Asianet News MalayalamAsianet News Malayalam

ലഭിക്കുന്നത് മികച്ച ചികിത്സ, കുടുംബവും പാർട്ടിയും ഒപ്പമുണ്ട്; ചികിത്സ നിഷേധിച്ചെന്ന വാർത്ത തള്ളി ഉമ്മൻചാണ്ടി

മികച്ച ചികിത്സയാണ് കിട്ടുന്നതെന്നും കുടുംബവും പാർട്ടിയും ഒപ്പം തന്നെ ഉണ്ടെന്നും ഉമ്മൻ ചാണ്ടി ഫേസ്ബുക്ക് പങ്കുവെച്ച വീഡിയോയിൽ പറ‌‌ഞ്ഞു.

Oommen Chandy says family not denied treatment nbu
Author
First Published Feb 5, 2023, 8:37 PM IST

തിരുവനന്തപുരം: തനിക്ക് തുടർചികിത്സ നിഷേധിക്കുന്നുവെന്ന വാർത്തകൾ തള്ളി മുന്‍ മുഖ്യമന്ത്രി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മികച്ച ചികിത്സയാണ് കിട്ടുന്നതെന്നും കുടുംബവും പാർട്ടിയും നല്ല പിന്തുണയാണ് നൽകുന്നതെന്നും ഉമ്മൻ ചാണ്ടി ഫേസ്ബുക്ക് പങ്കുവെച്ച വീഡിയോയിൽ പറ‌‌ഞ്ഞു. ഉമ്മൻ ചാണ്ടിക്ക് ചികിത്സ വൈകുന്നുവെന്ന ഓൺലൈൻ വാർത്തകൾ പ്രചരിക്കുന്ന സാഹചര്യത്തിൽ ആണ് വിശദീകരണം. 

ഉമ്മൻ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനാണ് വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.വിദേശത്തെയും ബെംഗളൂരുവിലെയും ചികിത്സയ്ക്ക് ശേഷം ഉമ്മൻചാണ്ടിക്ക് തുടർ ചികിത്സ നൽകുന്നില്ലെന്ന രീതിയിൽ വ്യാപകമായ വാർത്തകളും പ്രചാരണങ്ങളും ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഉമ്മൻചാണ്ടിയുടെ വിശദീകരണം. ഉമ്മൻ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ കഴിഞ്ഞ ദിവസവും അത് സംബന്ധിച്ച് ഫേസ്ബുക്കില്‍ വശദീകരിച്ചിരുന്നു.

ചാണ്ടി ഉമ്മന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

അപ്പയുടെ ചികിത്സയുമായി ബന്ധപ്പെട്ട് അടിസ്ഥാന രഹിതമായ വാർത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്..

ജർമ്മനിയിലെ ലേസർ സർജറിക്ക് ശേഷം ബാംഗ്ലൂരിൽ ഡോ. വിശാൽ റാവുവിന്റെ നേതൃത്വത്തിലുള്ള ചികിത്സയാണ് ആരംഭിച്ചത്. അദ്ദേഹം നിർദ്ദേശിച്ച മരുന്നുകളാണ് ഇപ്പോഴും അപ്പക്ക് നൽകിക്കൊണ്ടിരിക്കുന്നത്. മരുന്നും, ഭക്ഷണ ക്രമവും ഫിസിയോതെറാപ്പിയും, സ്പീച്ച് തെറാപ്പിയും സംയോജിപ്പിച്ചുള്ള ചികിത്സ രീതിയാണ് ഡോക്ടർ നിർദ്ദേശിച്ചിരിക്കുന്നത്.

അപ്പ നവംബർ 22 മുതൽ അദ്ദേഹത്തിന്റെ ചികിത്സയിൽ തന്നെയാണ്. ഡിസംബർ 26നും ജനുവരി 18നും അപ്പയെ കൂട്ടി ബാംഗ്ലൂരിൽ എത്തുകയും, കൃത്യമായ റിവ്യൂ നടക്കുകയും ചെയ്തിരുന്നു. ഭാരത് ജോഡോ യാത്ര കഴിഞ്ഞ് ഇന്ന് വൈകിട്ടയാണ് ഞാൻ നാട്ടിൽ തിരിച്ചെത്തിയത്. കടുത്ത മഞ്ഞു വീഴ്ച കാരണം യാത്ര തടസ്സപ്പെട്ടിരുന്നു. അടുത്ത റിവ്യൂന് സമയമായിട്ടുണ്ട്. വീട്ടിൽ കാര്യങ്ങൾ കൂടി ആലോചിച്ച് അടിയന്തരമായി ബാംഗ്ലൂരിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പിലാണ്..

Follow Us:
Download App:
  • android
  • ios