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടി. കേരള കോൺഗ്രസിനകത്തെ തർക്കങ്ങൾ പരിഹരിക്കാനാണ് ശ്രമം. മുന്നണിയെ ഒന്നിച്ചുകൊണ്ട് പോകാനാണ് ശ്രമിക്കുന്നത്. അതിന് എല്ലാ ഘടകകക്ഷികളുടെയും സഹകരണം ആവശ്യമാണ്. എല്ലാവരെയും ഒരുമിച്ച് കൊണ്ട് പോകാന്‍ ശ്രമിക്കും. വിഷയം അടുത്ത യുഡിഎഫ് യോഗത്തിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം പ്രതികരിച്ചു.

തമ്മിലടി രൂക്ഷമായ സാഹചര്യത്തിൽ കേരളാ കോൺഗ്രസിൽ നിന്ന് കുട്ടനാട് സീറ്റ് ഏറ്റെടുത്ത് ഉപതെരഞ്ഞെടുപ്പ് നേരിടാൻ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയോഗത്തിൽ നേരത്തെ ധാരണയായിരുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. കേരളാ കോൺഗ്രസില്‍ സമീപകാലത്ത് രൂക്ഷമായ ചേരി തിരിഞ്ഞുള്ള തമ്മിലടിയുടെ സാഹചര്യത്തിലാണ് കോൺഗ്രസ് തീരുമാനം.  

"റിസ്ക് എടുക്കാനാവില്ല"; കേരള കോൺഗ്രസിൽ നിന്ന് കുട്ടനാട് സീറ്റ് ഏറ്റെടുക്കാൻ കോൺഗ്രസ്

എന്നാല്‍ അതേസമയം കഴിഞ്ഞ തവണ കുട്ടനാട് സ്ഥാനാര്‍ത്ഥിയായ ജേക്കബ് എബ്രഹാമിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് കേരളാ കോണ്‍ഗ്രസ് പിജെ ജോസഫ് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. സീറ്റ് കേരളാ കോൺഗ്രസിന്‍റേതാണെന്നും രണ്ടില ചിഹ്നത്തിൽ സ്ഥാനാര്‍ത്ഥി ഉണ്ടാകുമെന്നും ജോസ് കെ മാണിയും വ്യക്തമാക്കിയിട്ടുണ്ട്. 

കുട്ടനാട് എൻസിപിക്ക് തന്നെ; സ്ഥാനാര്‍ത്ഥി തോമസ് ചാണ്ടിയുടെ സഹോദരൻ?

അതേ സമയം കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ സീറ്റ് എൻസിപിക്ക് തന്നെയെന്ന് ഇടത് മുന്നണി തീരുമാനിച്ചു. എൻസിപിയിൽ നിന്ന് സീറ്റ് ഏറ്റെടുക്കേണ്ട സാഹചര്യം നിലവിൽ ഇല്ലെന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന ഇടത് മുന്നണിയോഗം വിലയിരുത്തി. തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ തോമസ് സ്ഥാനാര്‍ത്ഥിയാകാനാണ് സാധ്യത. എന്നാല്‍ സ്ഥാനാര്‍ത്ഥിയാരാകുമെന്നത് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് എന്‍സിപി നേതാവും മന്ത്രിയുമായ എകെ ശശീന്ദ്രന്‍ പ്രതികരിച്ചു.