Asianet News MalayalamAsianet News Malayalam

ബഫർ സോൺ പ്രശ്നം കേന്ദത്തിന്‍റെ കോർട്ടിലേക്കിട്ട് പ്രമേയം; സർക്കാർ നിലപാടിൽ വൈരുദ്ധ്യമെന്ന് പ്രതിപക്ഷം

ജനവാസ മേഖലയടക്കം ഒരു കിലോമീറ്റർ ബഫർ സോണാക്കണമെന്ന മന്ത്രിസഭാ യോഗ തീരുമാനം പ്രമേയത്തിന് തിരിച്ചടിയാകില്ലേ എന്ന് പ്രതിപക്ഷം. മന്ത്രിസഭായോഗ തീരുമാനം റദ്ദാക്കണമെന്ന് ആവശ്യം.

opposition criticise kerala government stand on buffer zone verdict
Author
Thiruvananthapuram, First Published Jul 7, 2022, 4:20 PM IST

തിരുവന്തപുരം: സംരക്ഷിത വനമേഖലയുടെ ചുറ്റുമുള്ള ഒരു കിലോമീറ്റർ ബഫർ സോൺ ആയി പ്രഖ്യാപിച്ച സുപ്രീംകോടതി വിധിയിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് കേരളം. നിയമ നടപടി വേണമെന്നും ആവശ്യമെങ്കിൽ നിയമ നിർമ്മാണം നടത്തണമെന്നും ആവശ്യപ്പെട്ട് നിയമസഭയിൽ പ്രമേയം പാസാക്കി. ഭൂ വിസ്തൃതി വളരെ കുറഞ്ഞ പ്രദേശമാണ് കേരളം. 30 ശതമാനം വനമേഖലയ‌ാണ്. 40 ശതമാനത്തോളം പരിസ്ഥിതി പ്രാധാന്യമുള്ള മറ്റ് പ്രദേശങ്ങളുമുണ്ട്. വന മേഖലക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ ബഫർ സോണാക്കിയാൽ കേരളത്തിൽ വലിയ പ്രത്യാഘാതം ഉണ്ടാകും. ജന ജീവിതം ദുസ്സഹമാകും. അതുകൊണ്ട് ജനവാസ കേന്ദ്രങ്ങളെ പരിധിയിൾ നിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം. 

സുപ്രീംകോടതി ബഫർ സോൺ ഉത്തരവ് നടപ്പാക്കുമ്പോൾ ജനവാസ മേഖലയെ ഒഴിവാക്ക‌ാൻ കേന്ദ്രസർക്കാർ നിയമനിർമ്മാണത്തിന് തയ്യാറാകണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാർ  നിയമസഭയിൽ പ്രമേയം കൊണ്ടുവന്നത്. വനം മന്ത്രി എകെ ശശീന്ദൻ അവതരിപ്പിച്ച പ്രമേയം സഭ പാസാക്കി. വിധി കേരളത്തിന് വലിയ തിരിച്ചടിയാണ്. അതുകൊണ്ട് തന്നെ നിയമസഹായം നൽകാനും ആവശ്യമെങ്കിൽനിയമ നിർമ്മാണത്തിന് കേന്ദ്രസർക്കാർ തയ്യാറാകണമെന്നും ആണ് പ്രമേയത്തിന്റെ ഉള്ളടക്കം. ജനവാസ മേഖലയടക്കം ഒരു കിലോമീറ്റർ ബഫർ സോണാക്കണമെന്ന മന്ത്രിസഭാ യോഗ തീരുമാനം പ്രമേയത്തിന് തിരിച്ചടിയാകില്ലേ എന്ന് പ്രതിപക്ഷം ആശങ്ക പ്രകടിപ്പിച്ചു. 

31/10/2019 ലെ മന്ത്രിസഭായോഗ തീരുമാനം റദ്ദാക്കാൻ നടപടി വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതനുസരിച്ച് വനമേഖലയോട് ചേർന്ന് പൂജ്യം മുതൽ ഒരു കിലോമീറ്റർ വരെയുള്ള പ്രദേശം സംരക്ഷിത മേഖലയാണ്. സുപ്രീംകോടതി വിധിക്കെതിരായ നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുമ്പോൾ ഈ തീരുമാനം ചോദ്യം ചെയ്യപ്പെടും. മന്ത്രിസഭാ യോഗ തീരുമാനം റദ്ദാക്കാനോ തിരുത്താനോ തയ്യാറാകണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. 

Read More : 'കേരളത്തെ ഒഴിവാക്കണം, കേന്ദ്രം നിയമം കൊണ്ട് വരണം', ബഫ‍ര്‍ സോണിൽ സഭയിൽ പ്രമേയമവതരിപ്പിക്കാൻ സ‍ര്‍ക്കാര്‍

എന്നാൽ  പ്രതിപക്ഷ ആവശ്യം മന്ത്രി തള്ളി.  തീരുമാനം റദ്ദാക്കേണ്ട ആവശ്യമില്ലെന്നും  എംപവേർഡ് കമ്മിറ്റിക്കു മുന്നിൽ കേരളം നിലപാട് വ്യക്തമാക്കുമെന്നും  മന്ത്രി വിശദീകരിച്ചു. ജൂൺ മൂന്നിന് വിധി വന്ന ശേഷം ബഫർസോൺ വിഷയത്തിൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ സർക്കാർ ഒന്നും ചെയ്തില്ലെന്ന ആക്ഷേപം നിലനിൽക്കെയാണ്  കേന്ദ്ര നടപടി ആവശ്യപ്പെട്ട് സര്‍ക്കാര്‍ നിയമസഭയില്‍ പ്രമേയം പാസാക്കിയത്.

Read More : ബഫര്‍സോണ്‍;'പഴയ കാര്യങ്ങൾ പറഞ്ഞ് വിഷയം ചിലർ സങ്കീർണ്ണമാക്കുന്നു. ഇത് ദൗർഭാഗ്യകരം'.മന്ത്രി എ കെ ശശീന്ദ്രന്‍

Follow Us:
Download App:
  • android
  • ios