Asianet News MalayalamAsianet News Malayalam

Fuel price| പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം;ദില്ലിയിലേക്ക് കാളവണ്ടി സമരം നടത്താന്‍ ധനമന്ത്രിയുടെ പരിഹാസം

അപകടത്തിൽ മരിച്ചയാളുടെ മോതിരം അടിച്ചു മാറ്റുന്ന പണിയാണിതെന്ന് കെ ബാബു കുറ്റപ്പെടുത്തി. നികുതി കൂട്ടുന്ന കാര്യത്തിൽ കേന്ദ്രവും കേരളവും ചേട്ടൻ ബാവ അനിയൻ ബാവ എന്ന പോലെയാണെന്നും പരിഹാസം.

opposition against ldf government on fuel price tax hike in niyamasabha
Author
Delhi, First Published Nov 11, 2021, 11:16 AM IST

തിരുവനന്തപുരം: ഇന്ധന നികുതി പ്രശ്നത്തിൽ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. ഇന്ധന നികുതി കുറക്കാൻ തയ്യാറാകാതെ സംസ്ഥാന സർക്കാർ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു. നികുതി കൂട്ടിയ കേന്ദ്ര സർക്കാരാണ് കുറക്കേണ്ടതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. പ്രതിപക്ഷം ദില്ലിയിലേക്ക് കാളവണ്ടി സമരം നടത്തണമെന്നും ധനമന്ത്രി പരിഹസിച്ചു.

പ്രതിപക്ഷ എംഎൽഎമാർ സൈക്കിളിലാണ് ഇന്ന് രാവിലെ സഭയിലെത്തിയത്. എംഎൽഎ ഹോസ്റ്റൽ മുതൽ സഭ വരെയായിരുന്നു സൈക്കിൾ യാത്ര. ജനകീയ വിഷയങ്ങൾ ഉന്നയിച്ച് സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന നിലപാട് സഭ സമ്മേളനം അവസാനിക്കുന്ന ദിവസവും പ്രതിപക്ഷം ആവർത്തിച്ചു. വില കുറയ്ക്കാത്ത സർക്കാർ നടപടിക്കെതിരെ കെ ബാബു എംഎൽഎ അടിയന്തര പ്രമേയ നോട്ടീസ് നൽകി. കേന്ദ്രം ഇന്ധന നികുതി  കുറച്ചതിന് ആനുപാതികമായി കേരളവും. നികുതി കുറച്ച് ജനങ്ങൾക്ക് ആശ്വാസം നൽകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

എന്നാൽ, സംസ്ഥാനങ്ങൾക്ക് നാമമാത്രമായ പങ്ക് നൽകി നികുതി കുത്തനെ കൂട്ടിയ കേന്ദ്രമാണ് നികുതി കുറക്കേണ്ടതെന്ന് നിലപാട് ധനമന്ത്രി ആവർത്തിച്ചു. ഇടത് സർക്കാർ ആറ് വർഷത്തിനിടെ നികുതി കൂട്ടിയിട്ടില്ലെന്ന് ധനമന്ത്രി മറുപടി നൽകി. ഉമ്മൻചാണ്ടി സർക്കാർ 13 തവണ നികുതി കൂട്ടിയെന്നും മന്ത്രി ഓർമ്മിപ്പിച്ചു. ധനകാര്യ ഫെഡറലിസത്തെ വെല്ലുവിളിക്കുന്ന ബി ജെ പി സക്കാരിനെ കോൺഗ്രസ് പിന്തുണക്കുകയാണ്. കൂട്ടിയ കേന്ദ്രമാണ് നികുതി കുറക്കേണ്ടത്. അതിന് സൈക്കിളുമായി ദില്ലിക്ക് പോകണമെന്ന് ധനമന്ത്രി പരിഹസിച്ചു.

ഇന്ധന വില നിയന്ത്രണം കമ്പനികൾക്ക് വിട്ട് കൊടുത്തത് യുപിഎ സർക്കാരാണെന്നും ധനമന്ത്രി കുറ്റപ്പെടുത്തി. രാജ്യാന്തര വിപണിയിൽ വില കുറഞ്ഞപ്പോൾ കേന്ദ്രം നികുതി കൂട്ടുകയാണ് ചെയ്തത്. രാജസ്ഥാനിൽ കൊവിഡ് കാലത്ത് 4 ശതമാനം നികുതി കൂട്ടി. അപ്പോഴും കേരളം നികുതി കൂട്ടിയിട്ടില്ല. കേന്ദ്ര നികുതി കുറയ്ക്കാന്‍ കാളവണ്ടിയുമായി ദില്ലിക്ക് പോകണമെന്ന് ധനമന്ത്രി കോൺഗ്രസിനെ പരിഹാസിച്ചു. സംസ്ഥാനത്തിന് ആകെ പിരിക്കാൻ അധികാരമുളളത് മദ്യം-പെട്രോൾ നികുതികള്‍ മാത്രമാണ്. ഇവയിൽ സംസ്ഥാനത്തേക്കാൾ നികുതി കേന്ദ്രം പിരിക്കുന്നുണ്ടെന്നും ധനമന്ത്രി സഭയില്‍ പറഞ്ഞു. അതേസമയം, കേന്ദ്ര സർക്കാർ കൂട്ടിയപ്പോൾ വന്ന സ്വാഭാവിക വർദ്ധനയാണ് കേരളത്തിലുണ്ടായതെന്ന് ഉമ്മൻ ചാണ്ടി മറുപടി നൽകി.

Also Read: പ്രതിപക്ഷ എംഎല്‍എമാർ സൈക്കിള്‍ ചവിട്ടി നിയമസഭയിലേക്ക്, വേറിട്ട പ്രതിഷേധം ഇന്ധന നികുതിക്കെതിരെ

അതേസമയം, സൈക്കിൾ സമരത്തെ പരിഹസിച്ച ധനമന്ത്രിയുടെ നിലപാട് പ്രതിപക്ഷ നേതാവ് തള്ളി. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പാർലമെന്‍റിലേക്ക് 17 കക്ഷികൾ സൈക്കിൾ മാർച്ച് നടത്തിയപ്പോൾ സിപിഎം എം പിയാണ് പങ്കെടുക്കാതിരുന്നത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഇന്ധന നികുതിയിൽ നിന്ന് 500 കോടി അധിക വരുമാനം കിട്ടിയപ്പോൾ ഇടത് സർക്കാരിന് ഇതുവരെ 5000 കോടി അധികം കിട്ടി. അതിലൊരു പങ്ക് ഇന്ധന സബ്സിഡിയായി നൽകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇന്ധന നികുതി കുറക്കാൻ സർക്കാർ തയ്യാറുണ്ടോ എന്ന ചോദ്യത്തിന് മറുപടി വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ജനങ്ങളോടുള്ള വെല്ലുവിളിയെന്നാരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു.

Also Read: ഇന്ധന നികുതി, അടിയന്തര പ്രമേയത്തിന് അനുമതിയില്ല, സഭ ബഹിഷ്ക്കരിച്ച് പ്രതിപക്ഷം, ജനകീയ സമരവുമായി മുന്നോട്ട്

Follow Us:
Download App:
  • android
  • ios