തെറ്റ് തിരുത്തിയാൽ വിമതരായ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാർട്ടിയിൽ തിരിച്ചെത്താമെന്ന നിലപാടിൽ ഉറച്ച് എംവി ജയരാജൻ. എന്നാൽ ഇത് പാർട്ടിയുടെ ഔദ്യോഗിക നിലപാടല്ലെന്ന് പാർട്ടി സെക്രട്ടറി വ്യക്തമാക്കിയതോടെ വിഷയത്തിൽ ഭിന്നത രൂക്ഷമായി. ഗൗരിയമ്മയെയും എം വി രാഘവനെയും പോലുള്ളവർ തെറ്റ് തിരുത്തി മടങ്ങിവന്ന ചരിത്രം ജയരാജൻ ഓർമ്മിപ്പിച്ചു.
കണ്ണൂര്‍: തെറ്റ് തിരുത്തിയാൽ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാർട്ടിയിൽ വരുന്നതിൽ തടസ്സമില്ലെന്ന നിപാടിൽ ഉറച്ച് പ്രതികരണത്തിനൊപ്പം പറഞ്ഞത് തിരുത്തിയും മറ്റ് വാദങ്ങൾ ഉന്നയിച്ചും എംവി ജയരാജന്റെ പ്രതികരണം. പാർട്ടി സെക്രട്ടറിക്ക് ഒരു അതൃപ്‌തിയുമില്ല. താൻ പറഞ്ഞ കാര്യങ്ങളിൽ നിലപാട് പറയേണ്ടത് വിമത എംഎൽഎമാരാണ്. തെറ്റ് തിരുത്തിയത് കൊണ്ടാണ് കെ ആർ ഗൗരിയമ്മയും എം വി രാഘവനും അവസാനകാലത്ത് ചെങ്കൊടിയോടൊപ്പം ചേർന്ന് പ്രവർത്തിച്ചതെന്നും പറഞ്ഞ എംവി ജയരാജൻ, പിന്നീട് പിഎം എശ്രീയും വിഴിഞ്ഞവും അടക്കമുള്ള കാര്യങ്ങൾ ചേര്‍ത്ത് ചില ചോദ്യങ്ങൾ ഉന്നയിച്ച് ഉരുണ്ടു കളിക്കുന്നതും കാണാമായിരുന്നു.
പാർട്ടി നേതൃത്വത്തിന്റെ നിലപാടല്ല എം വി ജയരാജന്റെ പ്രതികരണമെന്നും ഓരോരുത്തരും ഓരോ ചാനലിൽ സംസാരിക്കുന്നതിന് മറുപടി പറയണ്ടതില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കിയതിന് പിന്നാലെ ആയിരുന്നു എംവി ജയരാജന്റെ പ്രതികരണം. 'പാർട്ടിയുടെ ഭാഗമായല്ല അദ്ദേഹം സംസാരിച്ചത്. തെറ്റു തിരുത്തിയാൽ ആരെയും തിരിച്ചെടുക്കും. വർഗ്ഗ വഞ്ചന എന്നതാണ് തെറ്റ്. പക്ഷേ ജി സുധാകരനും ഗോവിന്ദനും കുഞ്ഞികൃഷ്ണനും പാർട്ടിയെ വഞ്ചിച്ച് പോയവരാണ്. വിമതരായി മത്സരിച്ചവർ വർഗവഞ്ചകരാണ്. അവരെ വിമർശിക്കുന്നത് തുടരുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.
വഞ്ചന അവർ ചെയ്തിട്ടില്ലെങ്കിൽ ഇതെല്ലാം അവർക്ക് അവസരമാണ്. മറുപടി പറയാതിരുന്നാൽ അവർ വഞ്ചനയാണ് ചെയ്തത് എന്ന് തെളിയിക്കുന്നതാണ്. ഗൗരിയമ്മ അടക്കമുള്ളവർ തെറ്റ് തിരുത്തിയത് കൊണ്ടാണ് അവർ അവസാന കാലത്താണ് എങ്കിലും പാർട്ടിയിൽ മടങ്ങി എത്തിയത്. അവരവരുടെ മണ്ഡലത്തിൽ അനുവദിച്ച കിഫ്ബി പദ്ധതികൾ ഉപേക്ഷിക്കരുത് എന്ന് അവർ കത്തെഴുതുമോ എന്നും അദ്ദേഹം ചോദിച്ചു.
ചോദ്യങ്ങൾ എംഎൽഎമാരോടെന്നും ജയരാജൻ
ശത്രു പാളയത്തിലെത്തിയ മൂന്ന് വിമത എംഎൽഎമാർ മറുപടി പറയേണ്ടത് വിഴിഞ്ഞം തുറമുഖത്തിൽ സതീശൻ അദാനി ഡീലിനെ കുറിച്ചാണ്. കരാർ വ്യവസ്ഥകൾ ലഭിച്ചതിനെതിരെ മുഖ്യമന്ത്രിയോട് നിയമനടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെടുമോ ?. ആ ചുമതല നിർവഹിക്കാൻ ബാധ്യതയുണ്ട്. മുഖ്യമന്ത്രിക്ക് കത്തെഴുതുമോ എന്നാണ് അവർ വ്യക്തമാക്കേണ്ടത്. തെറ്റ് തിരുത്താൻ ഉള്ള അവസരമാണ് അവർക്കിത്. തെറ്റ് തിരുത്തുമോ എന്ന് അവരാണ് വ്യക്തമാക്കേണ്ടത്. പിഎം ശ്രീയുമായി സർക്കാർ മുന്നോട്ടുപോകുന്നു എന്താണ് ഈ വിമത എംഎൽഎമാരുടെ അഭിപ്രായം ?, എസ്ഐആർ നടപ്പാക്കിയ ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയമിച്ചിരിക്കുന്നു , അതേക്കുറിച്ച് എന്താണ് അഭിപ്രായം ? വഞ്ചന അവർ ചെയ്തിട്ടില്ലെങ്കിൽ ഇതെല്ലാം അവർക്ക് അവസരമാണ്. മറുപടി പറയാതിരുന്നാൽ അവർ വഞ്ചനയാണ് ചെയ്തത് എന്ന് തെളിയിക്കുന്നു എന്നും ജയരാജൻ പറഞ്ഞു.
എംവി ജയരാജൻ നേരത്തെ പറഞ്ഞത്
തെറ്റ് തിരുത്തിയാൽ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാർട്ടിയിൽ വരുന്നതിൽ തടസ്സമില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജൻ. പാർട്ടിയെ വെല്ലുവിളിച്ചു പുറത്തുപോയ എം വി രാഘവനെ വരെ അവസാന കാലത്ത് സ്വീകരിച്ചിട്ടുണ്ട്. നയപരമായ തെറ്റ് പറ്റിയെന്ന് കരുതി ഒറ്റപ്പെടുത്തി മുന്നോട്ട് പോകില്ലെന്നും പയ്യന്നൂരിൽ പാർട്ടി സ്ഥാനാർത്ഥിയെ മാറ്റിയാൽ ജയിക്കുമായിരുന്നുവെന്നും എം വി ജയരാജൻ കണ്ണൂർ വിഷന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. താന്‍ ചെയ്ത തെറ്റ് എന്തെന്ന് ജയരാജന്‍ പറയട്ടെ. എങ്കിലെ മറുപടി പറയാനാകൂവെന്ന് വി കുഞ്ഞികൃഷ്ണന്‍ തിരിച്ചടിച്ചു. താന്‍ പറഞ്ഞത് പാര്‍ട്ടി തിരിച്ചറിഞ്ഞല്ലോ, അതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വർഗ വഞ്ചകൻ എന്ന് പറഞ്ഞത് പാർട്ടി ഭരണ ഘടനയിലുള്ള കാര്യമാണ്. അവർ നിലപാട് തിരുത്തിയാൽ വേണ്ടെന്ന് പറയില്ലെന്ന് എം വി ജയരാജൻ. പയ്യന്നൂരിലെയും തളിപ്പറമ്പിലെയും തോൽവിക്ക് ഒരു കാരണം സ്ഥാനാർത്ഥി നിർണയത്തിലെ പോരായ്മയാണ്. പയ്യന്നൂരും തളിപ്പറമ്പും ഒരുപോലെ കാണാൻ കഴിയില്ല. പയ്യന്നൂരിൽ മറ്റൊരാളെ സ്ഥാനാർത്ഥിയാക്കിയിരുന്നെങ്കിൽ ജയിക്കാമായിരുന്നുവെന്നും എം വി ജയരാജൻ പറഞ്ഞു. പയ്യന്നൂർ എപ്പോളും ജയിക്കാവുന്ന മണ്ഡലമാണ്. തളിപ്പറമ്പ് ഇപ്പോൾ അങ്ങനെയല്ല. എസ്ഐആറിന് ശേഷം തളിപ്പറമ്പിൽ യുഡിഎഫ് മേൽക്കൈ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ടി കെ ഗോവിന്ദനെ വീട്ടിൽ സ്വീകരിച്ച വിനോദിനിയെ എം വി ജയരാജൻ വിമർശിച്ചു. ഒരാൾ വീട്ടിൽ വന്നാൽ പുറത്താക്കാൻ കഴിയില്ല. എന്നാൽ സ്വീകരിച്ചു ആനയിച്ചത് ശരിയല്ലെന്നാണ് വിമര്‍ശനം.


