Asianet News MalayalamAsianet News Malayalam

രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് കാരണം സര്‍ക്കാരെന്ന് പ്രതിപക്ഷം; വര്‍ഗ്ഗീയ ശക്തികളാണെന്ന് വാദിച്ച് ഇടതുമുന്നണി

ആലപ്പുഴയുടെ തനിയാവര്‍ത്തനമായി പാലക്കാടും എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് സംഘര്‍ഷത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതോടെ സര്‍ക്കാരിനെതിരായ വിമര്‍ശനം കൂടുതല്‍ ശക്തമാക്കുകയാണ് പ്രതിപക്ഷം. ഇരു സംഘടനകളുമായും കൊടുക്കല്‍ വാങ്ങല്‍ നടത്തിയ സിപിഎമ്മും സര്‍ക്കാരുമാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് ഉത്തരവാദികളെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. ആഭ്യന്തര വകുപ്പിനെതിരെ നേരത്തെ തന്നെ വിമര്‍ശനം ശക്തമാക്കിയിരുന്ന പ്രതിപക്ഷത്തിന് കിട്ടിയ മറ്റൊരു ആയുധമായി പാലക്കാട്ടെ ഇരട്ടക്കൊലപാതകം. 

opposition blames government for political killings ldf argues that they are communal forces
Author
Thiruvananthapuram, First Published Apr 17, 2022, 5:34 PM IST

തിരുവനന്തപുരം: ആവര്‍ത്തിച്ചുണ്ടാകുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് കാരണം സര്‍ക്കാരിന്‍റെ നടപടികളെന്ന വിമര്‍ശനവുമായി പ്രതിപക്ഷം രം​ഗത്തെത്തി. അതേസമയം, സമാധാനം തകര്‍ക്കുന്നത് വര്‍ഗ്ഗീയ ശക്തികളാണെന്ന വാദവുമായി ഇടതുമുന്നണിയും രംഗത്തെത്തി.  എന്നാല്‍‍ സംഘര്‍ഷം അടിച്ചമര്‍ത്തണമെന്നായിരുന്നു ജില്ലയുടെ ചുമതലയുളള മന്ത്രി കെ. കൃഷ്ണന്‍ കുട്ടിയുടെ നിര്‍ദ്ദേശം. 

ആലപ്പുഴയുടെ തനിയാവര്‍ത്തനമായി പാലക്കാടും എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് സംഘര്‍ഷത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതോടെ സര്‍ക്കാരിനെതിരായ വിമര്‍ശനം കൂടുതല്‍ ശക്തമാക്കുകയാണ് പ്രതിപക്ഷം. ഇരു സംഘടനകളുമായും കൊടുക്കല്‍ വാങ്ങല്‍ നടത്തിയ സിപിഎമ്മും സര്‍ക്കാരുമാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് ഉത്തരവാദികളെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. ആഭ്യന്തര വകുപ്പിനെതിരെ നേരത്തെ തന്നെ വിമര്‍ശനം ശക്തമാക്കിയിരുന്ന പ്രതിപക്ഷത്തിന് കിട്ടിയ മറ്റൊരു ആയുധമായി പാലക്കാട്ടെ ഇരട്ടക്കൊലപാതകം. 

അതേസമയം, സംഘര്‍ഷത്തില്‍ സര്‍ക്കാരിന് വീഴ്ചയില്ലെന്ന ശക്തമായ വാദവുമായി രംഗത്തിറങ്ങുകയാണ് ഇടതുമുന്നണിയും  സിപിഎമ്മും. സംഘര്‍ഷത്തിന്‍റെ പേരില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്താനാണ് ചിലരുടെ ശ്രമമെന്നും സമാധാനം തകര്‍ക്കുന്നത് വര്‍ഗ്ഗീയ കക്ഷികളെന്നും ഇടതുമുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്‍ ആരോപിച്ചു. സംഘര്‍ഷം തടയാന്‍ ഇടതുവരെ പൊലീസ് സ്വീകരിച്ച നടപടികള്‍ തൃപ്തികരമെന്നായിരുന്നു സ്പീക്കര്‍ എംബി രാജേഷിന്‍റെ പ്രതികരണം. 

വര്‍ഗ്ഗീയ ധ്രുവീകരണത്തതിനെതിരെ പ്രചാരണം നടത്താന്‍ പാലക്കാട്ട് ചേര്‍ന്ന ഇടതുമുന്നണി യോഗം തീരുമാനിച്ചു. ഈ മാസം 25 മുതല്‍ 30 വരെ എല്ലാ നിയോജക മണ്ഡലങ്ങളിലും വര്‍ഗ്ഗീയ വിരുദ്ധ റാലി സംഘടിപ്പിക്കും. സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കില്ലെന്ന നിലപാട് ബിജെപി നേതാക്കള്‍ തിരുത്തണമെെന്നും ഇടതുമുന്നണി നേതാക്കള്‍ ആവശ്യപ്പെട്ടു.

പൊലീസിൽ വർ​ഗീയ ശക്തികൾ, സംസ്ഥാനത്ത് ​ഗുണ്ടകളുടെ അഴിഞ്ഞാട്ടം, സർക്കാരിന്റെ നിസം​ഗത ഭയാനകം; പ്രതിപക്ഷനേതാവ്

തിരുവനന്തപുരം: പാലക്കാട്ടെ രാഷ്ട്രീയകൊലപാതകങ്ങളിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. പരസ്പരം കൊന്നൊടുക്കുന്ന വർഗീയ ശക്തികളെ തടുക്കാൻ സർക്കാരിന് കഴിയുന്നില്ല. ഗുണ്ടകളുടെ അഴിഞ്ഞാട്ടം സംസ്ഥാനത്ത് ഉണ്ട്. ശക്തമായ നടപടി എടുക്കാൻ പോലീസിന് കഴിയുന്നില്ല. വർഗീയ ശക്തികൾ പോലീസിൽ നുഴഞ്ഞു കയറിയിട്ടുണ്ട്. പൊലീസിന്റെ കയ്യിലുള്ള വിവരങ്ങൾ ഒക്കെ അവർ രാഷ്ട്രീയനേതാക്കൾക്ക് ചോർത്തി കൊടുക്കുകയാണെന്നും പ്രതിപക്ഷനേതാവ് വിമർശിച്ചു.

വർഗീയ ശക്തികൾ പോലീസിൽ നുഴഞ്ഞു കയറി എന്നു സിപിഐ നേതാക്കളായ ഡി രാജയും ആനി രാജയും പറഞ്ഞത് ശരിയാണ്. അന്ന് അത് പറഞ്ഞതിന്റെ പേരിൽ അവരും വിമർശനം നേരിട്ടു. ഈ നുഴഞ്ഞുകയറ്റത്തെക്കുറിച്ച് ശക്തമായി പരിശോധിക്കണം. ഇന്റലിജൻസ് ഉൾപ്പടെ ഇക്കാര്യം പരിശോധിക്കണം. 

കേരളത്തിലെ വർ​ഗീയശക്തികൾ പരസ്പരം പാലൂട്ടി വളർത്തുന്ന ശത്രുക്കളാണ്. ഇവരുടെ നിലനിൽപ് മറുഭാഗം കാണിക്കുന്ന ആക്രമണം ആണ്. 
ഇതു കേരള രാഷ്ട്രീയ പാരമ്പര്യത്തിന് യോജിച്ചതല്ല. വർഗീയ ധ്രുവീകരണത്തെ ഗൗരവത്തോടെ നോക്കി കാണണം. മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടികൾ തന്നെയാണ് ഇതിനൊക്കെ കാരണം. സംഘടനകളുടെ നേതൃത്വത്തിൽ ഉള്ളവരും ഗൂഢാലോചനയിൽ പങ്കാളികളാണ്. എസ്ഡിപിഐയും ആർഎസ്എസും സിപിഎമ്മുമായി പല കൊടുക്കൽ വാങ്ങൽ നേരത്തെ നടത്തിയിട്ടുണ്ട്. 

അക്രമ സംഭവങ്ങളിൽ പാവങ്ങൾ ഇരകൾ ആവുന്നു. സമൂഹത്തിൽ ഇടം ഉണ്ടാക്കാൻ ആണ് അക്രമം നടത്തുന്ന സംഘടനകൾ ശ്രമിക്കുന്നത്. 
ലോക സമാധാനത്തിനു രണ്ട് കോടി ബജറ്റിൽ നീക്കി വച്ച സംസ്ഥാനത്താണ് സമാധാന ലംഘനം നടക്കുന്നത്. ആക്രമണങ്ങളിൽ മയക്കുമരുന്നിന്റെ സ്വാധീനം ഉണ്ട്. ജില്ലാ കളക്ടർമാരെ പാർട്ടി നേതൃത്വങ്ങൾ സ്വാധീനിക്കുന്നു. എല്ലാ ദിവസവും മുഖ്യമന്ത്രി ഒറ്റപ്പെട്ട സംഭവം എന്നാണ് പറയുന്നത്. സർക്കാർ നടത്തുന്നത് വർഗീയ പ്രീണനമാണ്. അതിന്റെ ഫലം ആണ് ആക്രമണ സംഭവങ്ങൾ. ദേശീയ തലത്തിൽ പോലും കേരളത്തിന്റെ പ്രതിച്ഛായ മോശം ആകുന്നു. ശക്തമായ പ്രക്ഷോഭത്തെ കുറിച്ചു യുഡിഎഫ് ആലോചിക്കും. 

പി ജെ കുര്യൻ രാഹുൽ ഗാന്ധിക്കെതിരെ പറഞ്ഞ കാര്യം താൻ അറിഞ്ഞില്ല. അതേക്കുറിച്ചുള്ള വാർത്തയൊന്നും കണ്ടില്ല. തൃക്കാക്കരയിലെ സ്ഥാനാർഥിത്വം സംബന്ധിച്ച ചർച്ചകൾ അടുത്ത ആഴ്ച ചർച്ച തുടങ്ങും. ആരെയൊക്കെ പരിഗണിക്കുന്നു എന്നു ഇപ്പോൾ പറയാൻ ആവില്ല. കെ വി തോമസിനെ രാഷ്ട്രീയ കാര്യസമിതി യോഗത്തിലേക്ക് ക്ഷണിച്ചോയെന്ന് അറിയില്ല. വിളിച്ചു കാണില്ലായിരിക്കാം. അതൊക്കെ തീരുമാനിക്കേണ്ടത് കെ പി സി സി പ്രസിഡണ്ട് ആണെന്നും വി ഡി സതീശൻ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios