ദില്ലി: ദില്ലിയിലെ കുടിവെള്ള ക്ഷാമം ആംആദ്മി പാര്‍ട്ടിക്കെതിരായ രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷം. കൂടുതലിടങ്ങളില്‍ ജലവിതരണം നടത്തുമെന്ന വാഗ്ദാനം പോയിട്ട് കുടിവെള്ളം പോലും എത്തിക്കാത്തതിനെതിരെ  ബിജെപിയും കോണ്‍ഗ്രസും രംഗത്തെത്തിയിരിക്കുകയാണ്. 

ദില്ലി നഗര മധ്യത്തിലുള്ള വിവേകാന്ദ കോളനിയില്‍ അടക്കം ജനങ്ങള്‍ക്ക് കുടിവെള്ളം കിട്ടാക്കനിയാണ്.  ജലവിതരണം കുറ്റമറ്റതാക്കുമെന്നതായിരുന്നു ആംആദ്മി പാര്‍ട്ടിയുടെ പ്രകടനപത്രികയിലെ പ്രധാനവാഗ്ദാനങ്ങളിലൊന്ന്. കുടിവെള്ള ക്ഷാമം രൂക്ഷമാകുമ്പോള്‍ ജനത്തിന് മറുപടി നല്‍കാന്‍ ആംആദ്മിക്ക് കഴിയുന്നില്ലെന്നാണ് കോണ്‍ഗ്രസിന്‍റെയും ബിജെപിയുടെയും ആക്ഷേപം. 

ഈ വിഷയം ഉന്നയിച്ച് കഴിഞ്ഞ ദിവസം ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളുമായി കൂടക്കാഴ്ച  നടത്തിയ  കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് ഏഷ്യാനെറ്റ് ന്യൂസിനോട്  പ്രതികരിച്ചത് ഇങ്ങനെ - നമ്മള്‍ തന്നെ സഹിക്കണം. ഉത്തരവാദി സര്‍ക്കാരാണ്. മുഖ്യമന്ത്രിയോട് പരാതിപ്പെട്ടു. അത്ര തന്നെ.

കോണ്‍ഗ്രസും ബിജെപിയും കഴിഞ്ഞ ദിവസങ്ങളില്‍ ദില്ലി ജലഭവന്‍ ഉപരോധിച്ചിരുന്നു. അതേ സമയം  എല്ലായിടത്തും കുടിവെള്ളമെത്തുന്നുണ്ടെന്നും ആര്‍ക്കും പരാതിയില്ലെന്നുമാണ് ആംആദ്മി നേതാവും ദില്ലി ജലബോര്‍ഡ് വൈസ് ചെയര്‍മാനുമായ ദിനേഷ് മൊഹാനിയയുടെ അവകാശ വാദം.  ക്ഷാമം അനുഭവിക്കുന്ന കൃത്യം സ്ഥലം പറയൂ, പരിഹരിക്കാം. അല്ലാതെ ക്ഷാമം എന്നുവെറുതെ പറഞ്ഞാല്‍ ഒന്നും ചെയ്യാനാകില്ല - മൊഹാനി പറയുന്നു. 

നഗരത്തിലെ കുടിവെള്ള വിതരണം 85 ശതമാനവും  പൈപ്പ് ലൈനിലൂടെയാണ്.ജനങ്ങളെ സംഘടിപ്പിച്ച് സര്‍ക്കാരിനെതിരെ സമരം തുടങ്ങാനാണ് കോണ്‍ഗ്രസ് തീരുമാനം. ഏതാനും മാസങ്ങള്‍ക്കുള്ളിലെത്തുന്ന തെരഞ്ഞെടുപ്പിലേക്കടക്കം വിഷയം സജീവമാക്കാനാണ് ബിജെപി ശ്രമിക്കുന്നത്.