രേഖകൾ ഹാജരാക്കാനാണ് അമിത് ചക്കാലക്കൽ കസ്റ്റംസ് ഓഫീസിൽ എത്തിയത്. അമിത്തിന്റെ ഗരാജിൽ നിന്ന് പിടിച്ചെടുത്ത വണ്ടികളുടെ ഉടമകളും കസ്റ്റംസ് ഓഫീസിലെത്തിയിരുന്നു.
തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോറില്‍ നടൻ അമിത് ചക്കാലക്കൽ വീണ്ടും കസ്റ്റംസിന് മുന്നിൽ ഹാജരായി. രേഖകൾ ഹാജരാക്കാനാണ് അമിത് ചക്കാലക്കൽ കസ്റ്റംസ് ഓഫീസിൽ എത്തിയത്. അമിത്തിന്റെ ഗരാജിൽ നിന്ന് പിടിച്ചെടുത്ത വണ്ടികളുടെ ഉടമകളും കസ്റ്റംസ് ഓഫീസിലെത്തിയിരുന്നു. രണ്ട് പേരാണ് അമിത് ചക്കാലക്കലിനൊപ്പം എത്തിയത്. അറ്റകുറ്റപ്പണികൾക്കാണ് വാഹനങ്ങൾ ഗരേജില്‍ കൊണ്ടുവന്നത് എന്നാണ് അമിത് ചക്കാലക്കൽ പറയുന്നത്. നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് കേരളത്തിലേക്ക് വാഹനങ്ങള്‍ കടത്തുന്ന ഇടനിലക്കാര്‍ക്കായി അന്വേഷണം തുടരുകയാണ് കസ്റ്റംസ്.
ഓപ്പറേഷൻ നുംഖോർ റെയ്‌ഡ് തുടര്‍ന്ന് കസ്റ്റംസ്
നികുതി വെട്ടിച്ച് കടത്തിയ ആഡംബരം വാഹനങ്ങൾ പിടിച്ചെടുക്കുന്ന ഓപ്പറേഷൻ നുംഖോർ റെയ്‌ഡ് കസ്റ്റംസ് ഇന്നും തുടരുകയാണ്. കള്ളക്കടത്താണെന്ന് സംശയിക്കുന്ന 150 ഓളം വാഹനങ്ങളിൽ 38 എണ്ണം മാത്രമാണ് ഇതുവരെ പിടികൂടിയത്. അടിമാലിയിൽ നിന്നും കൊച്ചി കുണ്ടന്നരിൽ നിന്നുമായി ഇന്നലെ രണ്ട് വാഹനങ്ങൾ കൂടി പിടിച്ചെടുത്തിരുന്നു. അതിൽ കണ്ണൂരിൽ നിന്ന് പിടിച്ചെടുത്ത ഫസ്റ്റ് ഓണർ വാഹനം കേന്ദ്രീകരിച്ച് വിശദ അന്വേഷണം തുടങ്ങി. ആസാം സ്വദേശി മാഹിൻ അൻസാരിയുടെ ഉടമസ്ഥതയിലാണ് കാർ. അതേസമയം, നടന്‍ ദുൽഖർ സൽമാൻ അടക്കം നോട്ടീസ് നൽകുന്നതിൽ ഇതുവരെ തീരുമാനമായിട്ടില്ല. ദുൽഖറിന്റെതെന്ന് സംശയിക്കുന്ന രണ്ട് വാഹനങ്ങൾക്കായുള്ള തെരച്ചിൽ തുടരുകയാണ്. കള്ളപ്പണം വെളുപ്പിക്കലിൽ അന്വേഷണം തുടങ്ങിയ എൻഫോഴ്സ്മെന്‍റ് ഡയക്ടറേറ്റ് ഉടൻ ഇ സി ഐ ആർ രജിസ്റ്റർ ചെയ്തേക്കും.
എന്താണ് ഓപ്പറേഷന്‍ നുംഖോര്‍
നുംഖോർ എന്നാൽ ഭൂട്ടാനീസിൽ കാർ എന്നാണ് അർത്ഥം. ഭൂട്ടാനിൽ നിന്ന് ഇത്തരത്തിൽ വാഹനങ്ങൾ വാങ്ങാൻ നുംഖോര്‍ എന്ന പേരിൽ ഒരു ഓൺലൈൻ വെബ്സൈറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. ഗൂഗിളിൽ നുംഖോര്‍ എന്ന സെര്‍ച്ച് ചെയ്താൽ ആദ്യ റിസൾട്ടും ഈ സൈറ്റ് തന്നെയാകും. എന്തായും നുംഖോര്‍ എന്നത് എന്താണെന്ന് അധികം അന്വേഷിക്കണ്ട, അതിന് സിംപിളായി വാഹനം എന്ന് മാത്രമാണ് അര്‍ത്ഥം. അതൊരു ഭൂട്ടാനീസ് പ്രയോഗമാണെന്നതും ഓര്‍ത്തുവയ്ക്കാം. നികുതി വെട്ടിക്കുന്നതിനായി വ്യാജ രേഖകളുണ്ടാക്കി പഴയ വാഹനങ്ങൾ ഭൂട്ടാനിൽനിന്ന് ഇറക്കുമതി ചെയ്യുന്നുണ്ടെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. തട്ടിപ്പിന്‍റെ വലിയൊരു റാക്കറ്റിന്റെ ഒരു കണ്ണി മാത്രമാണ് കേരളത്തിലേക്ക് നീളുന്നത്. അതാണ് കസ്റ്റംസ് പരിശോധനയിലൂടെ വെളിപ്പെട്ടത്.


