ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി സംസ്ഥാനത്ത് 156 പേർ കൂടി അറസ്റ്റിലായതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 10310 ആയി. ഇതുവരെയായി വൻതോതിൽ എം.ഡി.എം.എ, കഞ്ചാവ്, ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുക്കുകയും ലഹരിക്കെതിരെ നിരവധി ബോധവത്ക്കരണ പരിപാടികൾ നടത്തുകയും ചെയ്തു.
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 149 കേസുകളിലായി 156 പേർ കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9556 ആയി ഉയർന്നു. ആകെ 10310 അറസ്റ്റുകളാണ് ഇതുവരെ നടന്നത്. ഇതുവരെ 8414.619 ഗ്രാം എം.ഡി.എം.എയും 1039.941 കി.ഗ്രാം കഞ്ചാവും 4730.159 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത കേസുകളിൽ സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 42 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വച്ചതിന് മൂന്ന് കേസുകളും 27 എൻ.ഡി.പി.എസ് ആക്ട് പ്രകാരം 104 കേസുകളുംകോട്പ പ്രകാരം 105 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരിൽ നിന്ന് 2.710 ഗ്രാം എം.ഡി.എം.എയും 3.591 കി.ഗ്രാം കഞ്ചാവും 6.94 ഗ്രാം ഹെറോയിനും ഒരു ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു.
ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 44 ബോധവത്ക്കരണ ക്ലാസുകൾ നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 9261 ഉം കൗൺസിലിങ്ങുകളുടെ എണ്ണം 592 ഉം ആണ്. സ്കൂൾ, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ആകെ 6602 ബോധവത്ക്കരണ പരിപാടികളും നടത്തി. ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.


