തിരുവനന്തപുരം: പിപിഇ കിറ്റ് വാങ്ങിയതില്‍ ക്രമക്കേട് നടന്നെന്ന ആരോപണം ആവര്‍ത്തിച്ച് പ്രതിപക്ഷ ഉപനേതാവ് എം കെ മുനീര്‍. തെര്‍മല്‍ സ്‍കാനറുകള്‍ ഇരട്ടി വില കൊടുത്ത് വാങ്ങിയ ആരോഗ്യവകുപ്പ് നടപടിയും ദുരൂഹമാണെന്ന് മുനീര്‍ ആരോപിച്ചു. എന്നാല്‍ മുനീര്‍ എന്തെങ്കിലും പറയാന്‍ വേണ്ടി മാത്രം ആരോപണം ഉന്നയിക്കുകയാണെന്ന് ആരോഗ്യമന്ത്രി തിരിച്ചടിച്ചു.

അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് കൂടുതല്‍ തെളിവുകള്‍ നിരത്തുകയാണ് എം കെ മുനീര്‍. കുറഞ്ഞ വിലയ്ക്ക് പിപിഇ കിറ്റുകള്‍ ലഭ്യമായിട്ടും 1500 രൂപയ്ക്ക് കിറ്റുകള്‍ വാങ്ങിയത് ഗുണനിലവാരം നോക്കിയാണെന്നാണ് കഴിഞ്ഞ ദിവസം സഭയില്‍ ആരോഗ്യമന്ത്രി വിശദീകരിച്ചത്. അങ്ങിനെയങ്കില്‍ തൊട്ടുതലേദിവസം 400 രൂപയ്ക്ക് ഗുണനിലവാരം കുറഞ്ഞ കിറ്റുകള്‍ വാങ്ങിയത് എന്തിനെന്ന കാര്യം മന്ത്രി വിശദീകരിക്കണമെന്ന് മുനീര്‍ ആവശ്യപ്പെട്ടു.  പരമാവധി 2500രൂപയ്ക്ക് ലഭ്യമാകുന്ന തെര്‍മല്‍ സ്കാനര്‍ 5000 രൂപയ്ക്ക് വാങ്ങിയ സര്‍ക്കാര്‍ നടപടിയിലും പ്രതിപക്ഷ ഉപനേതാവ് ക്രമക്കേട് ആരോപിച്ചു.

അതേസമയം ആരോപണങ്ങളെ പൂര്‍ണമായി നിരാകരിച്ച് ആരോഗ്യമന്ത്രി ഇന്നും രംഗത്തെത്തി. ആദ്യഘട്ടത്തില്‍ ഉയര്‍ന്ന വിലയ്ക്ക് കൂടുതല്‍ കിറ്റുകള്‍ വാങ്ങേണ്ടി വന്നെങ്കിലും എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് ഇത് വാങ്ങിയതെന്നും ഒരു ക്രമക്കേടും നടന്നിട്ടില്ലെന്നും കെ കെ ഷൈലജ വിശദീകരിച്ചു.