Asianet News MalayalamAsianet News Malayalam

ഉമ്മന്‍ചാണ്ടി വധശ്രമക്കേസ്; സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം മൂന്ന് പേർക്ക് തടവ് ശിക്ഷ

3 വർഷം തടവും 25,000 പിഴയുമാണ് കോടതി വിധിച്ചത്. സിപിഎം മുൻ എംഎൽഎമാർ അടക്കം 113 പ്രതികൾ ഉണ്ടായിരുന്ന കേസിൽ 110 പേരെയും കോടതി വെറുതെ വിട്ടു. 

oommen chandy stone pelting case three accused including cpm branch secretary sentenced to imprisonment nbu
Author
First Published Mar 27, 2023, 12:41 PM IST

കൊച്ചി: കണ്ണൂരിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്ന് പ്രതികളെ തടവിന് ശിക്ഷിച്ച് കോടതി. സിപിഎം പ്രവർത്തകരായിരുന്ന ദീപക് ചാലാടിന് മൂന്ന് വർഷം തടവും, സിഒടി നസീർ, ബിജു പറമ്പത്ത് എന്നിവർക്ക് രണ്ട് വർഷം തടവും പിഴയുമാണ് ശിക്ഷ. ഗൂഢാലോചന, വധശ്രമം അടക്കമുള്ള പ്രധാന കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാത്തതിനാൽ 107 പ്രതികളെ കോടതി വെറുതെ വിട്ടു.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കല്ലും വടിയുമുപയോഗിച്ച് ആക്രമിച്ച് പരുക്കേൽപ്പിക്കുകയും പൊതു മുതൽ നശിപ്പിക്കുകയും ചെയ്തെന്ന് കണ്ടെത്തിയാണ്. കേസിലെ മൂന്ന് പ്രതികളെ കോടതി ശിക്ഷിച്ചത്. 18 ആം പ്രതിയും സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന സിഒടി നസീർ, 88 ആം പ്രതിയും മുൻ സിപിഎം പ്രവർത്തകനുമായ ദീപക് ചാലാട്, 99 ആം പ്രതിയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ ബിജു പരമ്പത്ത് എന്നിവരെയാണ് അസി. സെഷൻസ് ജഡജ് രാജീവൻ വാച്ചാൽ ശിക്ഷിച്ചത്. ആയുധം കൊണ്ട് പരുക്കേൽപ്പിക്കൽ, പൊതു മുതൽ നശിപ്പിക്കൽ അടക്കമുള്ള കുറ്റങ്ങൾക്ക് ദീപക് ചാലാടിന് മൂന്ന് വർഷം തടവും, സിഒടി നസീർ, ബിജു പറമ്പത്ത് എന്നിവർക്ക് പൊതുമുതൽ നശിപ്പിച്ചതിന് രണ്ട് വർഷം തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. ശിക്ഷ മൂന്ന് വർഷം വരെ ആയതിനാൽ മൂവർക്കും കോടതി ജാമ്യം അനുവദിച്ചു. കേസിൽ വധശ്രമം, ഗൂഢാലോചന അടക്കമുള്ള സുപ്രധാന കുറ്റങ്ങൾ സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിയാതിരുന്നതാണ് മറ്റ് പ്രതികൾക്ക് സഹായകമായത്.

സോളാർ കേസിൽ സംസ്ഥാനവ്യാപകമായി ഇടത് മുന്നണി പ്രതിഷേധം അലയടിക്കുന്നതിനിടയിലാണ് 2013 ഒക്ടോബർ 27 ന് കണ്ണൂരിൽ പൊലീസ് അത്ലറ്റിക് മീറ്റ് പരിപാടിയിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയുടെ വാഹനം ആക്രമിക്കപ്പെട്ടത്. 128 സാക്ഷികളുള്ള കേസിൽ വിചാരണ തുടങ്ങിയത് 8 വർഷം കഴിഞ്ഞാണ്. വിചാരണ കാലയളവിൽ സിഒടി നസീർ ഉമ്മൻചാണ്ടിയെ കണ്ട് ചെയ്തുപോയ തെറ്റിന് മാപ്പ് ചോദിച്ചിരുന്നു. സിഒടി നസീറിനെ പിന്നീട് സിപിഎം പുറത്താക്കി. ഇപ്പോൾ ശിക്ഷിക്കപ്പെട്ട് മറ്റൊരു പ്രതി ദീപക് മയക്ക് മരുന്ന് കേസിൽ ജയിലിലാണ്. മുൻ എംഎഎൽഎമാരായ സി കൃഷ്ണണൻ, കെ കെ നാരായണൻ, സിപിഎം നേതാക്കളായ ബിജു കണ്ടകൈ, പി കെ ശബരീഷ്, ബിനോയ് കുര്യൻ അക്കമുള്ള പ്രതികളെ കോടതി വെറുതെ വിട്ടു.

Follow Us:
Download App:
  • android
  • ios