തിരുവനന്തപുരം: മായം ചേര്‍ത്ത മത്സ്യം വില്‍ക്കുന്നതിനെതിര ഭക്ഷ്യസുരക്ഷ വകുപ്പ് ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി നടന്ന 8 ദിവസത്തെ പരിശോധനകളില്‍ 1,00,508 കിലോഗ്രാം ഉപയോഗ ശൂന്യമായ മത്സ്യം പിടികൂടി നശിപ്പിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ  ശൈലജ അറിയിച്ചു. ഈസ്റ്റര്‍ ദിവസത്തില്‍ സംസ്ഥാനത്താകെ 117 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. 4 വ്യക്തികള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു.

ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം സംസ്ഥാനത്ത് കൊണ്ടുവരുന്നതും സംഭരിക്കുന്നതും വില്‍ക്കുന്നതും ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമ പ്രകാരം കുറ്റകരമാണ്. മത്സ്യം കേടാകാതെ സൂക്ഷിക്കുന്നതിന് രാസവസ്തുക്കള്‍ ഉപയോഗിക്കാന്‍ പാടില്ല. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ അതത് ജില്ലകളിലെ അസി. ഭക്ഷ്യസുരക്ഷ കമ്മീഷണര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജനങ്ങള്‍ വളരെയേറെ ബുദ്ധിമുട്ടുന്ന ഈ ലോക് ഡൗണ്‍ കാലത്ത് അവരുടെ ആരോഗ്യത്തെ പോലും ഗുരുതരമായി ബാധിക്കുന്നതാണ് ഇത്തരം മത്സ്യങ്ങള്‍. അതിനാലാണ് ഓപ്പറേഷന്‍ സാഗര്‍ റാണി വീണ്ടും ശക്തിപ്പെടുത്തിയതെന്നും മന്ത്രി വ്യക്തമാക്കി.

ഏപ്രില്‍ 4ന് ആരംഭിച്ച ഓപ്പറേഷന്‍ സാഗര്‍ റാണിയില്‍ ആദ്യദിനം 2866 കിലോഗ്രാം മത്സ്യവും ഏപ്രില്‍ 6ന് 15641 കിലോഗ്രാം മത്സ്യവും ഏപ്രില്‍ 7ന് 17018 കിലോഗ്രാം മത്സ്യവും ഏപ്രില്‍ 8ന് 7558 കിലോഗ്രാം മത്സ്യവും ഏപ്രില്‍ 9ന് 7755 കിലോഗ്രാം മത്സ്യവും ഏപ്രില്‍ 10ന് 11756 മത്സ്യവും ഏപ്രില്‍ 11ന് 35,7856 കിലോഗ്രാം മത്സ്യവും ഏപ്രില്‍ 12ന് 2128 കിലോഗ്രാം മത്സ്യവും പിടിച്ചെടുത്തിരുന്നു. ഇതോടെ ഓപ്പറേഷന്‍ സാഗര്‍ റാണിയിലൂടെ ഈ സീസണില്‍ 1,00,508 കിലോഗ്രാം മത്സ്യമാണ് പിടികൂടിയത്.

തിരുവനന്തപുരം 13, കൊല്ലം 12, പത്തനംതിട്ട 4, ആലപ്പുഴ 12, കോട്ടയം 3, എറണാകുളം 12, തൃശൂര്‍ 10, മലപ്പുറം 14, കോഴിക്കോട് 8, വയനാട് 2, കണ്ണൂര്‍ 14 എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍ പരിശോധനകള്‍ നടത്തിയത്.

കൊല്ലം ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ നടന്ന പരിശോധനയില്‍ 2043 കിലോഗ്രാം കേടായ ചൂര, കേര മത്സ്യവും എറണാകുളത്ത് നിന്നും 67 കിലോഗ്രാം കേടായ മത്സ്യവും മലപ്പുറത്ത് നിന്നും 18 കിലോഗ്രാം കേടായ മത്സ്യവുമാണ് പിടിച്ചെടുത്തത്.