തിരുവനന്തപുരം:  വിഴിഞ്ഞത്തുനിന്ന് കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടി തെരച്ചില്‍ തുടരുന്നു. തെരച്ചില്‍ നടപടികള്‍ കാര്യക്ഷമമല്ലെന്നാരോപിച്ച് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധവും തുടരുകയാണ്.

ബുധനാഴ്ച കടലിലേക്ക് പോയ മത്സ്യത്തൊഴിലാളികളാണ് ഇതുവരെയും തിരിച്ചെത്താത്തത്. പുല്ലുവിള സ്വദേശികളായ യേശുദാസന്‍, ആന്‍റണി, പുതിയതുറ സ്വദേശികളായ ബെന്നി, ലൂയിസ് എന്നിവരെയാണ് കാണാതായത്. തീരദേശസേനയുടെ തെരച്ചില്‍ സംഘത്തില്‍ മത്സ്യത്തൊഴിലാളികളെക്കൂടി ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളികള്‍ പ്രതിഷേധിക്കുന്നത്. നിലവിൽ രണ്ട്  കപ്പലുകൾ തെരച്ചിൽ നടത്തുന്നുണ്ടെന്നാണ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചിരിക്കുന്നത്. ഹെലികോപ്റ്റർ ഉടൻ തെരച്ചിൽ തുടങ്ങുമെന്നും അറിയിച്ചിട്ടുണ്ട്. 

തെരച്ചിലിനായി മത്സ്യത്തൊഴിലാളികളെക്കൂടി കൊണ്ടുപോകാന്‍ സംവിധാനം ഉണ്ടാക്കണമെന്ന് സ്ഥലം സന്ദര്‍ശിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. തെരച്ചിലിനായി വിമാനങ്ങളും ഹെലികോപ്ടറുകളും അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ചറിയിച്ചു. അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.