നിയമസഭയിൽ അഞ്ച് പതിറ്റാണ്ട് പിന്നിടുന്ന കോൺ​ഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി നൽകിയ ആദ്യ പ്രണയലേഖനത്തെ കുറിച്ച് മനസ്സ് തുറന്ന് ഭാ​ര്യ മറിയാമ്മ ഉമ്മൻ. വിവാഹം ഉറപ്പിച്ചതിന് ശേഷമാണ് തനിക്കൊരു പ്രണയലേഖനം ഉമ്മൻ ചാണ്ടിയിൽ നിന്നും വരുന്നതെന്ന് മറിയാമ്മ പറയുന്നു. നെടുനീളെയുള്ള പ്രണയ ലേഖനങ്ങൾക്ക് ഒരുവരിയിലായിരുന്നു പലപ്പോഴും മറുപടി വന്നിരുന്നത്. 

ആദ്യ പ്രണയക്കുറിപ്പ് അയച്ചത് ഉമ്മൻ ചാണ്ടിയാണ്. പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ രണ്ടാമത്തെ മത്സരത്തിനിടെ ആയിരുന്നു വിവാഹം ഉറപ്പിക്കുന്നത്. ആ സമയത്താണ് മണവാളന്‍റെ കൈപ്പടയില്‍ തപാലില്‍ ഒരു കത്ത് വന്നത്. ആദ്യത്തെ പ്രേമലേഖനം! ആകാംക്ഷയില്‍ തുറന്ന് നോക്കിയപ്പോള്‍ രണ്ടേ രണ്ടുവരി മാത്രം. "തെരഞ്ഞെടുപ്പിന്‍റെ തിരക്കിലാണ്, പ്രാര്‍ത്ഥിക്കുമല്ലോ" എന്നായിരുന്നു ആ വരികൾ. 

വിവാഹം ഉറപ്പിച്ചിരിക്കുവല്ലേ മറുപടി അയക്കാതിരുന്നാല്‍ മോശമല്ലേയെന്ന് തന്റെ അമ്മാമ്മ പറഞ്ഞിരുന്നുവെന്നും മറിയാമ്മ ഓര്‍മ്മിച്ചെടുക്കുന്നു. പിന്നീട് ഒരിക്കല്‍ ഇതേ പറ്റി സംസാരിച്ചപ്പോൾ അന്ന് മറുപടി അയച്ചിരുന്നെങ്കില്‍ കല്യാണം മാറിയേനെ എന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞുവെന്നും മറിയാമ്മ ചെറു ചിരിയോടെ പറയുന്നു.