അനധികൃതമായി സാധനങ്ങൾ കടത്തിയതിന് രണ്ട് ബസുകൾക്കെതിരെയും കേസെടുത്തു. കല്ലടയുടെ 22 ബസുകൾ പെർമിറ്റ് ചട്ടം ലംഘിച്ചതായും കണ്ടെത്തി.
തിരുവനന്തപുരം: ഓപറേഷൻ നൈറ്റ് റൈഡേഴ്സിന്‍റെ ഭാഗമായി സംസ്ഥാനത്ത് ഇന്നലെ പെർമിറ്റ് ചട്ടം ലംഘിച്ചതിന് 173 ബസുകൾക്കെതിരെ കേസെടുത്തു. അനധികൃതമായി സാധനങ്ങൾ കടത്തിയതിന് രണ്ട് ബസുകൾക്കെതിരെയും കേസെടുത്തു. കല്ലടയുടെ 22 ബസുകൾ പെർമിറ്റ് ചട്ടം ലംഘിച്ചതായും കണ്ടെത്തി. 547000 രൂപ ആകെ പിഴ ഈടാക്കി. അന്തർ സംസ്ഥാന ബസുകളെ നിയന്ത്രിക്കാനുള്ള മോട്ടോർ വാഹന വകുപ്പിന്‍റെ കർശന നടപടി തുടരുകയാണ്.
യാത്രക്കാരായ മൂന്ന് യുവാക്കളെ സുരേഷ് കല്ലട ബസ് ജീവനക്കാർ മർദ്ദിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് ഗതാഗതവകുപ്പിന്‍റെ പരിശോധന. നിയമ വിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തി തടയാൻ സംസ്ഥാനത്തെ എല്ലാ ആർടിഒ ഓഫീസിലും പ്രത്യേക പരിശോധനാ സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സ് എന്ന പേരിലാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി ആരംഭിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് ചെക് പോസ്റ്റുകളിൽ വ്യാപക പരിശോധന നടത്തി വരികയാണ്.
ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സ് തുടങ്ങിയ ശേഷം ദിവസം ശരാശരി 14 ലക്ഷം രൂപയാണ് പിഴ ഇനത്തിൽ ലഭിക്കുന്നത്. അതേസമയം അന്തർ സംസ്ഥാന ബസ്സുകളുടെ ചട്ടലംഘനങ്ങൾ തുടരുന്നതിനിടെ മോട്ടോർ വാഹന വകുപ്പിന് പിഴ ഇനത്തിൽ കുടിശ്ശികയായി കിട്ടാനുള്ളത് കോടികളാണ്. വിവിധ തരം വാഹനങ്ങൾ നൽകാനുള്ള കുടിശ്ശിക 600 കോടിയലധികമാണെന്ന് കഴിഞ്ഞ ദിവസം ഗതാഗത കമ്മീഷണർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
20 വർഷം വരെ പഴക്കമുള്ള ഗതാഗത നിയമലംഘന കേസുകളാണ് നടപടിയാവാതെ കിടക്കുന്നത്. കേസ് തീർപ്പാക്കാനോ വാഹന ഉടമകളിൽ നിന്ന് പിഴ നിശ്ചിത സമയത്ത് ഈടാക്കാനോ വകുപ്പിന് കഴിയുന്നില്ല. അന്തർസംസ്ഥാന സ്വകാര്യബസുകളുടെ നിയമലംഘനങ്ങൾ തടയാനായി തുടങ്ങിയ ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സ് പോലെ പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നാണ് ഗതാഗത കമ്മീഷണർ പറയുന്നത്.
