Asianet News MalayalamAsianet News Malayalam

റോഡുകൾ നന്നാക്കാൻ നേരിട്ട് പരിശോധന: 'ഓപ്പറേഷൻ സരൾ രാസ്ത'യുമായി വിജിലൻസ്

ഗുണനിലവാരമില്ലാത്ത റോഡുകൾ കണ്ടെത്തുന്നതിന് വിജിലൻസ് ഡയറക്ടറുടെ നേതൃത്വത്തിലാണ് ഓപ്പറേഷൻ സരൾ രാസ്ത നടപ്പിലാക്കുന്നത്.   

operation saral rasta vigilance Inspection in poor conditions of road
Author
Trivandrum, First Published Sep 24, 2019, 1:05 PM IST

തിരുവനന്തപുരം: തലസ്ഥാനത്തെ പൊട്ടിപ്പൊളിഞ്ഞ റോഡുകളിൽ മിന്നൽ പരിശോധന നടത്തി വിജിലൻസ് ഉദ്യോ​ഗസ്ഥർ. തിരുവനന്തപുരം പേരൂർക്കടയിൽ വിജിലൻസ് ഡയറക്ടർ എഡിജിപി അജിത് ശ്രീനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മോശം അവസ്ഥയിലുള്ള റോഡുകളിൽ പരിശോധന നടത്തുന്നത്. തലസ്ഥാനത്തെ പല റോഡുകളുടെയും അവസ്ഥ ശോചനീയമാണെന്നും അറ്റകുറ്റപ്പണികൾ നടത്തിയ റോഡുകൾ ചുരുങ്ങിയ സമയംകൊണ്ട് വീണ്ടും തകരുന്നതായും കാണിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് പരിശോധന നടത്തിയത്.

റോഡുകളുടെ അവസ്ഥയും പുനർനിർമ്മാണവും സംബന്ധിച്ച് പരിശോധന നടത്തുന്ന 'ഓപ്പറേഷൻ സരൾ രാസ്ത' പദ്ധതിയുടെ ഭാ​ഗമായാണ് വിജിലൻസിന്റെ പരിശോധന. ഗുണനിലവാരമില്ലാത്ത റോഡുപണി നേരിട്ട് പരിശോധിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അറ്റകുറ്റപണി പണിയിലെ കരാർ ലംഘനം കണ്ടെത്തുന്നതിനും കൂടിയാണ് ഉന്നത ഉദ്യോഗസ്ഥർ നേരിട്ട് പരിശോധനക്കിറങ്ങുന്നത്.

റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാണിച്ച് സംസ്ഥാനത്തുടനീളം വ്യാപകമായി പ്രതിഷേധങ്ങളും സമരങ്ങളും ശക്തമാണ്. കഴിഞ്ഞ മാസം മാത്രം എറണാകുളം, തൃശ്ശൂർ, മൂന്നാർ, കാസർകോട് എന്നിവിടങ്ങളിൽ റോഡിന്റെ ശോച്യാവസ്ഥ കാണിച്ച് രാപ്പകലോളം ആളുകൾ പ്രതിഷേധ സമരം സംഘടിപ്പിച്ചിട്ടുണ്ട്. ദേശീയപാത ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കാസർകോട് എം പി രാജ്‌മോഹൻ ഉണ്ണിത്താൻ നടത്തിയ നിരാഹാര സമരമായിരുന്നു ഏറ്റവും ഒടുവിൽ നടന്നത്. 

ദേശീയപാത ഉടൻ ഗതാഗത യോഗ്യമാക്കുമെന്ന ദേശീയപാത അതോറിറ്റിയുടെ വാഗ്ദാനം നടപ്പിലാക്കത്തതിൽ പ്രതിഷേധിച്ചായിരുന്നു രാജ്മോഹൻ ഉണ്ണിത്താന്‍ സമരം സംഘടിപ്പിച്ചത്. എംപിയുടെ സമരം ശക്തമായതിനെ തുടർന്ന് ദേശീയപാതയിലെ റോഡുകളുടെ അറ്റകുറ്റപ്പണികൾ മഴ പൂർണമായും മാറുന്നതോടെ ആരംഭിക്കുമെന്ന് ദേശീയ പാത അതോറിറ്റി വ്യക്തമാക്കുകയായിരുന്നു.

റോഡുകളുടെ മോശം അവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് തൃശ്ശൂരിൽ ലോറി സംഘടനകൾ  പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തൃശ്ശൂർ കുതിരാനിൽ സംഘടിപ്പിച്ച സൂചന സമരം എഴുത്തുകാരി സാറ ജോസഫ് ആണ് ഉ​ദ്ഘാടനം ചെയ്തത്. സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥ മൂലം ലോറി ഉടമകൾക്കുണ്ടാകുന്ന നഷ്ടം ചെറുതല്ല. ചരക്കു ലോറികൾ കൃത്യസമയത്ത് എത്തേണ്ട സ്ഥലങ്ങളിൽ എത്തുന്നില്ലെന്നും ദീർഘദൂര യാത്രകൾ നടത്താനാകുന്നില്ലെന്നും കാണിച്ചാണ് തൃശ്ശൂർ ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹി സ്റ്റാലിന്റെ നേതൃത്വത്തിൽ സമരം സംഘടിപ്പിച്ചത്.

റോഡുകളുടെ ശോചനീയവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നാറിൽ കെപിസിസി വൈസ് പ്രസിഡന്റ് എ കെ മണി കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. കഴിഞ്ഞ പ്രളയത്തിൽ തകർന്ന അന്തർ സംസ്ഥാന ദേശീയപാതകൾ ഇതുവരെ നന്നാക്കിയിട്ടില്ല. ഇതിനിടെ വാട്ടർ അതോറിറ്റി അധികൃതർ പൈപ്പുകളുടെ അറ്റകുറ്റപ്പണികൾക്കായി റോഡ് കുത്തിപ്പൊളിച്ചതോടെ റോഡിലൂടെയുള്ള യാത്ര ദുസ്സഹമായതോടെയാണ് എ കെ മണിയുടെ നേതൃത്വത്തിൽ  കുത്തിയിരുപ്പ് സമരം നടത്തിയത്.

കുണ്ടും കുഴിയും നിറഞ്ഞ് ​രൂക്ഷമായ ​ഗതാ​ഗതക്കുരുക്ക് അനുഭവപ്പെടുന്ന എറണാകുളത്തെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് നടപടിയെടുക്കാത്തതിനെതിരെ കേരളാ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. നഗരത്തിലെ പ്രധാന റോഡുകളായ കലൂർ -കടവന്ത്ര, വൈറ്റില- കുണ്ടന്നൂർ, തമ്മനം പുല്ലേപ്പടി റോഡുകളുടെ അവസ്ഥ പരിതാപകരം ആണെന്നും ഈ റോഡുകൾ ഗതാഗത യോഗ്യമല്ലെന്നും കോടതി ചൂണ്ടികാട്ടി. റോഡുകളുടെ തകർച്ച ചൂണ്ടികാട്ടി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നൽകിയ കത്തിനെ തുടർന്നായിരുന്നു ചീഫ് ജസ്റ്റിസിന്‍റെ ഇടപെടൽ. തുടർന്ന് റോഡുകളുടെ അറ്റകുറ്റപ്പണികൾ ഉടൻ നടത്തണമെന്ന് കാണിച്ച് കൊച്ചി കോർപ്പറേഷനും സർക്കാറിനും ഹൈക്കോടതി നോട്ടീസ് അയച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ റോഡിന്റെ അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാക്കുമെന്ന് കൊച്ചി മേയർ സൗമിനി ജെയിൻ വ്യക്തമാക്കിയിരുന്നു.

എറണാകുളം ജില്ലയിലെ കുണ്ടന്നൂരിലെയും വൈറ്റിലയിലെയും റോഡുകളുടെ അവസ്ഥ പരിതാപകരമാണ്. റോഡുകൾ നിറയെ കുണ്ടും കുഴിയും നിറഞ്ഞതോടെ ​ഗതാ​ഗതക്കുരുക്കിന് പുറമെ ഇവിടെ അപകടവും പതിവുകാഴ്ചയാവുകയാണ്. മേൽപ്പാല നിർമ്മാണം നടക്കുന്ന വൈറ്റിലയിലെയും കുണ്ടന്നൂരിലെയും ജംഗ്ഷനുകളിലെ റോഡുകളാണ് പൊട്ടിപ്പൊളിഞ്ഞ് കുടക്കുന്നത്. മണിക്കൂറോളമാണ് ഇവിടെ ​ഗതാ​ഗതക്കുരുക്ക് അനുഭവപ്പെടാറുള്ളത്. കൊച്ചി കോർപ്പറേഷൻ പരിധിയിൽ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള 83 കിലോമീറ്റർ റോഡിൽ പല ഭാഗത്തായി 15 കിലോമീറ്ററോളമാണ് തക‍ർന്നുകിടക്കുന്നത്.

എറണാകുളത്തെയടക്കമുള്ള സംസ്ഥാനത്ത് വിവിധയിടങ്ങളിലായി പൊട്ടികിടക്കുന്ന റോഡുകളുടെ ശോച്യാവസ്ഥയിൽ പൊതുമരാമത്ത് വകുപ്പ്  മന്ത്രി ജി സുധാകരനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പൊട്ടിതകർന്ന് ഗതാ​ഗതക്കരുക്ക് പതിവാകുന്ന കുണ്ടുന്നൂരിലെ റോഡുകൾ ഏറെ പരാതികൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ സന്ദർശനം നടത്തിയിരുന്നു. റോഡുകൾ പരിശേോധിച്ചതിന് ശേഷം സർവ്വീസ് റോഡിലടക്കം കുഴിയടക്കാനുള്ള നടപടികൾക്രമങ്ങൾ സ്വീകരിക്കാനുള്ള നിർദ്ദേശം കളക്ടറുൾപ്പടെയുള്ളവർക്ക് മന്ത്രി നൽകിയിരുന്നു. നിലവിൽ ടാറിങ് സാധ്യമല്ലെന്നും പ്രദേശത്തെ ​ഗതാ​ഗതക്കുരുക്ക് നിയന്ത്രിക്കുന്നത് സംബന്ധിച്ച് കളക്ടറുമായും എസ്പിയുമായും ചർച്ച നടത്തുമെന്നും കുണ്ടനൂർ സന്ദർശിച്ചതിനുശേഷം മന്ത്രി വ്യക്തമാക്കിയിരുന്നു. 
 
 

Follow Us:
Download App:
  • android
  • ios