തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടോയെന്ന് അറിയില്ലെന്ന് ഉമ്മന്‍ ചാണ്ടി. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും കൂടി ചർച്ച നടത്തി പട്ടികയ്ക്ക് അന്തിമരൂപം ഉണ്ടാക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. അതേസമയം കെപിസിസി പുനഃസംഘടനാ പട്ടിക സംബന്ധിച്ച് ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ച കേരളത്തിലെ നേതാക്കള്‍ പൂര്‍ത്തിയാക്കി.

കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ സോണിയാഗാന്ധിയുടെ ദില്ലിയിലെ വസതിയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. ഉടന്‍ തന്നെ പ്രഖ്യാപനമുണ്ടാകുമെന്നും എല്ലാവരുമായും ചര്‍ച്ച ചെയ്ത ശേഷമാണ് പട്ടിക തയ്യാറാക്കിയതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്നലെ പറഞ്ഞിരുന്നു. അതേസമയം ജംബോ പട്ടികയ്ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു. ഈ പട്ടികയില്‍ ഹൈക്കമാന്‍ഡിന്‍റെ നിലപാട് നിര്‍ണായകമാണ്. തദ്ദേശഭരണ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും സോണിയാ ഗാന്ധിയെ ധരിപ്പിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.