ഓപ്പറേഷന്‍ പി ഹണ്ട് വഴി നിരവധി പേര്‍ അറസ്റ്റിലാവുകയും മൊബൈലുകളും ലാപ്പ് ടോപ്പുകളും വ്യാപകമായി പിടിച്ചെടുക്കുകയും ചെയ്തിട്ടും കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നതില്‍ കുറവ് വരുന്നില്ലെന്നാണ് പൊലീസിന്‍റെ കണക്ക് കൂട്ടല്‍. 

കോഴിക്കോട്: സംസ്ഥാനത്ത് കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത് വ്യാപകമെന്ന് കേരളാ പൊലീസ് സൈബര്‍ ഡോം. പൊലീസ് ശക്തമായ നടപടി സ്വീകരിക്കുമ്പോഴും കോഴിക്കോട് സൈബര്‍ ഡോം നടത്തിയ പരിശോധനയില്‍ കഴിഞ്ഞ ദിവസം പാലക്കാട്ട് 19 വയസ്സുകാരന്‍ അറസ്റ്റിലായി. 20 ല്‍ അധികം ലാപ്‍ടോപ്പുകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു.

കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവരെ പിടിക്കാനാണ് കേരളാ പൊലീസ് ഓപ്പറേഷന്‍ പി ഹണ്ട് തുടങ്ങിയത്. ഓപ്പറേഷന്‍ പി ഹണ്ട് വഴി നിരവധി പേര്‍ അറസ്റ്റിലാവുകയും മൊബൈലുകളും ലാപ്പ് ടോപ്പുകളും വ്യാപകമായി പിടിച്ചെടുക്കുകയും ചെയ്തിട്ടും കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നതില്‍ കുറവ് വരുന്നില്ലെന്നാണ് പൊലീസിന്‍റെ കണക്ക് കൂട്ടല്‍. കേരളാ പൊലീസ് സൈബര്‍ഡോം സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ എഡിജിപി മനോജ് എബ്രഹാമിന്‍റെ നിര്‍ദേശാനുസരണം കോഴിക്കോട് സൈബര്‍ ഡോം നടത്തിയ പരിശോധനയിലാണ് പാലക്കാട്ട് ഒരു 19 കാരന്‍ അറസ്റ്റിലായത്. 

പതിനേഴാം തിയതിയായിരുന്നു സംസ്ഥാന വ്യാപകമായുള്ള പരിശോധന. കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന വാട്ട്സാപ്പ് ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. സാമൂഹിക മാധ്യമങ്ങളായ വാട്ട്സാപ്പ്, ടെലഗ്രാം, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവ വഴി കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ കാണുന്നതും പ്രചരിപ്പിക്കുന്നതും വ്യാപകമാകുന്നതായാണ് കണ്ടെത്തല്‍. 

കേരളാ പൊലീസും കേരളാ പൊലീസ് സൈബര്‍ ഡോമും സാമൂഹിക മാധ്യമങ്ങളെ നിരീക്ഷിക്കുന്നത് തുടരുന്നതിനിടെയാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് വ്യാപകമായി തുടരുന്നത്. 16 വയസ്സിനും 21 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ കാണുന്നതിനും പ്രചരിപ്പിക്കുന്നതിനും മുന്‍കൈ എടുക്കുന്നത് എന്നതാണ് സൈബര്‍ ഡോം നടത്തിയ അന്വേഷണത്തില്‍ വ്യക്തമാകുന്നത്. ഇവരാണ് സാമൂഹിക മാധ്യമ ഗ്രുപ്പുകളില്‍ അംഗമാകുന്നതും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതുമെന്നത് ഗൗരവത്തോടെ കാണണമെന്നും പോലീസ് അറിയിച്ചു.