ഓപ്പറേഷന്‍ ഡി ഹണ്ടിന്‍റെ ഭാഗമായി കേരളത്തില്‍ നടത്തിയ പരിശോധനയില്‍ 1800 പേരെ ചോദ്യം ചെയ്യുകയും 83 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു
തിരുവനന്തപുരം: ഓപ്പറേഷന്‍ ഡി ഹണ്ടിന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1800 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധ തരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 78 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 83 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം ഡി എം എ (0.001522 കി ഗ്രാം), കഞ്ചാവ് (1.1571 കി ഗ്രാം), കഞ്ചാവ് ബീഡി (53 എണ്ണം) എന്നിവ പൊലീസ് ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു.
നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി 2025 ജൂണ്‍ 26 ന് സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷന്‍ ഡി ഹണ്ടിന്‍റെ വിവരങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്‍റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ക്രമസമാധാന വിഭാഗം എ ഡി ജി പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും എന്‍ ഡി പി എസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്.
അതിനിടെ ആലപ്പുഴയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത ബംഗളരുവിൽ നിന്ന് എം ഡി എം എയുമായി നാട്ടിലെത്തിയ രണ്ട് യുവാക്കളെ നൂറനാട് പൊലീസ് പിടികൂടി എന്നതാണ്. ഇവരിൽ നിന്നും 29 ഗ്രാം എം ഡി എം എ കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. കായംകുളം പുള്ളിക്കണക്ക് ശ്രീ അജയാലയത്തിൽ അഖിൽ അജയൻ (27), കൃഷ്ണപുരം പെരിങ്ങാല മുറിയിൽ പ്രശാന്ത് (29) എന്നിവരെയാണ് പൊലീസ് എം ഡി എം എയുമായി പിടികൂടിയത്. ചാരുംമൂട്ടിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. ബംഗളരുവിൽ നിന്ന് മധുര, തെങ്കാശി, പുനലൂർ വഴിയാണ് ഇവർ ചാരുംമൂട്ടിലെത്തിയത്. ഇവരെ കുറിച്ച് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. കായംകുളത്തിന് പോകാൻ കെ എസ് ആർ ടി സി ബസിൽ കയറിയ പ്രതികൾ പൊലീസിനെ കണ്ട് ഇറങ്ങിയോടി. സബ് ഇൻസ്പെക്ടറും ജയകൃഷ്ണനും സംഘവും ഇവരെ ഓടിച്ചിട്ടു പിടികൂടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എ എസ് ഐ അജിത കുമാരി, സീനിയർ സിവിൽ പൊലീസ് ഓഫീസർ രജീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ ഷെരീഫ്, ദിലീപ് എന്നിവരാന്ന് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.


