സിൽവർ ലൈൻ സർവ്വേക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുക്കുന്നവരെ ഹീനമായി നേരിടുകയാണ് പൊലീസ്. ഫലത്തിൽ കേരളത്തിലെ പൊലീസ് ആറാടുകയാണ്

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കെതിരെ പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തരപ്രമേയ നോട്ടീസിൽ നിയമസഭയിൽ ചർച്ച തുടങ്ങി. ഉച്ചയ്ക്ക് ഒരു മണിക്ക് തുടങ്ങിയ ചർച്ചയിൽ പി.സി.വിഷ്ണുനാഥ് പ്രമേയത്തിന് അവതരിപ്പിച്ചു സംസാരിച്ചു. തുടർന്ന് എ.എൻ.ഷംസീർ, രമേശ് ചെന്നിത്തല, പി.എസ്.സുപാൽ എന്നിവർ സംസാരിച്ചു. 

പി.സി.വിഷ്ണുനാഥിൻ്റെ വാക്കുകൾ - 

സഭയിൽ ചർച്ചയില്ലെന്ന നിലപാടിൽ നിന്ന് സർക്കാരിന് പിൻവാങ്ങേണ്ടി വന്നു. സിൽവർ ലൈൻ പദ്ധതിക്കെതിരെ പോരാടുന്ന വീട്ടമ്മമാരുടെ വിജയം കൂടിയാണ് ഈ ചർച്ച. അത് യുഡിഎഫ് കൂടി നയിക്കുന്ന കേരളത്തിലെ സിൽവർ ലൈൻ വിരുദ്ധ സമരത്തിൻ്റെ വിജയമാണ്. സിൽവർ ലൈൻ പദ്ധതിയിൽ ചർച്ചയേ വേണ്ട എന്ന നിലയിൽ നിന്നുള്ള സർക്കാരിന്റെ നിലപാട് മാറ്റം പ്രതിപക്ഷത്തിന്റെ വിജയമാണ്.

സിൽവർ ലൈൻ സർവ്വേക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുക്കുന്നവരെ ഹീനമായി നേരിടുകയാണ് പൊലീസ്. ഫലത്തിൽ കേരളത്തിലെ പൊലീസ് ആറാടുകയാണ്. കേരള പൊലീസല്ല ഇത് കെ ഗുണ്ടകളാണ്. കുട്ടികളുടെ കരച്ചിലിനപ്പുറം എന്ത് സാമൂഹികാഘാത പഠനമാണ് ഇവിടെ വേണ്ടത്. ജനാധിപത്യ വിരുദ്ധമായ ഫാസിസമാണ് നടക്കുന്നത്. സർക്കാരിൻ്റെ ഭരണപരാജയം മറച്ചു വയ്ക്കാനുള്ള പൊങ്ങച്ച പദ്ധതിയാണിത്. അഹമ്മദാബാദ് - മുംബൈ ബുള്ളറ്റ് ട്രെയിൻ പദ്ധതിയെ എതിർത്തവരാണ് സിപിഎം. അടിമുടി ദുരൂഹതയാണ് സിൽവർ ലൈൻ പദ്ധതിയുടെ നടത്തിപ്പിലുള്ളത്. വായ്പ നൽകുന്ന കമ്പനിയുടെ താല്പര്യപ്രകാരമാണ് ബ്രോഡ്ഗേജ് പാത സ്റ്റാൻഡേർഡ് ഗേജ് ആക്കിയത്. 

പരിസ്ഥിതിയെ സംരക്ഷിക്കുന്ന നവകേരളത്തിന്റെ ഭാഗമാണോ ഈ പദ്ധതി. സാങ്കേതികവിദ്യ തീരുമാനിക്കുന്നതിൽ പോലും സർക്കാരിനോ റെയിൽവേക്കോ പങ്കില്ലാത്ത ഈ പദ്ധതിയെ ഞങ്ങൾ എന്തിന് പിന്തുണക്കണം? റീബിൽഡ് കേരളക്ക് കിട്ടിയ പണം പോലും വകമാറ്റിയ സർക്കാരാണിത്. റീ ബിൽഡ് കേരളക്ക് പോലും ഇന്ന് പണമില്ല. ജനങ്ങളുടെ ജീവനം സ്വത്തിനും സംരക്ഷണം കൊടുക്കേണ്ട പൊലീസ് മഞ്ഞക്കുറ്റി നടാൻ സംരക്ഷണം കൊടുക്കുകയാണ്. ലോകസമാധാനത്തിന് 2 കോടിയും ജനങ്ങളുടെ സമാധാനം കളയാൻ 2000 കോടിയും എന്ന നിലയാണ്. കമ്മീഷൻ അടിക്കാനുള്ള പദ്ധതിയാണ് കെ റെയിൽ. ഇവിടെ കെ റെയിൽ വേണ്ട കേരളം മതി.

എ.എൻ ഷംസീർ -  ഇടത് മുന്നണിയുടെ പ്രകടനപത്രികയിൽ പറഞ്ഞ പദ്ധതിയാണ് സിൽവർ ലൈൻ. ജനങ്ങൾ തെരഞ്ഞെടുപ്പിൽ ആ പദ്ധതിയെ അംഗീകരിച്ചതുമാണ്. ഇനിയിപ്പോൾ പ്രതിപക്ഷത്തിൻ്റെ അനുമതി ആ പദ്ധതികൾക്കായി ഞങ്ങൾക്ക് വേണ്ട. പദ്ധതി സർക്കാർ നടപ്പാക്കുക തന്നെ ചെയ്യും. കമ്മീഷനടി ഞങ്ങളുടെ പരിപാടിയല്ല. നിങ്ങൾക്ക് കമ്മീഷൻ കിട്ടുന്നത് കൊണ്ടാണ് നിങ്ങൾ സിൽവർ ലൈനിൽ കമ്മീഷനെപ്പറ്റി ആശങ്കപ്പെടുന്നത്. 

കെ റെയിൽ ഇല്ലാത്ത സ്ഥലത്തും ഉരുൾപൊട്ടും. പരിസ്ഥിതിയെ ഒരു തരത്തിലും പദ്ധതി ബാധിക്കില്ല. കെ റെയിൽ പദ്ധതിയിലെ പരിസ്ഥിതി നാശത്തെ പ്രതിപക്ഷം പെരുപ്പിച്ചു കാണിക്കുകയാണ്. മാടായിപ്പാറയ്ക്കോ കടലുണ്ടി പക്ഷിസങ്കേതത്തിനോ പൊന്നാനി കോൾപ്പാടങ്ങൾക്കോ പദ്ധതി മൂലം നാശം സംഭവിക്കുന്നില്ല. ഏറ്റവും മികച്ച പാക്കേജ് നൽകി ജനങ്ങളുടെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞും പരിഹരിച്ചുമാണ് സർക്കാർ മുന്നോട്ട് പോകുന്നത്. സർക്കാർ കൊണ്ടു വരുന്ന എന്തിനേയും ഏതിനേയും എതിർക്കുക എന്ന നയം നിങ്ങൾ അവസാനിപ്പിക്കണം. 2025-ൽ സിൽവർ ലൈൻ പൂർത്തിയായാൽ പിന്നെ സ്ഥിരമായി പ്രതിപക്ഷ ബെഞ്ചിലിരിക്കേണ്ടി വരും എന്നാണ് നിങ്ങളുടെ ഭയം. 

ബിജെപി ഓഫീസിൽ ഇപ്പോൾ കെ.സി.വേണുഗോപാലിൻ്റെ പടം വച്ച് ആരാധിക്കുകയാണ്. വികസനത്തെ എതിർക്കുന്ന നിലപാടാണ് കോൺ​ഗ്രസിന് അതിനാലാണ് അവ‍ർ സ്ഥിരമായി തോൽക്കുന്നതും. സിൽവ‍ർ ലൈൻ പദ്ധതിയുടെ തൂണു പൊളിക്കാൻ പോയാൽ പൊലീസിൽ നിന്നും നല്ല അടി ഇനിയും കിട്ടും അക്കാര്യത്തിൽ സംശയം വേണ്ട.

രമേശ് ചെന്നിത്തല - കേരളത്തിലെ സാധാരണക്കാരായ ജനങ്ങൾ ഒരു ചെറുത്തുനിൽപ്പ് പോരാട്ടത്തിലാണ്. കെറെയിൽ എന്ന അപ്രായോ​ഗിക പരിപാടിയുടെ പേരിൽ വീടും ജീവനോപാധിയും രക്ഷപ്പെടുന്ന ആയിരങ്ങളെ കേൾക്കാത്ത ഒരു സ‍ർക്കാരാണിത്. സമരങ്ങളോട് എന്ന് മുതലാണ് ഈ പുശ്ചം ഇടതുപക്ഷത്തിന് വന്നത്. 

തിരുവനന്തപുരം മുതൽ കാസ‍ർകോട് വരെയുള്ള സ്ത്രീകളും കുട്ടുകളും അടങ്ങുന്ന ബഹുജനവിഭാ​ഗം നടത്തുന്ന സമരത്തെ കണ്ടില്ലെന്ന് സ‍ർക്കാർ നടിക്കരുത്. എല്ലാദിവസവും തിരുവനന്തപുരത്ത് രാവിലെ ആറ് മണിക്ക് തിരിക്കുന്ന ജനശതാബ്ദി എക്സ്പ്രസ് ആറര മണിക്കൂ‍റിൽ കോഴിക്കോട് എത്തുന്നുണ്ട്. രാജധാനി, അന്ത്യോന്തയ എക്സ്പ്രസ്സുകളും അതിവേ​ഗം എത്തുന്നുണ്ട്. നിലവിലെ റെയിൽവേ ട്രാക്കിലെ വളവുകൾ ശരിയാക്കി സി​ഗന്ൽസംവിധാനം ആധുനീകരിച്ചാൽ കൂടുതൽ വണ്ടികളോടിക്കാൻ സാധിക്കും. 

അഞ്ച് മണിക്കൂർ കൊണ്ട് കാസർഗോഡ് എത്താൻ നിലവിൽ സൗകര്യമുള്ളപ്പോൾ മിസ്റ്റർ പിണറായി നിങ്ങൾ ഈ പദ്ധതി യുമായി മുന്നോട്ട് പോകരുത്. വായ്പ തരുന്ന ജയ്ക്കയുടെ (ജപ്പാൻ അന്താരാഷ്ട്ര ബാങ്ക്) ഉപകരണങ്ങൾക്ക് വേണ്ടിയാണ് പദ്ധതി സ്റ്റാൻഡേർഡ് ഗേജ് ആക്കിയത്. ചരടുകളുള്ള വിദേശവായ്പയാണ് സിൽവ‍ർ ലൈനിനായി സ്വീകരിക്കുന്നത്. കമ്മീഷനടിക്കാൻ വേണ്ടിയുള്ള ഈ പദ്ധതി മറ്റൊരു നന്ദീ​ഗ്രാമായി കേരളത്തെ മാറ്റും. 

പി.എസ്.സുപാൽ - ഭാവി തലമുറയെ കണ്ടുള്ള പദ്ധതിയാണ് സിൽവ‍ർ ലൈൻ. എന്നാൽ ഇവിടെ കുഞ്ഞ് ജനിക്കുന്നതിന് മുൻപേ കൊല്ലുന്ന പണിയാണ് പ്രതിപക്ഷം ചെയ്യുന്നത്. കേന്ദ്രം കേരളത്തിൻ്റെ റെയിൽവേ വികസനത്തിന് ഒന്നും ചെയ്യുന്നില്ല. സംസ്ഥാനത്തെ വൈദ്യുതീകരണവും പാത ഇരട്ടിപ്പിക്കലും പോലും പൂർത്തിയാക്കാൻ റെയിൽവേയ്ക്ക് സാധിക്കുന്നില്ല. കേരളത്തെ രണ്ടായി വിഭജിക്കുന്ന എക്സ്പ്രസ്സ് ഹൈവേ പദ്ധതി വിഭാവനം ചെയ്തത് നിങ്ങളാണ്. എന്നാൽ അങ്ങനെയൊന്നല്ല കെറെയിൽ. 

എ.കെ.മുനീർ - ഇതൊരു കാവ്യനീതിയാണ്. നിങ്ങളുടെ പ്രവർത്തകരെ അടിക്കാനാണോ നിങ്ങളെ അവർ കഷ്ടപ്പെട്ടു ജയിപ്പിച്ചു വിട്ടത്. ഇനിയും ആളുകളെ അടിക്കാൻ കേരളം പാർട്ടി ഗ്രാമമല്ല. ഇതൊന്നും പ്രതിപക്ഷം കൈയ്യുംകെട്ടി നോക്കിയിരിക്കില്ല. ഞങ്ങളുടെ നെഞ്ചത്തുകൂടി നടപ്പാക്കാമെന്നും കരുതണ്ട. ഞാൻ കേരളത്തെ രണ്ടാക്കാൻ ശ്രമിച്ചുവെന്നാണ് പറയുന്നത്. എന്നാൽ അതു സംഭവിക്കാൻ പോകുന്നത് സിൽവ‍ർ ലൈൻ പദ്ധതിയിലൂടെയാണ്. സിൽവ‍ർ ലൈൻ കേരളത്തെ രണ്ടാക്കും. കെ റയിലല്ല കേരളമാണ് വേണ്ടത്. സിൽവ‍ർ ലൈൻ പദ്ധതിക്കായി കേരളം വിട്ടുകൊടുക്കില്ല. ഇവിടെ സിപിഐ അം​ഗം പി.എസ്.സുപാൽ സിൽവ‍ർ ലൈനിനെ ന്യായീകരിച്ചു സംസാരിച്ചു. എംഎൻ ഗോവിന്ദൻ നായരുടേയും സി.അച്യുതമേനോൻ്റെയും മക്കൾ കാനം രാജേന്ദ്രനെ കണ്ട് പദ്ധതിയിൽ എതിർപ്പ് അറിയിച്ചത് അദ്ദേഹം അറിഞ്ഞുകാണില്ല.