ഫീസ് വര്‍ധിപ്പിക്കാനുള്ള ഉറപ്പാണ് സർക്കാർ മാനേജ്മെൻറുകൾക്ക് നൽകിയിരിക്കുന്നതെന്നും ശിവകുമാര്‍ ആരോപിച്ചു. ഏകീകൃത ഫീസ് തീരുമാനിക്കുന്നത് ഫീസ് നിയന്ത്രണ സമിതിയാണെന്നും അത് സർക്കാർ അംഗീകരിക്കുകയാണ് ചെയ്യുന്നതെന്നും മന്ത്രി കെ കെ ശൈലജ മറുപടി നല്‍കി. 

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശനത്തിന് കാലതാമസം ഉണ്ടാവില്ലെന്നും ഫീസ് സംബന്ധിച്ച് ആശയക്കുഴപ്പമില്ലെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ നിയമസഭയില്‍ അറിയിച്ചു. പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ മാനേജ്മെന്‍റുകളുമായി ഒത്തുകളിക്കുകയാണെന്നും പ്രവേശനത്തിന് കാലതാമസമുണ്ടായെന്നുമുള്ള പ്രതിപക്ഷത്തിന്‍റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

അതേസമയം സ്വാശ്രയ മെഡിക്കല്‍ കോളേജ് വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി. സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശനത്തിനും ഫീസ് നിര്‍ണയത്തിനും രണ്ട് കമ്മിറ്റി രൂപീകരിക്കണമെന്ന് 2017ല്‍ കോടതി നിര്‍ദേശം വന്നതാണ്. എന്നിട്ടും രണ്ട് വര്‍ഷത്തിന് ശേഷമാണ് ഇത് നടപ്പായതെന്ന് പ്രതിപക്ഷം സഭയില്‍ കുറ്റപ്പെടുത്തി. വി എസ് ശിവകുമാര്‍ എംഎല്‍എയാണ് ശൂന്യവേളയില്‍ ഇത് സംബന്ധിച്ച ചോദ്യമുന്നയിച്ചതും അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയതും.

നീറ്റ് ഫലം വന്നിട്ട് ഒരു മാസമായിട്ടും പ്രവേശനത്തിന് നടപടി ഉണ്ടായില്ലെന്ന് വി എസ് ശിവകുമാർ വിമര്‍ശിച്ചു. ഫീസ് നിർണ്ണയം വൈകുന്നത് സർക്കാരിന്റെ പിടിപ്പുകേട് മൂലമാണ്. ഫീസ് വര്‍ധിപ്പിക്കാനുള്ള ഉറപ്പാണ് സർക്കാർ മാനേജ്മെൻറുകൾക്ക് നൽകിയിരിക്കുന്നതെന്നും ശിവകുമാര്‍ ആരോപിച്ചു. ഫീസിനെക്കുറിച്ച് കുട്ടികൾക്ക് ധാരണയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

ഫീസിനെക്കുറിച്ചുള്ള ചോദ്യത്തിന് മന്ത്രിക്ക് മറുപടിയില്ല.മാനേജുമെന്റുകളുമായി സർക്കാർ ഒത്തുകളിക്കുന്നു. തലവരി വാങ്ങാൻ കഴിയാത്തതുകൊണ്ട് മാനേജ്മെന്‍റുകള്‍ക്ക് ഉണ്ടായ നഷ്ടം ഫീസ് കൂട്ടി നികത്തി കൊടുക്കുന്ന സർക്കാരാണ് ഇപ്പോഴുള്ളതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ഏകീകൃത ഫീസ് തീരുമാനിക്കുന്നത് ഫീസ് നിയന്ത്രണ സമിതിയാണെന്നും അത് സർക്കാർ അംഗീകരിക്കുകയാണ് ചെയ്യുന്നതെന്നും മന്ത്രി കെ കെ ശൈലജ മറുപടി നല്‍കി. കേരളത്തിലാണ് ഏറ്റവും കുറഞ്ഞ ഫീസ് ഈടാക്കുന്നത്. സ്വാശ്രയ കോളേജുകളിലെ പ്രവേശനവും ഫീസും സംബന്ധിച്ച രണ്ട് കമ്മറ്റികൾ രൂപീകരിക്കുന്നതിന് ചെറിയ കാലതാമസമുണ്ടായി എന്നത് ശരിയാണ്. തെരഞ്ഞെടുപ്പ് ആയതിനാലാണ് അങ്ങനെ സംഭവിച്ചതെന്നും മന്ത്രി പറഞ്ഞു.

മെഡിക്കൽ കോളേജ് മേഖലയെ യുഡിഎഫ് വലിയ കച്ചവടകേന്ദ്രമാക്കി മാറ്റിയിരുന്നതായി മന്ത്രി ആരോപിച്ചു. എൽഡിഎഫ് മാനേജ്മെന്റുകൾക്കെതിരെ നിയമപരമായി പോരാടി. കോടതിയിൽ മാനേജ്മെന്‍റുകള്‍ ജയിച്ചുപോകുന്ന പതിവ് അവസാനിപ്പിച്ചു. കഴിഞ്ഞ സര്‍ക്കാര്‍, ആറ് മാനേജ്മെന്റുകളുമായി മാത്രമാണ് ധാരണയിലെത്തിയത്. ഈ സര്‍ക്കാര്‍ 20 മാനേജ്മന്‍റുകളുമായി ധാരയിലെത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.