Asianet News MalayalamAsianet News Malayalam

ഇതുവരെ രണ്ടാം തരംഗം തീർന്നിട്ടില്ല, ഇതാണോ ലോകോത്തര മാതൃക: കൊവിഡ് മരണങ്ങളിൽ സർക്കാരിനെതിരെ പ്രതിപക്ഷം

 ഡെൽറ്റ വൈറസ് കാരണം ആണ് രണ്ടാം ഘട്ടത്തിൽ വ്യാപനം കൂടിയത്. ഏറ്റവും മികച്ച ശാസ്ത്രീയ കോവിഡ് പ്രതിരോധം ഒരുക്കിയത് കേരളമാണ്. 

Opposition attacks government on covid deaths in assembly
Author
Thiruvananthapuram, First Published Oct 8, 2021, 11:16 AM IST

തിരുവന്തപുരം: കൊവിഡ് പ്രതിരോധത്തിലെ വീഴ്ചയും മരണക്കണക്കുകളിലെ പൊരുത്തക്കേടുകളും ചൂണ്ടിക്കാട്ടി നിയമസഭയിൽ വീണ്ടും പ്രതിപക്ഷവും ഭരണപക്ഷവും ഏറ്റുമുട്ടി. കൊവിഡ് ധനസഹായ വിതരണത്തിലെ അപര്യാപ്തത സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. പ്രതിപക്ഷ നിരയിൽ നിന്നും കുണ്ടറ എംഎൽഎ പി.സി.വിഷ്ണുനാഥാണ് പ്രമേയം അവതരിപ്പിച്ചത്.

കേരളത്തിൽ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ ഗുരുതര വീഴ്ചയുണ്ടെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടി സംസാരിച്ച വിഷ്ണുനാഥ് പറഞ്ഞു. വാക്സീൻ ചലഞ്ചിലൂടെ സമാഹരിച്ച 800 കോടി രൂപ സംസ്ഥാന സർക്കാർ ഒന്നും ചെയ്തില്ലെന്നും പ്രതിദിനം നൂറിലേറെ ആളുകൾ മരിക്കുന്ന സ്ഥിതിയാണ് കേരളത്തിലുള്ളതെന്നും വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി.

എന്നാൽ കൊവിഡ് വ്യാപനം വർധിക്കാനും കുറയാതെ തുടരാനും മരണനിരക്ക് ഏറാനും കാരണമായത് ഡെൽറ്റ വൈറസാണെന്ന്  ആരോഗ്യമന്ത്രി വീണ ജോർജ് മറുപടി നൽകി. ഏറ്റവും ശാസ്ത്രീയമായ മാർഗ്ഗത്തിലൂടെ കൊവിഡിനെ പ്രതിരോധിച്ചത് കേരളമാണെന്നും ആരോഗ്യമന്ത്രി അവകാശപ്പെട്ടു. 

ആരോഗ്യമന്ത്രിയുടെ വാദത്തെ എതിർത്തു സംസാരിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശൻ കേരളത്തേക്കാൾ നന്നായി കൊവിഡിനെ പ്രതിരോധിച്ചത് മറ്റു സംസ്ഥാനങ്ങളാണെന്ന് പറഞ്ഞു. കേരളത്തിലെ രണ്ടാം തരംഗം ഇത്രമാസമായിട്ടും തീർന്നിട്ടില്ല. ഇതാണോ കൊവിഡ് പ്രതിരോധ തന്ത്രമെന്നും ഇതാരുടെ തന്ത്രമാണെന്നും വിഡി സതീശൻ ചോദിച്ചു. കേരളത്തിന്റ പ്രതിരോധം മികച്ചത് എന്ന് പറഞ്ഞത് സർക്കാരല്ല കെ.കെ.ശൈലജയായിരുന്നുവെന്നും സതീശൻ പരിഹസിച്ചു. ആരോഗ്യമന്ത്രിയുടെ മറുപടിയെ തുടർന്ന് സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നുമിറങ്ങി പോയി. 

നിയമസഭയിൽ കേട്ടത് - 

പിസി വിഷ്ണുനാഥ് 

ഇന്ത്യയിൽ ഉണ്ടാകുന്ന കോവിഡ് മരണങ്ങളിൽ 60 ശതമാനവും കേരളത്തിലാണ്. വിട്ടു പോയ മരണങ്ങൾ മൂന്നു ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിക്കും എന്ന് ആരോഗ്യമന്ത്രി പറഞ്ഞിട്ടും ചെയ്തില്ല. എത്ര പേര് മരിച്ചു എന്ന കൃത്യമായ കണക്ക് സർക്കാർ പറയുന്നില്ല. കൊവിഡ് മരണങ്ങൾ പ്രസിദ്ധപ്പെടുത്തുന്നതിൽ ഗുരുതര വീഴ്ച്ചയാണ് സർക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടായത്. 30 ശതമാനം ആളുകളും ആശുപത്രിയിൽ എത്താൻ വൈകിയത് കൊണ്ടാണ് മരിച്ചത് എന്ന് തെളിയിക്കുന്ന രേഖകളുണ്ട്. വാക്സിൻ ചലഞ്ചിൽ കിട്ടിയ 800 കോടി രൂപ കൊണ്ട് സർക്കാർ ഒന്നും ചെയ്തില്ല. ദിവസവും നൂറുകണക്കിനാളുകൾ മരിക്കുന്ന നിലയിലാണ് കേരളത്തിലെ കൊവിഡ് പ്രതിരോധം മുന്നോട്ട് പോകുന്നത്. 

വീണ ജോർജ്  (ആരോഗ്യമന്ത്രി)

കൊവിഡ് ബാധിച്ചു മരിച്ചവർക്ക് നഷ്ടപരിഹാരം നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനം വന്നപ്പോൾ തന്നെ സംസ്ഥാന സർക്കാർ സഹായ വിതരണത്തിനുള്ള നടപടി തുടങ്ങിയിരുന്നു. അർഹതപ്പെട്ട എല്ലാവരുടെ കുടുംബത്തിനും ധന സഹായം ഉറപ്പാക്കും. ഡെൽറ്റ വൈറസ് കാരണം ആണ് രണ്ടാം ഘട്ടത്തിൽ വ്യാപനം കൂടിയത്. ഏറ്റവും മികച്ച ശാസ്ത്രീയ കോവിഡ് പ്രതിരോധം ഒരുക്കിയത് കേരളമാണ്. കൊവിഡ് മരണങ്ങളിൽ മറച്ചുവയ്ക്കാൻ ഒന്നും തന്നെയില്ല. 

വിഡി സതീശൻ (പ്രതിപക്ഷനേതാവ്)

ലോകത്ത് ഏറ്റവും കുറവ് രോഗികൾ കേരളത്തിലാണെന്നും മരണ നിരക്ക് ഇവിടെ വളരെ കുറവാണെന്നും സർക്കാർ അവകാശപെട്ടു. ഇപ്പോൾ എല്ലാം കൂടി ആയിരക്കണക്കിന് പേരെ മരണ പട്ടികയിൽ നിന്നും ഒഴിവാക്കി. ജൂൺ 16 വരെ മരിച്ചവരുടെ കണക്ക് ആരുടെ കൈയിലാണുള്ളത്. ജില്ലകളിലെ കൊവിഡ് മരണങ്ങൾ സംബന്ധിച്ച് ഡിഎംഒമാർ നൽകിയ റിപ്പോർട്ട് ഇത് വരെ പുറത്തു വിട്ടിട്ടില്ല. പുറത്തു വിട്ടാൽ സർക്കാരിൻ്റെ അവകാശ വാദങ്ങൾ പൊളിയും. മേനി നടിക്കാൻ പാവപ്പെട്ടവരുടെ മരണം സർക്കാർ ഒളിച്ചു വച്ചു. ജൂൺ 16 വരെ ഉള്ള മരണം പുറത്തു വിടാത്തത് സ്വകാര്യത സംരക്ഷിക്കാൻ എന്നാണ് സർക്കാർ പറയുന്നത്. ജൂൺ 16-ന് മുൻപ് മരിച്ചവർക്ക് മാത്രം മതിയോ സ്വകാര്യത? ജൂൺ 16-ന് മുൻപ് മരിച്ചവരുടെ കണക്ക് എന്തു കൊണ്ട് സർക്കാർ പ്രസിദ്ധീകരിക്കുന്നില്ല.

മരണങ്ങൾ സംബന്ധിച്ച യഥാർത്ഥ കണക്ക് ഒളിച്ചു വയ്ക്കുകയാണ്. ഐസിഎംആർ മാർഗരേഖ സർക്കാർ പാലിക്കുന്നില്ല. കേരളത്തേക്കാൾ നന്നായി കൊവിഡിനെ പ്രതിരോധിച്ചത് മറ്റു സംസ്ഥാനങ്ങളാണ്. മറ്റു സംസ്ഥാനങ്ങൾ ഒന്നും ഒളിക്കുന്നില്ല. കേരളത്തിൽ കൊവിഡിൻ്റെ രണ്ടാം വരവ് തീർന്നോ? ഇതാണോ സർക്കാരിൻ്റെ തന്ത്രം. ഇതാരുടെ തന്ത്രമാണ് നടപ്പാക്കുന്നത്?  കേരളത്തിന്റ പ്രതിരോധം മികച്ചത് എന്ന് പറഞ്ഞത് സർക്കാർ അല്ല മുൻ ആരോഗ്യമന്ത്രിയായ കെ.കെ. ശൈലജയാണ്. മരിച്ചവരെ കുറിച് ഒരു പഠനവും ഇതുവരെ നടത്തിയിട്ടില്ല. പിന്നെ എങ്ങിനെ മൂന്നാം തരംഗത്തെ നേരിടും. എല്ലാ സംസ്ഥാനത്തും ചികിത്സ ഫ്രീയാണ്. ഇവിടെ ഇപ്പോഴും കൊവിഡാനന്തര ചികിത്സക്ക് പണം ഈടാക്കുന്നു. 
 

Follow Us:
Download App:
  • android
  • ios