നാം ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. രോഗത്തിന്‍റെ കാഠിന്യം മനസ്സിലാക്കി എല്ലാവരും ഒന്നിച്ചു നില്‍ക്കണം. ഇക്കാര്യത്തില്‍ പ്രതിപക്ഷം സര്‍ക്കാരിനോട് പൂര്‍ണമായും സഹകരിക്കും. നമ്മുക്ക് ഒറ്റക്കെട്ടായി മുന്നോട് പോകാം - പ്രതിപക്ഷനേതാവ്
കൊച്ചി: സംസ്ഥാനത്ത് വീണ്ടും നിപബാധ സംശയിക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചറെ കണ്ടു ചര്‍ച്ച നടത്തി. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച ചെന്നിത്തല സമൂഹമാധ്യമങ്ങളിലൂടെ നിപ വൈറസ് സംബന്ധിച്ച തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചു. സമൂഹമാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയില്‍ വാര്‍ത്തകള്‍ വരുന്നതിലെ ആശങ്ക ആരോഗ്യമന്ത്രി പങ്കുവച്ചെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. യുഡിഎഫ് എംഎല്‍എമാര്‍ക്കൊപ്പമാണ് പ്രതിപക്ഷനേതാവ് ആരോഗ്യമന്ത്രിയെ കണ്ടത്. ആരോഗ്യസെക്രട്ടറിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
നാം ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. രോഗത്തിന്‍റെ കാഠിന്യം മനസ്സിലാക്കി എല്ലാവരും ജാഗ്രത പാലിക്കണം. ഇക്കാര്യത്തില്‍ പ്രതിപക്ഷം സര്‍ക്കാരിനോട് പൂര്‍ണമായും സഹകരിക്കും. നമ്മുക്ക് ഒറ്റക്കെട്ടായി മുന്നോട് പോകാം. എല്ലാ ജില്ലകളിലും അവബോധ പ്രവര്‍ത്തനം നടത്താമെന്ന് ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്..
സമൂഹമാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന വാര്‍ത്തകള്‍ വരുന്നതില്‍ മന്ത്രിയും ആശങ്ക അറിയിച്ചു ഇതിനോട് ഞങ്ങളും യോജിക്കുന്നു. എല്ലാവരും കൂട്ടായി ചേര്‍ന്ന് രോഗത്തെ തടയാനാണ് ശ്രമിക്കേണ്ടത്. നിപയുടെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു കഴിഞ്ഞതായി ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്.
നിപയെ പ്രതിരോധിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. നിപ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്താന്‍ വേണ്ട പരിശോധനകള്‍ ഇവിടെ നടത്താമെങ്കിലും അത് സ്ഥിരീകരിക്കേണ്ടത് പൂണെയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് തന്നെയാണെന്നും അവരാണ് ഇതിലെ അവസാനവാക്കെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
നിപ ബാധയെ നാം നിസാരവത്കരിക്കരുത്. ജാഗ്രതയോടെ പെരുമാറണം. പൂണെ വൈറോളജി ലാബില്‍ നിന്നുള്ള റിപ്പോര്‍ട്ട് ആരോഗ്യമന്ത്രിയുടെ കൈയില്‍ കിട്ടിയിട്ടുണ്ടെന്നും അതിന്‍റെ വിശദാംശങ്ങള്‍ മന്ത്രി തന്നെ അറിയിക്കുമെന്നും ചെന്നിത്തല അറിയിച്ചു.
