Asianet News MalayalamAsianet News Malayalam

സംസ്ഥാന വ്യാപകമായി പ്രതിപക്ഷ പ്രതിഷേധം: പലയിടത്തും പൊലീസ് ലാത്തിചാർജ്

 സംസ്ഥാന വ്യാപകമായി പ്രതിപക്ഷ യുവജനസംഘടനകൾ പ്രതിഷേധമാർച്ച് നടത്തി. പലയിടത്തും മാർച്ചിൽ സംഘർഷവും അക്രമണവും ഉണ്ടായി. 

opposition conducts protest against state government
Author
Thiruvananthapuram, First Published Sep 15, 2020, 1:26 PM IST

തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിച്ച് സംസ്ഥാനത്തെ പ്രതിപക്ഷ സംഘടനകൾ. കെടി ജലീലിനും ഇപി ജയരാജനുമെതിരെ പ്രതിഷേധമുയർത്തി സംസ്ഥാന വ്യാപകമായി പ്രതിപക്ഷ യുവജനസംഘടനകൾ പ്രതിഷേധമാർച്ച് നടത്തി. പലയിടത്തും മാർച്ചിൽ സംഘർഷവും അക്രമണവും ഉണ്ടായി. 

കെ.ടി.ജലീൽ രാജിവയ്ക്കണം എന്ന് ആവശ്യപ്പെട്ട് കെ.എസ്.യുവിൻ്റെ നേതൃത്വത്തിൽ കോഴിക്കോട് കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി. മാർച്ചിനിടെ പ്രവർത്തകർ വയനാട് - കോഴിക്കോട് ദേശീയപാത ഉപരോധിച്ചു. ഇവരെ നീക്കം ചെയ്യാൻ പൊലീസ് ശ്രമിച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ കെഎസ്.യു കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് നിഹാൽ അടക്കം പത്ത് പേർക്ക് പരിക്കേറ്റു. വയനാട് കളക്ട്രേറ്റിക്ക് കെഎസ്.യു നടത്തിയ മാർച്ചിൽ പ്രവർത്തകർ ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ചത് തിരക്കിന് ഇടയാക്കി. ബാരിക്കേഡ് മറികടന്നു വന്ന പ്രവർത്തകരെ പൊലീസ് ലാത്തിവീശി ഓടിക്കാൻ ശ്രമിച്ചു. ഇതു സംഘർഷത്തിന് കാരണമായി. പത്തനംതിട്ട കളക്ട്രേറ്റിലേക്കും കെഎസ്യു പ്രവർത്തകർ മാർച്ച് നടത്തി.

മന്ത്രി കെ.ടി ജലീലിൻ്റെ രാജി ആവശ്യപ്പെട്ട് യുവമോർച്ച പാലക്കാട് കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. ബാരിക്കേഡ് തകർത്ത് അകത്ത് കയറാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ  പൊലീസ് ലാത്തി വീശി. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ വഴങ്ങാതെ വന്നതോടെ പോലീസ് വീണ്ടും ലാത്തിവീശി. തുടർന്ന് കൂടുതൽ പ്രവർത്തകരെത്തി റോഡ് ഉപരോധിച്ചു. യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡൻ്റ് ഇ. പി നന്ദകുമാർ ഉൾപ്പടെ നിരവധി പേർക്ക് പരിക്കേറ്റു. യുവമോർച്ച പ്രവർത്തകരെ കള്ളകേസ്റ്റിൽ കുടുക്കുന്നു എന്ന് ആരോപിച്ചു കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിലേക്കും മാർച്ച് നടന്നു. 

 പാപ്പിനിശ്ശേരിയിലെ മന്ത്രി ഇ.പി.ജയരാജൻ്റെ വീട്ടിലേക്ക് യുവമോർച്ച മാർച്ച് നടത്തി. മാർച്ച് ഉദ്ഘാടനം ചെയ്ത ബിജെപി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.  സന്ദീപ് വാര്യരെ അറസ്റ്റ് ചെയ്ത് കൊണ്ട് പോയ വാഹനത്തിന് നേരെ പ്രവർത്തകർ കല്ലെറിഞ്ഞു. സെക്രട്ടേറിയേറ്റിലേക്ക് ജനതാദൾ നടത്തിയ മാർച്ചിൽ ജലീലിൻ്റെ കോലം കത്തിച്ചു. ഇതേതുടർന്ന് പൊലീസ് ലാത്തി വീശി. 

തിരുവനന്തപുരം ജില്ല പഞ്ചായത്തിന് മുന്നിൽ യുഡിഎഫ് സത്യാഗ്രഹം സംഘടിപ്പിച്ചു. സമരങ്ങളെ ചോരയിൽ മുക്കി കൊല്ലാൻ ആണ് സർക്കാർ ശ്രമിക്കുന്നത് എങ്കിൽ കേരളം അത് പൊറുക്കില്ലെന്നും  സത്യാഗ്രഹം ഉദ്ഘാടം ചെയ്തു കൊണ്ടു മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സ്വർണക്കടത്ത് കേസ് പ്രതികളെ ഏത് സാഹചര്യത്തിൽ ആണ്  തുടരെ തുടരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് എന്ന് സർക്കാർ വിശദീകരണം നൽകണം. തുടർച്ചായിയ ആശുപത്രിയിൽ നിർത്താൻ തക്ക അസുഖങ്ങൾ അവർക്ക് ഇല്ല എന്നാണ് കിട്ടിയ വിവരമെന്നും മുല്ലപ്പള്ളി പറഞ്ഞു. സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോണ്ഗ്രസ് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. ബാരിക്കേഡ് തള്ളി അകത്തു കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു. പ്രവർത്തകർ ചെറുത്തു നിന്നതോടെ ജലപീരങ്കിയും ഗ്രനേഡും കണ്ണീർ വാതകവും പൊലീസ് പ്രയോഗിച്ചു. 

സ്വർണകടത്തുകേസിൽ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്ത മന്ത്രി കെ ടി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊച്ചിയിൽ മഹിളാമോർച്ചയും എബിവിപിയും നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. കണയന്നൂർ താലൂക്ക് ഓഫിസിലേക്ക് നടത്തിയ മാർച്ച് മഹാരാജാസ് കോളേജിന് മുന്നിൽ പോലീസ് തടഞ്ഞു. പോലീസ് ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിച്ച പ്രവർത്തകരെ ജലപീരങ്കി പ്രയോഗിച്ചാണ് പോലീസ് നെരിട്ടത്‌. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തുനീക്കി. 

 

Follow Us:
Download App:
  • android
  • ios