കോടതി വിധി വരും മുൻപേ തന്നെ കർഷകർക്ക് വേണ്ടി കേരളം പരിഗണിച്ച വിഷയമാണ്.കാലതാമസമോ അപാകമോ ഉണ്ടായിട്ടില്ല. സുപ്രീം കോടതിയിൽ തിരുത്തൽ അപേക്ഷ നൽകും.
കോഴിക്കോട്: ബഫര്‍സോണ്‍ വിവാദത്തില്‍ നിലപാട് ആവര്‍ത്തിച്ച് മന്ത്രി എ കെ ശശീന്ദ്രന്‍.'കർഷക സമൂഹത്തിന്‍റെ ഇടയിൽ മനപൂർവ്വം ആശങ്ക ഉണ്ടാക്കാൻ ചില ശ്രമങ്ങൾ നടക്കുന്നു. സുപ്രീം കോടതി ഉത്തരവ് സംസ്ഥാനങ്ങളുടെ നിലപാട് കേൾക്കാതെയാണ്. കോടതിക്ക് അറിയാം ഇതിൽ തന്നെ ബുദ്ധിമുട്ട് ഉണ്ട്. അതിനാൽ സംസ്ഥാനങ്ങൾക്ക് പ്രശ്ന പരിഹാരത്തിന് ഒരു അവസരം കോടതി തുറന്ന് തന്നിട്ടുണ്ട്.
ഈ വഴിയിലൂടെ പോയി പ്രശ്നം പരിഹരിക്കും. അല്ലാതെ പഴയ കാര്യങ്ങൾ പറഞ്ഞ് വിഷയം ചിലർ സങ്കീർണ്ണമാകുന്നു. ഇത് ദൗർഭാഗ്യകരം..പരാതിക്കാർക്ക് എംപവർ കമ്മിറ്റിയെ സമീപിക്കാം.കോടതി വിധി വരും മുൻപേ തന്നെ കർഷകർക്ക് വേണ്ടി കേരളം പരിഗണിച്ച വിഷയമാണിത്. കാലതാമസമോ അപാകമോ ഉണ്ടായിട്ടില്ല. സുപ്രീം കോടതിയിൽ തിരുത്തൽ അപേക്ഷ നൽകും'. 12 ന് കോടതി തുറക്കുന്നതോടെ അപേക്ഷ നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

ബഫര്‍ സോണിൽ കേരളം കുടുങ്ങിയത് പിണറായി സര്‍ക്കാരിൻ്റെ കെടുകാര്യസ്ഥത കാരണമെന്ന് വിഡി സതീശൻ
ബഫര്‍ സോണ്‍ വിഷയത്തിൽ സംസ്ഥാന സര്‍ക്കാരിന് ഗുരുതര വീഴ്ച സംഭവിച്ചതായി പ്രതിപക്ഷനേതാവ് വിഡി സതീശൻ. ബഫര്‍ സോണിൽ എൽഡിഎഫ് സർക്കാരിൻറെ ഭാഗത്ത് നിന്ന് കെടുകാര്യസ്ഥത ഉണ്ടായെന്നും ഇതോടൊപ്പം വനംവകുപ്പിൻ്റെ അശ്രദ്ധയും കൂടി ചേര്‍ന്നപ്പോൾ ആണ് ബഫര്‍ സോണ്‍ കേരളത്തിന് മുകളിൽ ഇടിത്തീയായി വീണതെന്നും സതീശൻ പറഞ്ഞു.
പ്രതിപക്ഷനേതാവിൻ്റെ വാക്കുകൾ -
ബഫർ സോൺ വിഷയം ജനവാസ കേന്ദ്രങ്ങളെ ദോഷകരമായി ബാധിക്കുന്നതാണ്. ജനവാസ കേന്ദ്രങ്ങളെ ബഫര്‍ സോണിൽ നിന്നും പൂർണമായി ഒഴിവാക്കണം എന്നായിരുന്നു 2013 -ലെ യുഡിഎഫ് സർക്കാരിൻ്റെ നിലപാട്. എന്നാൽ 2019-ൽ യുഡിഎഫ് തീരുമാനത്തിന് വിരുദ്ധമായി മന്ത്രിസഭാ തീരുമാനമെടുത്തു. അത് കേന്ദ്രത്തിന് അയച്ച് കൊടുക്കുകയും ചെയ്തു. ഈ നിലപാട് കൂടിയാണ് സുപ്രീംകോടതിയിലേക്ക് പോയതും ഇപ്പോൾ ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ എന്ന ഇടിത്തീയായി വന്നിരിക്കുകയും ചെയ്തിരിക്കുന്നത്.
ബഫര്‍ സോണ്‍ വിഷയത്തിൽ പിണറായി സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണ്. ഇക്കാര്യത്തിൽ ഹര്‍ത്താൽ നടത്തി ജനങ്ങളെ കബളിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഗുരുതരമായ പല വീഴ്ചകളും ബഫര്‍ സോണ്‍ വിഷയത്തിൽ സര്‍ക്കാരിൽ നിന്നുണ്ടായി. സുപ്രീംകോടതിയിൽ നിന്നും ചോദിച്ചു വാങ്ങിയ വിധിയാണിത്. ഒരു കിലോമീറ്റർ ബഫർ സോണാക്കി തരണം എന്ന് ഫലത്തിൽ കേരളസര്‍ക്കാര്‍ അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. എൽഡിഎഫ് സർക്കാരിൻറെ ഭാഗത്ത് നിന്ന് കെടുകാര്യസ്ഥതയാണ് ഇക്കാര്യത്തിൽ ഉണ്ടായത്. വനംവകുപ്പിന് ഇക്കാര്യത്തിൽ ഒരു ശ്രദ്ധയുമുണ്ടായില്ല. ബഫര്‍സോണിൽ പ്രതിപക്ഷം സമരത്തിൽ നിന്നും പിന്നോട്ട് പോകില്ല.
ബഫര്‍ സോണ്‍: കർഷകരുടെ ആശങ്കകൾ പരിഹരിക്കുവാൻ മുഖ്യമന്ത്രി മുന്‍കൈ എടുക്കണം: കർദ്ദിനാൾ ക്ലീമിസ് ബാവ
